Saturday, 6 August 2016

കാര്യം നിസ്സാരം; പ്രശ്നം ഗുരുതരം....

മലയാളം ഉണ്ടായ കാലം മുതല്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഒരു പഴഞ്ചൊല്ലാണിത് എന്ന്‍ തോന്നുന്നു. നമ്മുടെ ചുറ്റും നടക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ ഈ പഴഞ്ചൊല്ല് എത്ര  ശരിയാണ് എന്ന്‍ തോന്നി പോകുന്നു. ഇതേ പേരില്‍ പണ്ട് ഒരു ഹിറ്റ്‌ സിനിമയും ഇറങ്ങിയിട്ടുണ്ട്.

ഒരു സിഗരറ്റിന്‍റെ പേരില്‍ കൊല നടന്നു, അഞ്ചു രൂപ ബാക്കി കൊടുക്കുന്നതിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടയടിയിലും കൊലപാതകത്തിലും കലാശിച്ചു എന്നും മറ്റും പത്രത്തില്‍ സ്ഥിരമായി കാണുന്ന വാര്‍ത്തകളാണ്.

ഈയിടെ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ പറയട്ടെ.


തൃശൂര്‍ K.S.R.T.C. സ്റ്റാന്‍ഡില്‍ നിന്നും  തിരിച്ചു വന്ന പാടേ ബാബു പാപ്പന്‍. പറഞ്ഞ ഒരു സംഭവമാണ് ഇത്. പുതിയതായി തുടങ്ങിയ K.S.R.T.C. കൊറിയര്‍ സര്‍വീസിന്‍റെ  പ്രധാന ഗുണഭോക്താവാണ് ഞങ്ങള്‍. കടയിലെ പല സാധനങ്ങളും അയക്കുന്നതും സ്വീകരിക്കുന്നതും ഇപ്പോള്‍ ഇത് വഴിയാണ്. കൂടിയ വേഗം, കുറഞ്ഞ ചെലവ്. ഇതാണ് പ്രധാന ഗുണം. അങ്ങനെ ഒരു പാര്‍സല്‍ വാങ്ങാന്‍ പോയി വന്നതാണ് പാപ്പന്‍. അപ്പോഴാണ്‌ സ്റ്റാന്‍ഡില്‍ നടന്ന ഒരു സംഭവം പാപ്പന്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് നിന്നോ മറ്റോ വന്ന ഒരു സൂപ്പര്‍ ഫാസ്റ്റ് ബസാണ് പ്രശ്ന വേദി. ആമ്പല്ലൂരില്‍ നിന്നും ഒരാള്‍ ആ ബസില്‍ കയറി. സംഗതി സൂപ്പര്‍ ഫാസ്റ്റ് ആയതു കൊണ്ട് ചാര്‍ജും സ്വല്പം സൂപ്പര്‍ തന്നെ. പതിനെട്ട് രൂപ. എന്നാല്‍ കയറിയ കക്ഷിയുടെ കയ്യില്‍ അത്രയും രൂപ ചില്ലറയായില്ലായിരുന്നു. പിന്നെ ഉള്ളത് ഒരു അഞ്ഞൂറിന്‍റെ നോട്ട്. അത് കണ്ടക്ടര്‍ക്ക് നീട്ടിയതും ബസില്‍ കേള്‍ക്കുന്ന പതിവ് പല്ലവി തന്നെ കണ്ടക്ടര്‍ മൊഴിഞ്ഞു. "ചില്ലറയില്ല". തന്‍റെ കയ്യിലും ചില്ലറയില്ല എന്ന്‍ യാത്രക്കാരനും പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ഡില്‍ ചെന്നിട്ട് ചില്ലറയാക്കി  തരാം എന്ന്‍ പറഞ്ഞ് പ്രശ്നത്തിന് ഒരു താത്കാലിക പരിഹാരം കണ്ടു.

എന്നാല്‍ സ്റ്റാന്‍ഡില്‍ എത്തിയതോടെ നിസ്സാര കാര്യം ഗുരുതര  പ്രശ്നമാകാന്‍ തുടങ്ങി. താന്‍ പോയി ചില്ലറ കൊണ്ട് വാ, എന്നാല്‍ അഞ്ഞൂറ് തിരിച്ചു തരാം എന്ന്‍ കണ്ടക്ടര്‍. തന്‍റെ കയ്യില്‍ വേറെ പണം ഇല്ല എന്നും ആ അഞ്ഞൂറ് തന്നാല്‍ ഏതെങ്കിലും കടയില്‍ പോയി വല്ലതും വാങ്ങി ചില്ലറയാക്കി കൊണ്ട് തരാം എന്ന്‍ യാത്രക്കാരന്‍. അഞ്ഞൂറും വാങ്ങി താന്‍ അങ്ങ് പോയാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും എന്നായി അപ്പോള്‍ കണ്ടക്ടര്‍. അങ്ങനെ പറ്റിച്ച് നടക്കുന്നവനല്ല താനെന്നും അങ്ങനെ പറ്റിച്ചിട്ട് വേണ്ട തനിക്ക്  ജീവിക്കാന്‍ എന്ന് യാത്രക്കാരനും. അവിടെ പിന്നെ കുടുംബ മഹിമയും, തൊഴില്‍ മഹിമയും, തട്ടിപ്പ് ചരിത്രങ്ങളും മറ്റും മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി ആരുടേയും ക്ഷണമില്ലാതെ കയറി വന്നു. കാര്യം പിന്നീട് ചെറിയ കയ്യാങ്കളിയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പന്തിക്കേട്‌ മണത്ത കണ്ടക്ടര്‍ വേഗം ബസ്‌ തൊഴിലാളികളുടെ സ്വന്തം ഓഫീസ് മുറിയില്‍ അഭയം തേടി. പുറമേ നിന്നുള്ളവര്‍ അകത്ത് കയറരുത് എന്ന്‍ കര്‍ശന ഭാഷയില്‍ പറഞ്ഞു കൊണ്ട് മറ്റ് തൊഴിലാളികളും ഒപ്പം കൂടി യാത്രക്കാരനെ വിരട്ടി. യാത്രക്കാരന്‍റെ പക്ഷം പിടിച്ച് ഏതാനും യാത്രക്കാരും. ഇതെല്ലാം കണ്ടും മൊബൈലില്‍ പകര്‍ത്തിയും പൊതു ജനം എന്ന മറ്റൊരു വിഭാഗം കൂടിഅവിടെ തടിച്ചുകൂടി. അവയില്‍ ചില വിരുതന്മാര്‍ എരിതീയില്‍ എണ്ണ എന്ന മട്ടില്‍ കുറെ ഡയലോഗുകളും. പോരേ പൂരം.!!!

അപ്പോഴേക്കും പാഞ്ഞെത്തി രണ്ടു പോലിസുക്കാര്‍. രംഗം ശാന്തമാക്കാന്‍ അവിടെ കൂടി നിന്ന പൊതു ജനത്തെ സ്ഥലത്ത് നിന്നും മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിന്നു. എന്നാല്‍ എത്രത്തോളം അവര്‍ അതിന് ശ്രമിച്ചോ, അതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ അങ്ങോട്ട്‌ തള്ളി കയറി കൊണ്ടിരുന്നു.

അപ്പോഴായിരുന്നു നമ്മുടെ കഥാ നായകന്‍ കോണ്‍സ്റ്റബിളിന്‍റെ രംഗ പ്രവേശം.

അയാള്‍ നേരിട്ട് ഓഫീസ് റൂമില്‍ കയറി എന്താ പ്രശ്നം എന്ന്‍ ആരാഞ്ഞു. കണ്ടക്ടറും യാത്രക്കാരനും അവരവരുടെ ഭാഗങ്ങള്‍ ചുരുക്കി പറഞ്ഞു. എന്നാല്‍ ആ ചുരുക്കത്തിനിടയിലും പരസ്പരം ചാരുന്ന പഴികള്‍ക്ക് ഒരു ചുരുക്കവും ഉണ്ടായിരുന്നില്ല.

ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ട് കഴിഞ്ഞ കോണ്‍സ്റ്റബിള്‍ പോക്കറ്റില്‍ നിന്നും ഇരുപതിന്‍റെ ഒരു നോട്ട് എടുത്ത് കണ്ടക്ടര്‍ക്ക് കൊടുത്തു. പതിനെട്ട് കിഴിച്ച് ബാക്കി രണ്ട് രൂപയും പിന്നെ യാത്രക്കാരന്‍ കൊടുത്ത അഞ്ഞൂറ് രൂപയും കണ്ടക്ടറില്‍ നിന്നും തിരികെ വാങ്ങി. നിങ്ങളുടെ പ്രശ്നം തീര്‍ന്നല്ലോ, ഇനി നിങ്ങള്‍ നിങ്ങളുടെ വഴിക്ക്  പോകൂ എന്ന് കണ്ടക്ടറോട് അദ്ദേഹം പറഞ്ഞത് അനുസരിച്ച് കണ്ടക്ടര്‍ തന്‍റെ വഴിക്ക് പോയി. യാത്രക്കാരനെ വാത്സല്യ പൂര്‍വ്വം വിളിച്ച് തോളില്‍ കയ്യിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു. അഞ്ഞൂറ് രൂപ അയാളുടെ കയ്യില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു, "ഇത് കൊണ്ട് പോയി ഏതെങ്കിലും കടയില്‍ നിന്ന് ചെയിഞ്ച് ആക്കി കൊണ്ട് വന്ന്‍ എന്‍റെ ഇരുപത് രൂപ തന്നു കൊള്ളൂ. ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും. ഇനി അഥവാ അത് താന്‍ കൊണ്ട് തരാതെ അങ്ങ് പോയാലും എനിക്ക് ഒരു ചുക്കും ഇല്ല. തന്നെ അന്വേഷിച്ച് വന്ന്‍ പിടിക്കാന്‍ ഒന്നും ഞാന്‍ വരില്ല. വെറും ഒരു ചായയും കടിയും വാങ്ങുന്ന കാശല്ലേ ഉള്ളൂ" അങ്ങനെ ആ പ്രശ്നവും തീര്‍ന്നു.

ആ യാത്രക്കാരന്‍ പോലീസുക്കാരന്‍റെ കടം തീര്‍ത്തത് നേരിട്ട് കണ്ടില്ലെങ്കിലും അത് കൊടുത്ത് തീര്‍ത്ത്‌ അതീവ കൃതജ്ഞതയോടെ ആ കരങ്ങള്‍ ഗ്രഹിച്ച് നന്ദി പ്രകടിപ്പിച്ചിട്ടായിരിക്കും ആ യാത്രക്കാരന്‍ പോയിട്ടുണ്ടാകുക എന്ന കാര്യത്തില്‍ പാപ്പന് ഒട്ടും സംശയമേതും  ഉണ്ടായിരുന്നില്ല.

പിറ്റേന്നത്തെ പത്രത്തില്‍ മറ്റൊരു ദുരന്ത കഥ വായിക്കേണ്ടി വരില്ലല്ലോ എന്നും വാട്സ്ആപ്പില്‍ ഒരു കൊലപാതകം ലൈവ് ആയി കാണേണ്ടി വരില്ലല്ലോ എന്നും ആശ്വസിച്ച് കൊണ്ട് തനിക്ക് എടുക്കാനുള്ള കൊറിയര്‍ എടുത്ത് പാപ്പന്‍ തിരികെ വന്നു. 

അല്ലാ പിന്നേ, ഒന്ന്‍ ഓര്‍ത്താല്‍ നമുക്ക് ചുറ്റും ഉള്ള പ്രശ്നങ്ങളില്‍ ഭൂരിഭാഗവും ഇത്തരം കുഞ്ഞു പ്രശ്നങ്ങള്‍ അല്ലേ? അത് എന്തിനാ ഇങ്ങനെ നിസ്സാര കാര്യങ്ങള്‍ ഗുരുതര പ്രശ്നമാക്കുന്നത് എന്ന്‍ എപ്പോഴെങ്കിലും ഒന്ന്‍ ഇരുന്ന് നമ്മള്‍ ആലോചിച്ചിരുന്നെങ്കില്‍ എത്രയോ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു.... അല്ലേ?

Thursday, 2 June 2016

അച്ഛന്‍ നല്ല കുട്ടിയാണോ?


തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തില്‍ ഐതിഹ്യ പ്രകാരം ഭഗവാന്‍ ശ്രീ രാമന്റെര മുന്നിലെ നമസ്കാര മണ്ഡപത്തില്‍ ശ്രീ ഹനുമാന്റെ  സാന്നിധ്യം ഉണ്ട്. അതിനാല്‍ അവിടം വളരെ ശുദ്ധിയായി സൂക്ഷിക്കും. എപ്പോഴും ഒരു വിളക്ക് അവിടെ കത്തിച്ചു വച്ചിട്ടുണ്ടാകും. 

ഒരിക്കല്‍ അമ്പാടിയെ കൊണ്ട് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയതായിരുന്നു ഞാന്‍. മണ്ഡപത്തിലേക്ക് ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു, “അമ്പാടി, ഈ മണ്ഡപത്തില്‍ ഹനുമാന് ഉണ്ട്”. 

അമ്പാടി സൂക്ഷിച്ചു നോക്കി. “ഇല്ലല്ലോ അച്ഛാ, ഞാന്‍ ആരെയും കാണുന്നില്ല.”

ഞാന്‍ പറഞ്ഞു, “അങ്ങനെ ഇങ്ങനെ നോക്കിയാല്‍ ഒന്നും കാണില്ല. കുറുമ്പ് ഒന്നും കാട്ടാതെ നല്ല കുട്ടിയായി ചീത്ത ശീലങ്ങള്‍ ഒന്നും ഇല്ലാത്തവര്ക്ക്  മാത്രമേ ഹനുമാനെ കാണാന്‍ പറ്റൂ”

ഉടനെയായിരുന്നു അമ്പാടിയുടെ ചോദ്യം, “അച്ഛാ, അച്ഛന് കാണാന്‍ പറ്റുന്നുണ്ടോ ഹനുമാനെ?

Monday, 7 March 2016

ചിരിമണിയുടെ മരണമണി മുഴങ്ങിയോ?
മണിയേ...  മണി  എത്രയായി എന്ന്‍ ചോദിച്ച് നമ്മളെ ചിരിപ്പിച്ച  ഈ  അതുല്യ മനുഷ്യന് പക്ഷെ തിരികെ പോകാനുള്ള മണി ഇത്ര വേഗം അടിക്കും എന്ന് ആരും വിചാരിച്ചുകാണില്ല...

അതേ, ഇനിയും അംഗീകരിക്കാന്‍ ആകാത്ത ആ സത്യം... ങ്ങ്യാ ഹ! ഹ!! ഹ!!!  എന്ന ആ പൊട്ടിച്ചിരി ഇനി നമ്മുടെ കൂടെ ഇല്ല.

വര്‍ഷങ്ങള്‍ക്ക്  മുന്‍പ് ദൂരദര്‍ശന്‍ മാത്രം കിട്ടിയിരുന്ന കാലത്ത് ഇറങ്ങിയ ഒരു കോമഡി സീരിയല്‍ കണ്ടത് ഞാന്‍  ഓര്‍ക്കുന്നു. അന്ന് ടൈറ്റിലില്‍ തെളിഞ്ഞ ചില പേരുകള്‍ ഉണ്ട്. അതില്‍ ഒന്ന്‍ എന്ത് കൊണ്ടോ മനസ്സില്‍ ഉടക്കി. ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖങ്ങള്‍ എന്ന് പറഞ്ഞ് എഴുതി കാണിച്ച ചില പേരുകളില്‍ ഒന്ന്. "കലാഭവന്‍ മണി".

ആ സീരിയലിന്റെ പേരും കഥയും ഞാന്‍ പക്ഷെ ഓര്‍ക്കുന്നില്ല. എന്നാല്‍ മണിയുടെ ചില പ്രകടനങ്ങള്‍ മറക്കാന്‍ വയ്യ. എന്തൊക്കെയോ ഗുലുമാലുകള്‍ ഒപ്പിച്ച് ഒരു പണക്കാരന്റെ വീട്ടില്‍, പാചകത്തിന്റെ എട്ടും പൊട്ടും തിരിയാത്ത മണി, ഒരു പാചകക്കാരനായി കയറി പറ്റുന്നു. മുതലാളി ഉണ്ടാക്കാന്‍  പറയുന്ന ഭക്ഷണങ്ങള്‍ സൂത്രത്തില്‍ ഹോട്ടലില്‍ നിന്ന് വാങ്ങി കൊണ്ട് വന്ന്‍ മുതലാളിക്ക് വിളമ്പുന്നു. തലയില്‍ നീളന്‍ തൊപ്പിയും, കയ്യില്‍ ചട്ടുകവും പിടിച്ച് കൊണ്ട് ചില പ്രത്യേക മുഖ ഭാവങ്ങള്‍ വിരിയിച്ച് കൊണ്ടുള്ള മണിയുടെ പ്രകടനം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

ചിരി ആയുസ്സ് കൂട്ടും എന്ന്‍ പറയുന്നു. മലയാളികളുടെ ആയുസ്സ് നല്ല പോലെ കൂട്ടി കൊടുത്ത്, ആയുസ്സെത്താതെ മണി പോയല്ലോ എന്ന്‍ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍. കാലം ആ വേദന മായ്കും എന്ന്‍ പ്രതീക്ഷിക്കുന്നു.

Sunday, 14 February 2016

വിട!!! മഹാനുഭാവോ...
"ഒരു വട്ടം കൂടിയാ..................."

അതേ, അറിയാതെ  ആഗ്രഹിച്ചു  പോകുന്നു,

ഒരു വട്ടം കൂടി ആ പേന തുമ്പില്‍ നിന്നും ഒരു തുള്ളി മഷി കൂടി ഒരു വെള്ള കടലാസിലേക്ക്  പകര്‍ന്നിരുന്നെങ്കില്‍!!!

"വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും 
വെറുതേ മോഹിക്കുവാന്‍ മോഹം"

Thursday, 1 October 2015

ഓണപൂക്കള്‍ കൊഴിഞ്ഞപ്പോള്‍"ഈ കൂതറ പിള്ളേരെ കൊണ്ട് ഇനി എങ്ങോട്ടും പോണില്ല. മതിയായി."

അല്ലെങ്കിലും വീട്ടിലെ ചെറുതുങ്ങളെയും മക്കളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയാല്‍ ഞാന്‍ മിക്കവാറും ഈ ഡയലോഗ് അടിച്ചു കൊണ്ടായിരിക്കും വീട്ടിലേക്ക് തിരിച്ചു കയറുന്നത്. അത് കൊണ്ട് തന്നെ ആരും മൈന്‍ഡ് ചെയ്തില്ല.

പുലി കളി കണ്ട് വന്ന വിശേഷമാണ് പറഞ്ഞത്.

ആകെ  കൂടി  വല്ലാത്ത ക്ഷീണം. ഐസ് ക്രീമും, കപ്പലണ്ടിയും, അല്‍പ സ്വല്‍പം കളിപ്പാട്ടങ്ങളും മറ്റും പോക്കറ്റിന്‍റെ  കനം നന്നായി കുറച്ചത് കൊണ്ട് അത്രയും ഭാരം കുറച്ച് ചുമക്കേണ്ടി വന്നത് ഒരു ആശ്വാസം.

ഒട്ടൊന്നു വൈകി വീട്ടിലേക്ക് തിരിച്ചു കയറിയപ്പോള്‍ കാണുന്നത് മുറ്റത്ത് പ്രതിഷ്ടിച്ച തൃക്കാക്കരയപ്പനെ എടുത്തു മാറ്റുന്ന അമ്മ !!!!

ഓ! അപ്പൊ ഓണം കഴിഞ്ഞല്ലേ... ഉള്ളില്‍ ഒരു ചെറിയ വിഷമം.

ഓര്‍മ്മച്ചെപ്പില്‍ നിന്നും ഒരു മങ്ങിയ കാഴ്ച എന്നില്‍ അപ്പോള്‍ എങ്ങിനെയോ കയറി വന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1989 - ല്‍ : ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്. ഞാന്‍ വല്യച്ഛന്‍ എന്ന്‍ വിളിക്കുന്ന എന്‍റെ അച്ചാച്ഛന്‍ (അമ്മയുടെ അച്ഛന്‍) കാന്‍സര്‍ വന്ന് കിടപ്പിലായിരുന്നു. ശരീരം അനക്കാനാവാതെ കിടന്ന കിടപ്പില്‍ കിടന്നിരുന്നു അദ്ദേഹം.

അതൊരു ഓണക്കാലം. ആവേശത്തോടെ, സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും ഓണത്തപ്പനെ വരവേറ്റു. മുറ്റത്ത് പൂക്കളവും തൃക്കാക്കയപ്പനും കൊച്ചു സദ്യയുമായി ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഒടുവില്‍ പുലിക്കളിയും കഴിഞ്ഞ് രാത്രിയായി.

ഇറയത്ത്‌ വച്ചിരുന്ന തൃക്കാക്കരയപ്പനെ എടുത്ത് മാറ്റാന്‍ വന്ന അമ്മ. അപ്പോള്‍ വല്യച്ഛന്‍ പറഞ്ഞു, "കുറച്ച് കഴിഞ്ഞ് എടുക്കാം മോളേ." അമ്മ തിരിച്ചു പോയി. വല്യച്ഛന്‍  തൃക്കാക്കരയപ്പനെ നോക്കി കിടന്നു. എന്‍റെ അന്നത്തെ  പ്രായത്തില്‍ ആ നോട്ടത്തിന്‍റെ ആഴം ശരിക്ക് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ, എന്തോ എനിക്ക് ഒരു വല്ലായ്ക തോന്നിയിരുന്നു. തൃക്കാക്കരയപ്പന്‍ തിരികെ പോകുന്നതില്‍ എനിക്കും വിഷമം ഉണ്ടായിരുന്നു. എനിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ പിന്നെയും വന്നു, "തൃക്കാക്കരയപ്പനെ എടുക്കട്ടെ അച്ഛാ?" അമ്മ വല്യച്ഛനോട്‌ ചോദിച്ചു.

"കുറച്ച് കൂടി കഴിയട്ടെ മോളേ" വല്യച്ഛന്‍ പിന്നെയും പറഞ്ഞു.

സത്യത്തില്‍  തൃക്കാക്കരയപ്പനെ എടുക്കുകയേ വേണ്ട എന്നാണ് എന്‍റെ മനസ്സില്‍.  എന്നാല്‍ ആരോടും ഒന്നും തുറന്ന് പറഞ്ഞില്ല.

"അച്ഛാ, സമയം പാതിരാത്രിയായി, ഇനി തൃക്കാക്കരയപ്പനെ എടുക്കാതെ എങ്ങനെയാ?" അമ്മ ചോദിച്ചു. വല്യച്ഛന്‍ മറുപടിയൊന്നും പറഞ്ഞില്ല.

തൃക്കാക്കരയപ്പനെ തൊഴുത് യാത്രയാക്കിയ ശേഷം ഇരുത്തിയിരുന്ന ഇലയോട് കൂടി തന്നെ തൃക്കാക്കരയപ്പനെ എടുത്ത് അമ്മ വേലിക്കും കിണറിന്‍റെ മറയുടേയും  ഇടയില്‍ കൊണ്ട് പോയി ഉപേക്ഷിച്ചു. എന്‍റെ ഉള്ളില്‍ എന്തെന്നില്ലാത്ത വേദന തോന്നി. മുറ്റത്ത് നിന്നും തിരിച്ചു കയറിയ അമ്മ ഉറങ്ങാതെ കണ്ണ് മിഴിച്ചു കിടക്കുന്ന എന്നെ കണ്ട്. "നീ ഇത് വരെ ഉറങ്ങിയില്ലേ?" മറുപടിയായി ഞാന്‍ എന്തോ പറഞ്ഞു എന്ന് തോന്നുന്നു.

"പണ്ട് ഞങ്ങള്‍ കുട്ടികള്‍ ആയിരിക്കേ അച്ഛന്‍ ഓണം കഴിഞ്ഞു എന്നും പറഞ്ഞ് തൃക്കാക്കരയപ്പനെ എടുക്കാന്‍ വരുമ്പോള്‍ കുറച്ച് കഴിഞ്ഞു മതി അച്ഛാ എന്ന് പറഞ്ഞ് ഞങ്ങള്‍ ചിനുങ്ങാരുണ്ടായിരുന്നു. ഇന്നിപ്പോള്‍ അച്ഛന്‍ ഞങ്ങളോട് അങ്ങനെ പറയാന്‍ തുടങ്ങിയിരിക്കുന്നു." പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരിക്കണം. തീര്‍ച്ച.

തന്‍റെ ജീവിതത്തില്‍ ഇനി ഒരു ഓണം ഉണ്ടാകില്ല എന്ന തിരിച്ചറിവാണോ വല്യച്ഛന്‍റെ ആ അപേക്ഷയുടെ പിന്നില്‍? ആയിരിക്കണം.

കൃത്യം ഒരു മാസം തികഞ്ഞപ്പോള്‍ അവസാനത്തെ ഓണവും ആഘോഷിച്ച്, മക്കളുടെ സ്നേഹപൂര്‍ണമായ പരിചരണവും ആസ്വദിച്ച് അദ്ദേഹം ഞങ്ങളെ വിട്ടു പോയി.

വര്‍ഷങ്ങള്‍ ഏറെ മുന്‍പുള്ള ഈ ഒളി മങ്ങിയ ഓര്‍മ്മ പെട്ടെന്ന് എങ്ങനെ മനസിലേക്ക് വന്നെത്തി? ആവോ? ഒരു പക്ഷെ അന്ത്യ നിമിഷങ്ങള്‍ കാത്ത് അനങ്ങാനാവാതെ ഇപ്പോള്‍ കട്ടിലില്‍ കിടക്കുന്ന ഞാന്‍ വല്യമ്മ എന്ന്‍ വിളിക്കുന്ന എന്‍റെ അമ്മൂമ്മയോ, തൃക്കാക്കരയപ്പനെ എടുത്ത് മാറ്റുന്ന അമ്മയോ. എന്തോ. അല്ലെങ്കിലും ഈ മനസ്സിന്‍റെ കാര്യം അങ്ങനെയാണല്ലോ. ഒരു എത്തും പിടിയും തരില്ല!!!

Wednesday, 2 September 2015

മലരേ..........ഓണാഘോഷത്തിന്‍റെ ആലസ്യത്തില്‍ കിടക്കുമ്പോള്‍ ഒരു പാട്ട് മൂളാന്‍ തോന്നി.

അപ്പോഴാണ്‌ എന്‍റെ ശ്രീമതി ചിന്നുവിന്‍റെ വരവ്. എന്നാല്‍ പിന്നെ അവളെ കുറിച്ച് തന്നെ ആകട്ടെ പാട്ട് എന്ന് തീരുമാനിച്ചു. ഒരു പാട്ടങ്ങ്ട് കാച്ചി.

"ചിന്നൂ നിന്നെ കാണാതിരുന്നാല്‍................"

"ഊം, മനസിലായി മനസിലായി...."

"എന്ത് മനസിലായി എന്നാ?"

"ചേട്ടന്‍ എന്താ പാടി വരുന്നേ എന്ന്"

"എന്താ നീ തന്നെ പാടൂ"

"അത് വേണോ ചേട്ടാ? നമ്മള്‍ രണ്ടാളും അറിഞ്ഞ സ്ഥിതിക്ക് ഇനിയും പാടണോ?"

"പാടൂ, ഇനി സംശയം വേണ്ടല്ലോ." ഞാന്‍ പറഞ്ഞു. ഒന്ന് കൂടെ പാടി, "ചിന്നൂ നിന്നെ കാണാതിരുന്നാല്‍............"

അവള്‍ അത് പൂരിപ്പിച്ചു, "എന്തൊരു സന്തോഷം, എന്തൊരു സമാധാനം"

ഹോ! ഇതിനെയാണോ ഭര്‍ത്താവിന്‍റെ മനസ്സറിയുന്ന ഭാര്യ എന്നൊക്കെ പറയുന്നത്!!!???

Tuesday, 11 August 2015

നമ്മുടെ "സ്വപ്ന മനുഷ്യന്‍" വിട വാങ്ങിയപ്പോള്‍അന്ന്, 27 ജൂലൈ വൈകീട്ടാണ് ചെറുതോണിയില്‍ നിന്നും തൃശൂര്‍ക്ക് ഞാന്‍ വണ്ടി കയറിയത്. പോയിട്ട് പിടിപ്പത് ജോലിയുണ്ട്. പാപ്പനും മേമയും കടയില്‍ കാത്തിരിക്കുന്നു. ഞാന്‍ ചെന്നിട്ട് വേണം ബാക്കി കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍. എല്ലാം മനസ്സില്‍ കണക്കു കൂട്ടി ബസില്‍ ഇരിക്കുമ്പോള്‍ ഒന്ന് മയങ്ങാന്‍ പോലും സാധിച്ചില്ല.

അതെ, "നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് എന്തോ, അതാണ്‌ സ്വപ്നം" നമ്മുടെ സ്വപ്ന മനുഷ്യന്‍ അബ്ദുല്‍ കലാം പറഞ്ഞത് എത്ര ശരി!!!

തൃശ്ശൂരില്‍ എത്തിയപ്പോള്‍ രാത്രി എട്ടര. വേഗം സെന്‍ട്രല്‍ സര്‍ജിക്കല്‍സിലേക്ക് വിട്ടു. ഹ്രസ്വമായ സംഭാഷണങ്ങള്‍ക്ക് ശേഷം ചില തീരുമാനങ്ങളുമായി തിരിച്ചിറങ്ങിയപ്പോള്‍ സമയം ഒമ്പതര. അപ്പോഴാണ്‌ പാപ്പന് ഒരു ഫോണ്‍ വന്നത്. പാപ്പന്‍ ആകെ ടെന്‍ഷന്‍ അടിച്ച പോലെയുണ്ട്. "മോളെ, വിഷമിക്കണ്ട. സാരമില്ല" എന്നൊക്കെ പറയുന്നുണ്ട്. അത് കേട്ടപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി.

"എന്ത് പറ്റി പാപ്പാ, ശ്രീക്കുട്ടി എന്താ പറഞ്ഞത്?" ഞാന്‍ ചോദിച്ചു. വിഷണ്ണനായി പാപ്പന്‍ പറഞ്ഞു, "നമ്മുടെ അബ്ദുല്‍ കലാം മരിച്ചു."

"എന്ത്!!!" വാര്‍ത്ത‍ വിശ്വസിക്കാനായില്ല. "ശ്രീക്കുട്ടി വിഷമം സഹിക്കാനാവാതെ വിളിച്ചതാ. നീയും ഒന്ന് അവളെ വിളിച്ചു സമാധാനിപ്പിക്കൂ" പാപ്പന്‍ പറഞ്ഞു.

ഞാന്‍ മൊബൈലില്‍ വാര്‍ത്തകള്‍ തിരഞ്ഞു. അതെ, കേട്ട വാര്‍ത്ത‍ ശരിയാണ്. നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, നമ്മുടെ അഭിമാനം വാനോളം എന്നല്ല, അതിനും അപ്പുറം ഉയര്‍ത്തി പിടിച്ച നമ്മുടെ സ്വന്തം പ്രസിഡന്റ്‌ ഇന്ന് നമ്മോടൊപ്പം ഇല്ല.

നീറുന്ന ഹൃദയവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു. അമ്പാടിയുടെ ഗുണ്ടായിസത്തിനു മുന്നില്‍ വീട്ടിലെ എല്ലാവരും കീഴടങ്ങി ടി വി യില്‍ കൊച്ചു ടി വി മാത്രം അരങ്ങു തകര്‍ക്കുമ്പോള്‍ ഈ വാര്‍ത്ത ആരും അറിഞ്ഞിരുന്നില്ല.

ഞാന്‍ ചെന്ന പാടേ പറഞ്ഞു, "അമ്മെ, നമ്മുടെ എ പി ജെ അബ്ദുല്‍ കലാം അന്തരിച്ചു" വേഗം ടി വി യുടെ റിമോട്ട് എടുത്ത് വാര്‍ത്താ ചാനല്‍ വച്ചു. തന്‍റെ പ്രിയപ്പെട്ട  കൊച്ചു ടിവി മാറ്റിയതും അമ്പാടിയുടെ ശബ്ദം ഉയര്‍ന്നു. "മിണ്ടാതിരിക്കൂ മോനെ" എല്ലാവരും അവനെ ശാസിച്ചു. വിഷമം സഹിക്കാതെ അവന്‍ മുഖം പൊത്തി തേങ്ങി  കരയാന്‍ തുടങ്ങി. ഊണ് കഴിച്ചു കൊണ്ടിരുന്ന അച്ഛന്‍ കൈ കുടഞ്ഞ്‌ ഓടി വന്നു ടിവി യിലെ വാര്‍ത്ത‍ ഒരു നെടുവീര്‍പ്പോടെ കണ്ടു. താടിക്ക് കയ്യും കൊടുത്ത് നനഞ്ഞ കണ്ണുകളോടെ അമ്മയും നിന്നു. കുറുമ്പ് കാണിക്കുന്ന നന്ദന കുട്ടിയെ അടക്കി നിര്‍ത്താന്‍ പാട് പെട്ട് കൊണ്ട് എന്‍റെ ഭാര്യയും വിഷണ്ണയായി ആ വാര്‍ത്ത‍ കണ്ട്. വീട്ടിലെ അന്തരീക്ഷം ശോക മൂകമായത് കണ്ട അമ്പാടി എന്തോ പ്രശ്നം മണത്ത് വാശി ഉപേക്ഷിച്ചു.

അവന്‍റെ അടുത്ത് അമ്മ പോയിരുന്നു അവനോടു പറഞ്ഞു, "മോനെ, അതാരാ എന്ന്‍ അറിയാമോ? അതാണ്‌ എ പി ജെ അബ്ദുല്‍ കലാം. അദ്ദേഹമാണ് നമുക്ക് വല്യ വല്യ റോക്കറ്റും മിസൈലും ഒക്കെ ഉണ്ടാക്കി തന്നത്. നല്ലൊരു പ്രസിഡന്റ്‌ ആയിരുന്നു."

"റോക്കറ്റില്‍ കയറി നമുക്ക് ആകാശത്തേക്ക് പോകാം, അല്ലെ അച്ചമ്മേ?" അമ്പാടി ചോദിച്ചു.

"അതെ മോനെ, ഇനി മോന്‍ വലുതാകുമ്പോള്‍ ചിലപ്പോള്‍ നീയായിരിക്കും ഇന്ത്യയില്‍ നിന്നും ചന്ദ്രനിലും ചൊവ്വയിലും ഒക്കെ പോകുന്നത്"

"അപ്പൊ ഞാന്‍ പുതിയ മൊബൈല്‍ വാങ്ങിക്കും. എന്നിട്ട് ആകാശത്ത് നിന്നും നമ്മുടെ വീടിന്‍റെ ഫോട്ടോ എടുക്കും. എന്നിട്ട് വാട്ട്‌സ്ആപ്പില്‍ അയച്ചു തരും"

അങ്ങനെ അബ്ദുല്‍ കലാമിന്‍റെ കഥകള്‍ കേട്ട് അവന്‍ ഉറങ്ങി.

പിറ്റേന്ന് രാവിലെ അമ്പലത്തില്‍ പോകാന്‍ ഞാന്‍ ഒരുങ്ങിയപ്പോള്‍ ചോദിച്ചു, "അമ്പാടി പോരുന്നോടാ?".

"ഇല്ല" പെട്ടെന്ന് തന്നെ മറുപടി വന്നു.

അമ്മ വേഗം വന്നു പറഞ്ഞു, "മോനെ അമ്പലത്തില്‍ പോകൂ. എന്നിട്ട് അബ്ദുല്‍ കലാമിന് വേണ്ടി പ്രാര്‍ത്ഥിക്കൂ."

"അയാള്‍ മരിച്ചില്ലേ അച്ചമ്മേ. ഇനി എന്തിനാ പ്രാര്‍ത്ഥിക്കുന്നേ?" അവന്‍റെ സംശയം ന്യായമാണ്.

"അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകണേ എന്ന് പ്രാര്‍ഥിക്കണം"

"ശരി അച്ചമ്മേ" അമ്പാടി എന്‍റെ കൂടെ അമ്പലത്തിലേക്ക് വന്നു.

ഞങ്ങളുടെ തട്ടകത്തെ അമ്പലമായ വട്ടപ്പിന്നി ഭഗവതി ക്ഷേത്രത്തില്‍ പോയി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.

ചെന്ന പാടേ അമ്പാടി ഉറക്കെ തന്‍റെ പ്രാര്‍ത്ഥന തുടങ്ങി, "ശാമീ... അബുദു കലമിനെ സൊര്‍ഗത്തില്‍ കൊണ്ട് പോണേ...  അച്ഛാ കഴിഞ്ഞു. ഇനി പോകാം..."