Tuesday 27 July 2021

ചരിത്ര മഴ

“ഡാ, അടുത്ത ആഴ്ച മുംബൈയില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ട്.” പ്രിയ സുഹൃത്ത് ആഷിഫിന്റെ SMS സന്ദേശം. അന്നൊന്നും ഇന്നത്തെ പോലെ വാട്ട്‌സ്ആപ്പും മറ്റും ഇല്ലല്ലോ.

“നീ ധൈര്യമായി ഇങ്ങ് പോന്നേക്ക്. എന്‍റെ കൂടെ എത്ര നാള്‍ വേണമെങ്കിലും താമസിക്കാം. എവിടെയാ സ്ഥലം എന്ന് പറഞ്ഞാല്‍ മതി. അങ്ങോട്ട്‌ ആക്കി തരാം.” നാളുകള്‍ക്ക് ശേഷം സുഹൃത്തിനെ കാണാന്‍ പോകുന്ന സന്തോഷം. ആ സന്തോഷം പങ്ക് വെക്കാനെന്ന പോലെ മുംബൈ മഹാനഗരത്തിന്‍റെ മുകളില്‍ മണ്‍സൂണ്‍ കോരിചൊരിഞ്ഞു കൊണ്ടിരുന്നു. എന്‍റെ സന്തോഷം അണപൊട്ടി ഒഴുകിയൊന്നുമില്ലെങ്കിലും മണ്‍സൂണ്‍ അങ്ങ് അണപൊട്ടി ചൊരിയാനുള്ള തയ്യാറെടുപ്പിലാണ് എന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല.

2005 ജൂലൈ 25. നവി മുംബൈയിലെ വാശി എന്ന സ്ഥലത്തായിരുന്നു ഞാന്‍. നല്ല മഴ. മൂടിപ്പുതച്ചു കിടക്കാന്‍ നല്ല സുഖം. എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. പക്ഷേ ഇന്ന് ക്ലയന്റുമായി ഒരു മീറ്റിംഗ് ഉണ്ട്. പോയേ പറ്റൂ. ഞാന്‍ അങ്ങോട്ട്‌ വിളിച്ചു. രോഗി ഇച്ചിച്ചതും വൈദ്യം കല്‍പ്പിച്ചതും എന്ന് പറഞ്ഞ പോലെ ഇന്ന് ചില അസൌകര്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നത്തെ മീറ്റിംഗ് നടക്കില്ല എന്നും അത് നാളെ നടത്താം എന്നും അവര്‍ അറിയിച്ചു. സന്തോഷത്തോടെ ഞാന്‍ പിന്നെയും കുറെ നേരം കൂടി മൂടിപ്പുതച്ചു കിടന്നു. 26 നേരം പുലര്‍ന്നു എന്ന് ഭംഗിവാക്കായി പറയാമെന്ന് മാത്രം. ആകാശം കറുത്തിരുണ്ട്‌ തന്നെ നില്‍ക്കുന്നു. സൂര്യപ്രകാശം ഒട്ടും തന്നെ ഭൂമിയില്‍ പതിക്കുന്നില്ല. ശ്ശൊ! ഇന്ന് നല്ല മഴയായിരിക്കുമെന്ന് തോന്നുന്നു. ഇന്നലെ തന്നെ പോയാല്‍ മതിയായിരുന്നു എന്നൊരു ആത്മഗതവും വിട്ട് ഞാന്‍ റെഡിയായി. അവരെ വിളിച്ചപ്പോള്‍ ഇന്നത്തെ മീറ്റിംഗ് OK എന്നറിയിച്ചു. അങ്ങനെ ഞാന്‍ പുറപ്പെട്ടു.

ഞാന്‍ ബസില്‍ കയറാന്‍ കാത്തിരുന്നെന്ന പോലെ മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങി. എന്തായാലും ബസിനുള്ളില്‍ ആയത് ഭാഗ്യം. മഴ കൊള്ളേണ്ട, എന്നാല്‍ തകര്‍ത്ത് പെയ്യുന്ന മഴ ആസ്വദിച്ച് ഇരിക്കുകയും ചെയ്യാം. അങ്ങനെ മഴ ആസ്വദിച്ച് കൊണ്ട് ഞാന്‍ യാത്ര തുടര്‍ന്നു. ഗോവന്തി എന്ന സ്ഥലത്തേക്കാണ് എനിക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. Govandi എന്ന് ഇംഗ്ലീഷില്‍ എഴുതുന്ന ഈ സ്ഥലത്തെ ഗോവണ്ടി അഥവാ പശുക്കളുടെ വണ്ടി എന്നൊക്കെ ഞങ്ങള്‍ കളിയാക്കി പറയാറുണ്ടായിരുന്നു.

ബസില്‍ കയറുമ്പോള്‍ കാണിച്ച ദയ പക്ഷേ ഇറങ്ങുമ്പോള്‍ മഴ എന്നോട് കാണിച്ചില്ല. അതിശക്തമായി പെയ്യുന്ന മഴയില്‍ ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങി. അവിടെ നിന്ന് ക്ലയന്റിന്റെ സ്ഥാപനത്തില്‍ എത്തിയപ്പോഴേക്കും ആകെ നനഞ്ഞു കുളിച്ചിരുന്നു. കെട്ടിടത്തിന്‍റെ അകത്തെ എ സി വല്ലാതെ തണുപ്പിച്ചപ്പോള്‍ ഞാന്‍ വിറച്ചു പോയി. സ്നേഹപൂര്‍വ്വം അവര്‍ നല്‍കിയ ചൂട് ചായ കുടിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം. ഞങ്ങള്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ച എന്തായാലും വിജയകരമായിരുന്നു. മോശമില്ലാത്ത ഓര്‍ഡറുമായി സന്തോഷത്തെടെ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ആ SMS ശ്രദ്ധിച്ചത്. ആഷിഫാണ്. കുറേ നേരമായി എന്നെ വിളിക്കുന്നു, വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. ഇതായിരുന്നു അതിന്‍റെ ഉള്ളടക്കം. പുറത്ത് തകര്‍ത്ത് പെയ്യുന്ന മഴയുടെ ശബ്ദം ഞാന്‍ കേട്ടു. ഒരുപക്ഷേ അടച്ചു പൂട്ടിയ ഈ കെട്ടിടത്തിന്‍റെ ഉള്ളിലായത് കൊണ്ട് സിഗ്നല്‍ കിട്ടാത്തതായിരിക്കും. ഞാന്‍ അവനെ തിരിച്ച് വിളിച്ചു. ഇല്ല, കിട്ടുന്നില്ല. SMS അയച്ചു നോക്കി. ഇല്ല പോകുന്നില്ല. എന്ത് പറ്റി?? എന്തോ ഒരു ശങ്ക എന്‍റെ മനസിനെ അലട്ടാന്‍ തുടങ്ങി.

പുറത്തേക്കിറങ്ങിയപ്പോള്‍ കണ്ട കാഴ്ച വരാന്‍ പോകുന്ന ദുരന്തത്തിന്‍റെ ഒരു ട്രെയിലര്‍ ആയിരുന്നു. അതി ശക്തമായി പെയ്യുന്ന മഴ. റോഡില്‍ കൂടി കുത്തിയൊഴുകുന്ന വെള്ളം. റോഡ്‌ ഏതാണ്ട് വിജനമാണ്. വെള്ളത്തിലേക്കിറങ്ങിയ ഞാന്‍ വീഴാതിരിക്കാന്‍ പാട് പെട്ടു. മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ അവിടെ മൊത്തം വെള്ളക്കെട്ട്. വണ്ടികള്‍ ഒന്നും വരുന്നില്ല. കുറേ നേരം കാത്തിരുന്നിട്ടും ഒന്നും കാണാതെയായപ്പോള്‍ മനസ്സില്‍ ആശങ്ക വര്‍ധിച്ചു. ചുറ്റും കുറെ ആളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ മാത്രമല്ലല്ലോ കഷ്ടപ്പെടുന്നത്. അതോര്‍ത്തപ്പോള്‍ ഒരു സമാധാനം കിട്ടിയ പോലെ. ബസില്‍ പോയാല്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ അടുത്ത് വരെ പോകാം. ലോക്കല്‍ ട്രെയിനില്‍ ആണെങ്കില്‍ വാശി സ്റ്റേഷനില്‍ ഇറങ്ങി പിന്നെ വേറെ ബസ്‌ പിടിക്കണം. അത് കൊണ്ടാണ് ബസ്‌ തിരഞ്ഞെടുത്തത്. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് കാരണം ബസ്‌ ഒന്നും ഇപ്പോള്‍ വരുന്ന ലക്ഷണമില്ല. എന്നാല്‍ പിന്നെ ലോക്കല്‍ ട്രെയിന്‍ തന്നെ ശരണം പ്രാപിക്കാം എന്ന് കരുതി സ്റ്റേഷന്‍റെ നേര്‍ക്ക് നടന്നു. എന്നാല്‍ നടക്കുന്തോറും വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ ശക്തി കൂടി കൂടി വന്നു. സ്റ്റേഷന്‍റെ നേര്‍ക്ക് വെള്ളം കുലംകുത്തി ഒഴുകുകയാണ്. പ്രതീക്ഷ കൈവിടാതെ ഞാന്‍ സ്റ്റേഷനില്‍ കയറിപ്പറ്റി. അവിടെ പാളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. “ട്രെയിനുകള്‍ എല്ലാം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചിരിക്കുന്നു” സ്റ്റേഷനില്‍ നിന്ന് അറിയിപ്പ് കിട്ടി. ആഹാ ബെസ്റ്റ്. ഇനി??

വീണ്ടും റോഡിലേക്ക് നടന്നു. ഇത്തവണ വെള്ളത്തിന്‍റെ ഒഴുക്ക് വളരെ കൂടിയിരിക്കുന്നു. എന്തോ മുന്‍വൈരാഗ്യം ഉള്ളത് പോലെ മഴ കലിപൂണ്ട് പെയ്യുന്നു. അപരിചിതരായ ഏതോ രണ്ട് മനുഷ്യരുടെ കൈയും പിടിച്ച് ഞാന്‍ നടന്നു. റോഡിലെ വെള്ളം പൊങ്ങി ഫുട്പാത്തിന്‍റെ അത്രയും എത്തിയിരിക്കുന്നു. ബസ്‌ സ്റ്റോപ്പില്‍ എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ എന്ന് നോക്കി കുറേ ആളുകള്‍ നില്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ ഞാനും കൂടി. വെള്ളം പിന്നെയും പൊങ്ങുന്നു. വണ്ടികള്‍ ഒന്നും വരുന്ന മട്ടില്ല. അഥവാ വന്നാല്‍ തന്നെ വെള്ളക്കെട്ടില്‍ എപ്പോ കുടുങ്ങി എന്ന്‍ ചോദിച്ചാല്‍ മതി. ഇനി കാത്ത് നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം മനസിലായി. ഇനി പതിയെ നടക്കാം. എത്തുന്നിടം വരെ നടക്കാം. അല്ലാതെന്ത്! എന്നാലും ഏകദേശം പതിനാല് കിലോമീറ്റര്‍ ദൂരെയുള്ള എന്‍റെ താമസസ്ഥലത്തേക്ക് നടക്കുക എന്ന് വെച്ചാല്‍!!! അപ്പോഴാണ്‌ കൂടെയുള്ള ഒരാള്‍ പറഞ്ഞത്. അയാള്‍ വരുന്നത് പനവേലില്‍ നിന്നാണ്. ഏകദേശം ഇരുപത്തിനാല് കിലോമീറ്റര്‍ ദൂരെ നിന്നും. ഹാവൂ ആശ്വാസം. തന്നെക്കാള്‍ വിഷമിക്കുന്നവര്‍ ഈ ലോകത്ത് ഉണ്ടെന്നറിയുമ്പോള്‍ എന്തൊരു ആശ്വാസം.

റോഡിന്‍റെ നടുക്കുള്ള മീഡിയന്‍ ആണ് ഞങ്ങളുടെ വിശ്വസനീയ പാത. റോഡ്‌ സൈഡില്‍ കൂടി പോയാല്‍ ചിലപ്പോള്‍ കാലെടുത്ത് വെക്കുന്നത് തുറന്ന് കിടക്കുന്ന ഏതെങ്കിലും ചാലിലേക്കായിരിക്കും. പിന്നെ ശവം കിട്ടിയാല്‍ ഭാഗ്യം. ഒരു പരിചയവും ഇല്ലാത്തവര്‍ സ്വന്തക്കാരായി, സഹോദരന്മാരായി. കൈകോര്‍ത്ത് പിടിച്ച് ഞങ്ങള്‍ പതിയെ നടന്നു. പല കഥകളും മറ്റും പറഞ്ഞ് അങ്ങനെ രസിച്ച് ഞങ്ങള്‍ നടന്നു. പലയിടത്തും ശക്തിയായി ഒഴുകുന്ന വെള്ളത്തില്‍ ഒഴുകി പോകാതെ പരസ്പരം കെട്ടിപ്പുണര്‍ന്നു കൊണ്ട് ഞങ്ങള്‍ നടന്നു. പണവും ലാപ്ടോപ്പും അടങ്ങിയ ബാഗുകളും വിലയേറിയ വസ്തുക്കളും കുട്ടികളേയും ഒരു ശങ്കയും കൂടാതെ അപരിചിതരെ ഏല്‍പ്പിച്ചു. ഇവിടെ എല്ലാവരും പച്ചയായ മനുഷ്യര്‍ മാത്രം. കുത്തിയൊഴുകുന്ന വെള്ളത്തില്‍ അടുത്ത ചുവട് മരണത്തിലേക്കോ എന്നറിയാതെ പതിയെ നീങ്ങുന്ന ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമല്ലാത്ത പഞ്ചാബിയും മറാഠിയും മലയാളിയും തമിഴനും തെലുങ്കനുമല്ലാത്ത വെളുത്തവനും കറുത്തവനുമല്ലാത്ത പണക്കാരനും പാവപ്പെട്ടവനുമല്ലാത്ത ഉദ്യോഗസ്ഥനും കൂലിപ്പണിക്കാരനുമല്ലാത്ത വെറും പച്ചയായ മനുഷ്യര്‍ അങ്ങനെ പരസ്പരം കൈകോര്‍ത്ത് പിടിച്ച് വരിവരിയായി നടന്നു.

എത്ര നേരം അങ്ങനെ നടന്നു എന്ന് കൃത്യമായി ഒരു പിടിയും ഇല്ല. അപ്പോഴാണ്‌ വലിയൊരു ട്രക്ക് അത് വഴി വന്നത്. നല്ല ഭീമാകാരനായ ആ ട്രക്കിന് ഈ വെള്ളപ്പൊക്കമൊന്നും ഒരു കൂസലില്ലാ എന്ന് തോന്നി. ഞങ്ങള്‍ ആ ട്രക്കിന് കൈ കാണിച്ചു. ഞങ്ങളുടെ ദയനീയാവസ്ഥ കണ്ട അവര്‍ വണ്ടി നിര്‍ത്തി ഞങ്ങളെ കയറ്റി. എവിടെ വരെ എത്തും എന്നൊരു ഉറപ്പും ഇല്ലാട്ടോ – പോകുന്നിടത്തോളം ഒന്നിച്ച് പോകാം എന്ന് പറഞ്ഞ് അവര്‍ വണ്ടിയെടുത്തു. വണ്ടിയില്‍ കയറിക്കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്. അതൊരു കോഴി വണ്ടിയായിരുന്നു. കോഴികളെ ഇറക്കി തിരിച്ച് പോകുകയാണ്. വണ്ടിയില്‍ നിറയെ കോഴിക്കാട്ടം. സഹിക്കാനാകാത്ത നാറ്റം. ചിലര്‍ക്കൊന്നും അത്രയ്ക്ക് സഹിക്കാനായില്ല. അവര്‍ ഛർദ്ദി തുടങ്ങി. കോഴിക്കാട്ടവും ഛർദ്ദിയും. നല്ല പഷ്‌ട് കോമ്പിനേഷന്‍. എന്ത് ചെയ്യാം. സ്വജീവന്‍ ആണല്ലോ പ്രധാനം. എല്ലാം സഹിച്ച് ഞാനങ്ങനെ നിന്നു. ഞാനല്ല - ഞങ്ങള്‍. ഇടയ്ക്ക് വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ വണ്ടി ആടിയുലഞ്ഞു. കൂട്ടനിലവിളി ഉയര്‍ന്നു. അടുത്ത് നിന്ന ഒരപ്പൂപ്പന്‍ നരച്ച താടിയുള്ള മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വരുത്തി പറഞ്ഞു, മരിക്കുകയാണെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാം. പറഞ്ഞത് ഒരു തമാശ ഒന്നുമല്ലായിരുന്നെങ്കിലും വണ്ടിയില്‍ കൂട്ടച്ചിരി മുഴങ്ങി. അതിനിടയില്‍ ആഷിഫിന്‍റെ SMS വീണ്ടും വന്നു. താന്‍ മുംബൈയിലേക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോകുകയാണ് അതിന് മുന്‍പ് ചിലതൊക്കെ ചോദിക്കാനുണ്ട്. വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. തിരിച്ച് വിളിക്കൂ. അത്യാവശ്യമാണ്. ഇതായിരുന്നു അവന്‍റെ SMSന്‍റെ ഉള്ളടക്കം. തിരിച്ച് വിളിക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ഒരു SMS അയച്ചാല്‍ പോകുന്നില്ല. ഈ അവസ്ഥയില്‍ ഞാന്‍ എന്ത് ചെയ്യാന്‍!

എങ്ങനെയോ നിരങ്ങി നീങ്ങി വണ്ടി വാശിയിലെത്തി. ഞാനും വേറെ ചിലരും അവിടെ ഇറങ്ങി. ഞങ്ങള്‍ നല്‍കിയ പണം ഡ്രൈവര്‍ സ്നേഹത്തോടെ നിരസിച്ചു. ഞങ്ങള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് ആശംസിച്ച് അയാള്‍ വണ്ടിയെടുത്തു. ട്രക്കിന്‍റെ പിറകില്‍ നിന്നിരുന്ന സഹോദരങ്ങള്‍ക്ക് നേരെ ഞങ്ങള്‍ കൈവീശി യാത്ര പറഞ്ഞു. എന്ത് കൊണ്ടോ, ഒരുപാട് നാളായി അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ യാത്ര പറഞ്ഞു പിരിയുന്ന വേദനയാണ് ഹൃദയത്തില്‍ ആ നിമിഷം ഉണ്ടായത്. അടുത്ത ഏതാനും സമയത്തിനുള്ളില്‍ ഞങ്ങളില്‍ ആരൊക്കെയാണ് അവസാന യാത്ര പറയുന്നത് എന്നൊരു പിടിയുമില്ല.

വാശിയില്‍ ഇറങ്ങിയ ഞങ്ങള്‍ വീണ്ടും കൈകോര്‍ത്ത് പിടിച്ച് നടത്തം തുടര്‍ന്നു. ഇവിടെ കുത്തൊഴുക്കിന് സ്വല്പം കുറവുണ്ട്. ഓരോരുത്തരും അവരവരുടെ സ്ഥലം എത്തിയപ്പോള്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. ഒറ്റയ്ക്ക് പോകേണ്ട എന്ന് പറഞ്ഞ് പലരേയും അവരുടെ ഫ്ലാറ്റിന്‍റെ കവാടം വരെ കൊണ്ട് വിട്ടു. ചിലര്‍ ടാറ്റാ പറഞ്ഞ് കൈകോര്‍ത്ത് നടക്കുന്ന മറ്റ് സംഘങ്ങളില്‍ ചേര്‍ന്നു. ഒരു വിധം ഞാന്‍ എന്‍റെ മുറിയില്‍ എത്തി. കറന്റ്‌ ഇല്ല. എത്തിയപാടെ ഒന്ന് കുളിച്ച് ഒരു ചായയിട്ട് കുടിച്ചു. വീട്ടിലേക്ക് ഒന്ന് വിളിക്കാം എന്ന് കരുതി. മൊബൈല്‍ എടുത്ത് നോക്കിയപ്പോള്‍ റേഞ്ച് നഹി നഹി. പിന്നെ നോക്കാം. കറന്റ്‌ ഇല്ലാത്തതാണ്. വെറുതേ ചാര്‍ജ് കളയണ്ട. ഞാന്‍ ഫോണ്‍ ഓഫാക്കി വെച്ചു. ലാന്‍ഡ്‌ലൈന്‍ ഫോണില്‍ നിന്നും വിളിച്ചു നോക്കി. അതിനും ജീവന്‍ നഹി നഹി. ഇനി ഒന്നും ചെയ്യാനില്ല. കുറെ നേരം അങ്ങനെയിരുന്നു. പിന്നെ എന്തൊക്കെയോ കഴിച്ച് ഉറങ്ങിപ്പോയി.

നേരത്തേ ഉറങ്ങിയത് കൊണ്ടായിരിക്കും, അതിരാവിലെ തന്നെ എഴുന്നേറ്റു. നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. കറന്റ്‌ ഇല്ല. വേഗം തന്നെ കുളിച്ച് നന്നായി പ്രാര്‍ത്ഥിച്ചു. പിന്നെ പുറത്തേക്ക് ഒന്നിറങ്ങി. വാച്ച്മാന്‍ ചവാന്‍ വാതില്‍ക്കല്‍ തന്നെയുണ്ട്‌. “പുറത്ത് പോകേണ്ട സാബ്, സ്ഥിതി വളരെ മോശമാണ്.” അയാള്‍ പറഞ്ഞു. “ഇല്ലാ, ദൂരെയെങ്ങും പോകുന്നില്ല.” ഞാന്‍ പതിയെ പുറത്തേക്കിറങ്ങി നോക്കി. മഴക്ക് തെല്ലൊരു ശമനമുണ്ട്. റോഡ്‌ മുഴുവന്‍ ചളിയും ചപ്പ്ചവറുകളും നിറഞ്ഞിരിക്കുന്നു. എന്തോ വലിയത് തന്നെ കടന്ന് പോയിട്ടുണ്ട്. “ഭയങ്കര സ്ഥിതിയായിരുന്നു സാര്‍. പക്ഷേ പെട്ടെന്ന് തന്നെ വെള്ളമിറങ്ങി. മറ്റ് സ്ഥലങ്ങളില്‍ മോശമായിരിക്കും സ്ഥിതി. എന്തൊക്കെയാണാവോ ഇനി കാണാനും കേള്‍ക്കാനും പോകുന്നത്. സാറ് വേഗം ബക്കറ്റില്‍ വെള്ളം പിടിച്ച് വെച്ചോ. കറന്റ്‌ ഇല്ല. ഇനി വെള്ളം പമ്പ്‌ ചെയ്യാന്‍ പറ്റില്ല. അണ്ടര്‍ഗ്രൗണ്ട് ടാങ്കില്‍ വെള്ളമുണ്ട്. പക്ഷേ മുകളിലേക്ക് അടിച്ച് കയറ്റാന്‍ പറ്റില്ല.” അയാള്‍ പറഞ്ഞു. ഞാന്‍ വേഗം മുറിയിലേക്ക് തിരിച്ച് പോയി കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളം നിറച്ചു വെച്ചു.

പ്രതീക്ഷിച്ചത് പോലെ ഓവര്‍ഹെഡ് ടാങ്കില്‍ വെള്ളം തീര്‍ന്നു. പിന്നെ ആളുകള്‍ താഴെ ടാങ്കില്‍ നിന്നും വെള്ളം കോരി നിലകള്‍ കൊണ്ട് പോകാന്‍ തുടങ്ങി. അടുത്ത ദിവസമായപ്പോഴേക്കും അതും തീര്‍ന്നു. കൊടും മഴ പെയ്ത് വെള്ളം പൊങ്ങിയ നാട്ടില്‍ ജീവിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാത്ത അവസ്ഥ! ഇടയ്ക്ക് പെയ്ത മഴയില്‍ ടെറസില്‍ നിന്നും വീഴുന്ന വെള്ളം ശേഖരിക്കാനായി പിന്നത്തെ ഉന്തും തള്ളും. ബക്കറ്റില്‍ വെള്ളവും എടുത്ത് പടി കയറാന്‍ ബുദ്ധിമുട്ടിയ ഒരാളെ ഒന്ന് സഹായിച്ചു. ഒടുവില്‍ ഒരു മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അയാള്‍ പറഞ്ഞു, “ഇതാണ് എന്‍റെ മുറി.” ഞാന്‍ പറഞ്ഞു, “തൊട്ടപ്പുറത്താണ് എന്‍റെ മുറി.” ഏറെ നാളായി ഇവിടെ താമസമെങ്കിലും തൊട്ടയല്‍ക്കാരനെ പരിചയപ്പെടാന്‍ ഒരു വെള്ളപ്പൊക്കം വേണ്ടി വന്നു. തൊട്ടു മുന്നിലുള്ള ഫ്ലാറ്റിലെ എല്ലാവരും ദാദി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന അമ്മൂമ്മയെ മാത്രം അറിയാം. ദാദിയെ അറിയാത്തവരായി അവിടെ ആരും ഇല്ലായിരുന്നു എന്ന് പറയാം. ചുറ്റും പറക്കുന്ന കാറ്റിനോട് പോലും വാത്സല്യപൂര്‍വ്വം പെരുമാറുന്ന ദാദിയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

മൂന്ന് ദിവസങ്ങള്‍ കടന്ന് പോയി. കറന്റില്ല ഫോണില്ല പത്രമില്ല വാഹനമില്ല ഒന്നുമില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന്‍ അവിടെ നിന്നും ഇവിടെ നിന്നും അതുമിതും കേള്‍ക്കുന്നതല്ലാതെ ഒന്നും ശരിക്കും അറിയുന്നില്ല. എന്തായാലും നാട്ടില്‍ ഈ പറഞ്ഞതോക്കെയുണ്ട്. ഇവിടത്തെ മഹാ മഴയെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചും മരണങ്ങളെ കുറിച്ചും പൊലിപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ടാകും ചാനലുകളും പത്രങ്ങളും. വീട്ടില്‍ അമ്മയും അച്ഛനും മാമനും വലിയമ്മയുടെയുമൊക്കെ അവസ്ഥ എന്താണാവോ! എന്നെ കുറിച്ച് ഒരു വിവരവും ഇല്ലാതെ വിഷമിക്കുകയയിരിക്കും. ഒരു SMS എങ്കിലും അയക്കാന്‍ പറ്റിയിരുന്നെങ്കില്‍! വെറുതേ ആശിച്ചുപോയി.

വാതിലില്‍ ഒരു മുട്ട് കേട്ടു. തുറന്നപ്പോള്‍ നമ്മുടെ ദാദിയും കൂടെ വേറൊരാളും. രണ്ട് പേരേയും ഞാന്‍ അകത്തേക്ക് ക്ഷണിച്ചു ഇരിക്കാന്‍ കസേര നല്‍കി. സ്വതസിദ്ധമായ വാത്സല്യത്തോടെ ദാദി എന്നോട് ക്ഷേമം അന്വേഷിച്ചു. പിന്നെ സ്വല്പം ശങ്കയോടെ ചോദിച്ചു. “ഇവിടെ ഭക്ഷണം വല്ലതുമുണ്ടോ?”. ദാദി തുടര്‍ന്നു. “ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് നമ്മള്‍ ആരും കരുതിയില്ലല്ലോ. കടകള്‍ ഒന്നും തുറന്നിട്ടില്ല. അത് കൊണ്ടാണ്. മോന് ഞങ്ങള്‍ കാശ് തരാം. അല്ലെങ്കില്‍ കട തുറക്കുമ്പോള്‍ സാധനങ്ങള്‍ വാങ്ങി തരാം. ഞങ്ങള്‍ അവിടെ എട്ട് പേരുണ്ടല്ലോ. ഭക്ഷണമൊക്കെ പെട്ടെന്ന് തീര്‍ന്നു.”

“എട്ട് പേരോ!!” ഞാന്‍ അത്ഭുതപ്പെട്ടു. ഈ കൊച്ചു ഒറ്റമുറി ഫ്ലാറ്റില്‍ എട്ട് പേര്‍ എങ്ങനെ താമസിക്കുന്നു!

“ഞാനും ഭര്‍ത്താവും. ഭര്‍ത്താവ് പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി. പിന്നെ മോനും മരുമകളും മൂന്ന് കുട്ടികളും. പിന്നെ എന്‍റെ മോളും. അവളുടെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ല.”

“മോള്‍ക്ക് കല്യാണം അന്വേഷിക്കുന്നുണ്ടോ?” ഞാന്‍ ചോദിച്ചു.

“ഇല്ല,എന്‍റെ മോള്‍ക്ക് അതിനുള്ള യോഗമില്ല. അവളൊരു രോഗിയാണ്. ഇനി എത്ര കാലം ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയില്ല.” ദാദിയുടെ കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞു. ഞാന്‍ കൂടുതലൊന്നും ചോദിക്കാന്‍ പോയില്ല.

“ഞാന്‍ ഒറ്റയ്ക്കല്ലെയുള്ളൂ ദാദി. അത്രയധികമൊന്നുമില്ല. കുറച്ച് അരി കാണും. ആട്ട ഒരു പാക്കറ്റ് വാങ്ങിയത് പകുതിയേ കാണൂ. സ്വല്പം പരിപ്പും മുളക് പൊടിയും മറ്റും ഉണ്ടാകും. കുറച്ച് പച്ചക്കറിയും മീനും ഫ്രിഡ്ജില്‍ കാണും.” ഞാന്‍ പറഞ്ഞു.

“ഞങ്ങള്‍ മീന്‍ കഴിക്കില്ല. ഞങ്ങള്‍ ബ്രാഹ്മണരാണ്‌." ദാദി പറഞ്ഞു.

“സാരമില്ല, ഉള്ളത് എടുത്തോളൂ.” ഞാന്‍ പറഞ്ഞു. അരി നമ്മുടെ നാടന്‍ പുഴുക്കല്ലരിയാണ്. ഇവര്‍ ഇതൊന്നും കഴിക്കാത്തവരല്ലേ. പച്ചരിയാണ് പഥ്യം. പക്ഷേ കഴിക്കാന്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ എന്ത് പുഴുക്കല്ലരി എന്ത് പച്ചരി!!! എനിക്ക് വേണ്ടി സ്വല്പം മാറ്റി വെച്ചിട്ട് ബാക്കി സാധനങ്ങള്‍ അവര്‍ക്ക് നല്‍കി. എട്ട് പേരടങ്ങിയ കുടുംബത്തിന് കഷ്ടിച്ച് രണ്ട് നേരം കഴിക്കാന്‍ ഉണ്ടാകും. അത്രതന്നെ. ദാദിയുടെ മകന്‍ ഒന്നും സംസാരിച്ചില്ല. ഇറങ്ങാന്‍ നേരം ഒരു താങ്ക്സ് മാത്രം പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു. തുറന്ന് നോക്കിയപ്പോള്‍ ദാദിയുടെ മകന്‍. ഞങ്ങള്‍ പരിചയപ്പെട്ടു. അങ്ങനെ വെള്ളപ്പൊക്കം എനിക്ക് ഒരു അയല്‍ക്കാരനെ കൂടി പരിചയപ്പെടുത്തി തന്നു. അയാള്‍ എന്‍റെ കൈയ്യില്‍ കുറച്ച് പൈസ വെച്ച് തന്നു. ഞാനത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. “എന്തായിത്? ഇതൊന്നും ശരിയല്ല.” പക്ഷേ അയാള്‍ പറഞ്ഞു, “അച്ഛന്‍ പറഞ്ഞു നിങ്ങള്‍ക്കിത് തരാന്‍. മറ്റൊന്നും തോന്നരുത്. അച്ഛന്‍ ഒരു പ്രത്യേക ടൈപ്പാണ്.”

“എനിക്ക് ഈ കാശ് തന്നെന്ന് അച്ഛനോട് പറഞ്ഞേക്കൂ.” ഞാന്‍ അയാളോട് പറഞ്ഞു.

“അച്ഛനോട് നുണ പറയുകയോ!” എന്തോ മഹാപരാധം കേട്ടത് പോലെ അയാള്‍ ഞെട്ടി. എനിക്ക് പശ്ചാത്താപം തോന്നി. ഞാനാ പണം സ്വീകരിച്ചു.

ഇന്നെന്തായാലും വെയിലുണ്ട്. വാശിയില്‍ വെള്ളക്കെട്ടൊന്നും ഇല്ല. എന്നാല്‍ പിന്നെ സാന്‍പാഡ വരെ ഒന്ന് പോയാലോ. ആത്മാര്‍ത്ഥ സുഹൃത്ത് പ്രിന്‍സ് അവിടെയാണ്. അവന്‍റെ അവസ്ഥയെന്താണാവോ! അവനെയൊന്ന് കണ്ടിരുന്നെങ്കില്‍ ഒരു ആശ്വാസമായേനെ. അല്ലെങ്കിലും ഒരു ആപത്ഘട്ടത്തില്‍ ആത്മാര്‍ത്ഥ സുഹൃത്ത് കൂടെയുണ്ടെങ്കില്‍ അതൊരു വല്ലാത്ത ആശ്വാസമല്ലേ. ഞാന്‍ നടപ്പാരംഭിച്ചു. വാശി സ്റ്റേഷന്‍റെ വശത്ത് കൂടി പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. ഒരു ചാക്കില്‍ നിറച്ച പച്ചക്കറി വില്‍ക്കാന്‍ കൊണ്ട് പോകുകയാണ് ഒരു സ്ത്രീ. അവരുടെ ചാക്കില്‍ നിന്നും എങ്ങനെയോ കുറെ പച്ചക്കറി റോഡില്‍ വീണുപോയിരിക്കുന്നു. അവരുടെ ചെറിയ മകന്‍ റോഡില്‍ അതൊക്കെ പെറുക്കി കൂട്ടുന്നുണ്ട്. അതിനിടയില്‍ അവന്‍ അവന്‍റെ അമ്മയെ നീട്ടി വിളിച്ചു, “അമ്മേ”. ആ വിളി എന്തോ ഒരു അനുഭൂതി എന്‍റെയുള്ളില്‍ ഉളവാക്കി. ഉടനെ ഫോണ്‍ എടുത്ത് ഓണ്‍ ചെയ്ത് നോക്കി. അതാ ഫോണില്‍ സിഗ്നല്‍ കാണിക്കുന്നു. വര്‍ധിച്ച ആഹ്ലാദത്തോടെ ഞാന്‍ വീട്ടിലേക്ക് വിളിച്ചു. “മോനേ...” അമ്മയുടെ ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു കേട്ടത്. “എനിക്കൊരു കുഴപ്പവും ഇല്ല അമ്മേ.” ഞാന്‍ സമാധാനിപ്പിച്ചു. “ഇവിടെ ഫോണും കറന്റും ഒന്നും ഇല്ലായിരുന്നു. അതാ വിളിക്കാന്‍ പറ്റാതിരുന്നത്. അമ്മ പേടിക്കേണ്ട.” കുറേ നേരം അമ്മയോട് സംസാരിച്ചു. അതോടെ സമാധാനമായി. റോഡിലെ അമ്മയും കുട്ടിയും പച്ചക്കറിയും പെറുക്കിയെടുത്തു ചാക്കിലാക്കി യാത്രയായി. പ്രിന്‍സിനെ കണ്ടതോടെ ഒന്ന് കൂടി സമാധാനമായി. അല്ലെങ്കിലും മനസറിയുന്ന ഒരു സുഹൃത്ത് കൂടെയുണ്ടെങ്കില്‍ ആര്‍ക്കാണ് സമാധാനം ഇല്ലാതെ പോകുന്നത്!

ഒറ്റ ദിവസം കൊണ്ട് തൊണ്ണൂറ്റി നാല് സെന്റിമീറ്റര്‍ റെക്കോര്‍ഡ്‌ മഴ, ആയിരത്തിലേറെ മനുഷ്യര്‍ക്ക് ജീവഹാനി, പതിനായിരക്കണക്കിന് വാഹനങ്ങള്‍ വെള്ളം കയറി നശിച്ചു, കുറെ കെട്ടിടങ്ങള്‍ തകര്‍ന്നു, വിമാനത്താവളവും റെയില്‍വേ സ്റ്റേഷനുമെല്ലാം അടച്ചു, സ്റ്റോക്ക്‌ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചില്ല അങ്ങനെയങ്ങനെ വാര്‍ത്തകള്‍ ഒന്നൊന്നായി ഞങ്ങളെ തേടി വരാന്‍ തുടങ്ങി. പക്ഷേ ഇത് മുംബൈയാണ്. ആര്‍ക്കും തളര്‍ത്താനാകാത്ത മുംബൈ. മുംബൈ തളര്‍ന്നില്ല. വീണ്ടുമുണര്‍ന്നു. വീണ്ടുമുയര്‍ന്നു. സാധാരണമട്ടില്‍ വീണ്ടും ജീവിതം തുടര്‍ന്നു. രാഷ്ട്രത്തിലെ ഏറ്റവും വലിയ നഗരമായി ഏറ്റവും വലിയ പ്രചോദനമായി മുംബൈ അങ്ങനെ തന്നെ നിന്നു.

****************************************************************



(മുംബൈ വെള്ളപ്പൊക്കത്തെ കുറിച്ച് പിന്നീട് ഒരു ഹിന്ദി ചിത്രം ഇറങ്ങിയിരുന്നു. വെള്ളപ്പൊക്കത്തില്‍ പെട്ട് ജീവനും കൊണ്ട് തിരിച്ച് വന്ന ആളെന്ന നിലയ്ക്ക് ആ ചിത്രം കാണാന്‍ പ്രത്യേക താല്പര്യം തോന്നി. ആദ്യ ദിനം തന്നെ അത് പോയി കണ്ടു. പിന്നീട് സുഹൃത്ത് പ്രിന്‍സിനോട് ഇതേ പറ്റി ചോദിച്ചു. അവനും ഇതേ മനോഭാവത്തോടെ ആ പടം പോയി കണ്ടിരുന്നു. “എന്നിട്ട്?” ഞാന്‍ ചോദിച്ചു. “ഹോ! വേണ്ടായിരുന്നു” അതേ, എന്‍റെ മനസ് വായിച്ചിട്ടെന്ന പോലെ അവന്‍ പറഞ്ഞു.)

No comments:

Post a Comment