Saturday 24 July 2021

വെള്ളം മോന്തുന്ന തെങ്ങുകള്‍!!



പണ്ട് മുതലേ നാട്ടിലും വീട്ടിലും കാണുന്ന ഒരു പ്രതിഭാസമാണ്. മഴക്കാലമായാല്‍ തെങ്ങിന്‍റെ ചുറ്റും വട്ടത്തില്‍ ഒരു കുഴി കുഴിക്കുന്നു. തെങ്ങിന് തടമെടുക്കുക എന്നാണ് ഇതിനെ പറയുന്നത്. മഴ പെയ്യുമ്പോള്‍ ഇതില്‍ വെള്ളം നിറയും. പതിയേ ഈ വെള്ളം വറ്റി പോകുന്നതും കാണാം. ആഹാ കൊള്ളാമല്ലോ. തെങ്ങ് ഈ വെള്ളം മുഴുവനും കുടിച്ചു വറ്റിക്കുന്നല്ലോ! ഹോ! എന്നാലും ഇത്രയും വെള്ളമൊക്കെ ഈ തെങ്ങ് കുടിക്കുമെന്ന്‌ കണ്ടാല്‍ പറയില്ല കേട്ടോ. ആ വെള്ളമായിരിക്കും തേങ്ങയില്‍ നിറച്ച് നമുക്ക് തരുന്നത്. പക്ഷേ അത് വളരെ കുറച്ചല്ലേയുള്ളൂ! ബാക്കി വെള്ളമൊക്കെ എവിടെ പോയി? കൊച്ചു ചെറുപ്പത്തിലേ ഇങ്ങനെ നൂറുക്കണക്കിന് സംശയങ്ങള്‍ ഉണ്ടായിരുന്നു. മിക്കതിനും ഇനിയും ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം എന്‍റെ വലിയമ്മ തന്നിരുന്നു.

ഈ തെങ്ങ് അതിന് ആവശ്യമുള്ള വെള്ളം മുഴുവന്‍ വലിച്ചെടുക്കും. ബാക്കി വെള്ളം ഭൂമിയില്‍ ഇറങ്ങും. ആ വെള്ളമാണ് നമ്മുടെ കിണറ്റില്‍ നമുക്ക് കിട്ടുന്നത്. നമ്മുടെ വീട്ടിലെ വേസ്റ്റ് മുഴുവനും ചാരവും ചാണകവും ആ തെങ്ങിന്റെ് ചുവട്ടില്‍ നമ്മള്‍ ഇടുന്നില്ലേ, അത് മണ്ണില്‍ കിടന്ന് അഴുകി തെങ്ങിന് വളമാകും. അങ്ങനെയല്ലേ നമുക്ക് നാളികേരം കിട്ടുന്നത്. എന്തായാലും ആ അറിവ് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. തെങ്ങും നന്നാകും നമ്മളും നന്നാകും.

എന്നാലും വേനല്‍ ആകുമ്പോള്‍ നമ്മുടെ കിണര്‍ വറ്റുമല്ലോ. അത് എന്ത് കൊണ്ടാണ്? പിന്നെയും സംശയങ്ങള്‍. ഇത്രയും വലിയ നാട്ടില്‍ നമ്മള്‍ മാത്രം മൂന്ന് തെങ്ങിന് തടം എടുത്തിട്ട് കാര്യമില്ലല്ലോ മോനേ. എല്ലാവരും ഇക്കാര്യം ചിന്തിക്കണ്ടേ. നമ്മുടെ തെങ്ങിന്‍റെ തടത്തില്‍ കൂടി ഇറങ്ങുന്ന വെള്ളം നമ്മുടെ കിണറ്റില്‍ മാത്രമല്ലല്ലോ എത്തുന്നത്. ഹാ അത് ശരിയാ... നന്നാകണം എന്ന് എല്ലാവരും ചിന്തിക്കണം. എന്നാലെ നന്നാകൂ.

എന്തായാലും ഇത്തവണത്തെ ലോക്ക്ഡൌണ്‍ വെറുതെയാക്കിയില്ല. വീട്ടിലെ തെങ്ങിനൊക്കെ ഞാന്‍ തന്നെ തടമെടുത്തു. സംഗതി നല്ല വ്യായാമമാണ്, കാശ് ലാഭമാണ് എന്നൊക്കെ പറയാമെങ്കിലു സത്യം പറയാമല്ലോ മേലനങ്ങിയുള്ള ഈ പണിയുണ്ടല്ലോ – അത്ര സുഖമില്ല. ചുറ്റുമുള്ള അയല്‍ക്കാരും മോശമാക്കിയില്ല. എല്ലാവരും തടമെടുത്തിട്ടുണ്ട്. അല്ലാതെയു മഴവെള്ളം മണ്ണിലിറക്കാന്‍ മഴക്കുഴികളും ഉണ്ട്. അതിന്‍റെ ഗുണവും ഉണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേനലില്‍ കിണര്‍ വറ്റുന്നത് വിരളമാണ്. എന്നിരുന്നാലും ചിലതൊക്കെ പറയാതെ വയ്യ. കഴിഞ്ഞ ബ്ലോഗില്‍ ഞാന്‍ ഒന്ന് സൂചിപ്പിച്ചിരുന്നതായിരുന്നു, ഒന്ന് കൂടി ഇവിടെ പറയട്ടെ.

നാട്ടില്‍ പല പഴയ വീടുകളും പൊളിച്ചുമാറ്റി ആ സ്ഥാനത്ത് പുതിയ ഫാഷനില്‍ ഉള്ള വീടുകള്‍ പണിത് കണ്ടു. പഴയ വീടുകള്‍ക്കും പറയത്തക്ക കേടുപാടുകള്‍ ഒന്നുമില്ല. എന്നാലും നാട്ടുക്കാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ പുതിയ ഫാഷനില്‍ ഉള്ള വീട് പണിയാതെ പിന്നെങ്ങനെ! മുറ്റത്ത് നിന്നിരുന്ന മാവുകളും തെങ്ങുകളും പടം പോലും ഇല്ലാതെ അപ്രത്യക്ഷമായി. മുറ്റം നിറയെ ടൈല്‍സ് പാകിയിരിക്കുന്നു. പോരാത്തതിന് വീടിന്‍റെ മുകളിലും മുറ്റത്തും ട്രെസ്സ് പണിത് മഴവെള്ളം ഒരു തുള്ളി പോലും മുറ്റത്ത് വീഴാതെ പൈപ്പ് വഴി നേരെ റോഡിലേക്ക്. അത് കൊണ്ട് ഒരു തരി അഴുക്ക് പോലും മുറ്റത്തും വീടിന്‍റെ അകത്തും ആകില്ലല്ലോ. ജനുവരി ആകുമ്പോഴേക്കും വറ്റുന്ന കിണറുകളും പിന്നെ കോര്‍പ്പറേഷന്‍ ലോറികളില്‍ വരുന്ന വെള്ളവും കാത്ത് സര്‍ക്കാരിനെ കുറ്റം പറഞ്ഞ് മുറ്റം നിറയെ പാത്രങ്ങള്‍ നിരത്തി ഒരു ഇരുപ്പുണ്ട്‌. ഇരിക്കട്ടെ.

ഒരു തെങ്ങിന്‍ തടം ഒരു മഴക്കാലത്ത് ഏകദേശം ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഭൂമിയിലേക്ക് ഇറക്കും എന്നാണ്‌ കണക്ക്. അങ്ങനെ നോക്കിയാല്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ഭൂമിയിലേക്ക് ഇറക്കാനുള്ള വക ഞാന്‍ ചെയ്തിട്ടുണ്ട് എന്ന കൃതാര്‍ത്ഥതയോടെ തല്‍ക്കാലം നിര്‍ത്തട്ടെ.

No comments:

Post a Comment