Tuesday 4 May 2021

ക്വാറന്റൈൻ പുരാണം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സയൻസ് പഠിപ്പിക്കുന്ന സൈമൺ മാഷ് നീൽ ആംസ്ട്രോങ്ങിന്റെ കഥ പറയുന്നത്. സയൻസിന്റെ ലോക കഥകൾ രസകരമായി പറഞ്ഞു തരുന്ന മാഷിനെ ഞങ്ങൾക്ക് വളരെ ഇഷ്ടമായിരുന്നു. രണ്ട് മനുഷ്യർ ചന്ദ്രനിൽ പോയി ഇറങ്ങി തിരിച്ചു വന്നു എന്നല്ലാതെ കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. സാറിന്റെ വിവരണം ഞങ്ങൾ കൗതുകത്തോടെ കേട്ടിരുന്നു.

പറഞ്ഞ് പറഞ്ഞ് സാർ അവസാന ഭാഗത്തേക്ക് കടന്നു. പോയി വന്നിട്ട് അങ്ങനെയൊന്നും ഉടനെ വീട്ടിൽ പോകാൻ പറ്റില്ല. നമ്മൾ അറിയാത്ത എന്തെങ്കിലും വൈറസോ മറ്റ് അണുക്കളോ ചന്ദ്രനിൽ നിന്നും അവരുടെ ദേഹത്ത് കയറിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാൻ പറ്റില്ല. മാത്രമല്ല ചന്ദ്രനിലെ പൊടി പടലങ്ങൾ അവർക്ക് എന്തെങ്കിലും അസുഖങ്ങൾ വരുത്തുമോ എന്നും അറിയേണ്ടിരിക്കുന്നു. അതിനാൽ അവരെയെല്ലാം ക്വാറന്റൈൻ ചെയ്തു. എങ്ങും പോകാൻ അനുവദിക്കാതെ ഒരു മുറിയിൽ അടച്ചിട്ടു കുറേ പരിശോധനങ്ങൾക്ക് വിധേയമാക്കി. എല്ലാം ഒ.ക്കെ. ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവരെ പുറത്ത് പോകാൻ അനുവദിച്ചത്. സൈമൺ മാഷ് വിശദീകരിച്ചപ്പോൾ ക്വാറന്റൈൻ എന്ന ആ വാക്ക് ചെവിയിൽ നിന്നും തലച്ചോറിലേക്ക് തൊണ്ട വഴിയാണോ പോയത് എന്ന് തോന്നുന്നു, പക്ഷെ ആ വാക്ക് എന്റെ തൊണ്ടയിലുടക്കി. ആ പ്രായത്തിൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് എത്ര ആലോചിച്ചിട്ടും ആ കൊടൂര വാക്ക് എനിക്ക് ഓർത്തെടുക്കാനുള്ള കെൽപ് ഉണ്ടായിരുന്നില്ല.

പിന്നെയും കുറേ വർഷങ്ങൾക്ക് ശേഷം എഞ്ചിനീയറിംഗ് പഠനം ഒക്കെ തീർന്ന് ജോലിയൊക്കെ തുടങ്ങിയ കാലത്താണ് കമ്പ്യൂട്ടർ രംഗ പ്രവേശം ചെയ്ത് തുടങ്ങിയത്. അതോടൊപ്പം വൈറസും ആന്റി വൈറസും രംഗത്തെത്തി. അങ്ങനെയിരിക്കെ ഒരിക്കൽ ആന്റി വൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്കാൻ ചെയ്തപ്പോൾ ചില ഫയലുകൾ ക്വാറന്റൈൻ ചെയ്തിരിക്കുന്നു എന്നൊരു സന്ദേശം കിട്ടി. എന്താണപ്പാ ഇത് എന്നൊരു സംശയം. പിന്നെ ഉത്തരം കിട്ടി.

കമ്പ്യൂട്ടർ ജീവിതത്തിന്റെ ഭാഗമായപ്പോൾ സംശയം തോന്നിയ ഫയലുകൾ എല്ലാം ക്വാറന്റൈൻ ചെയ്തു കൊണ്ടിരുന്നു. ഇപ്പോൾ കൊറോണ കാരണം ഈ പദം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ പലർക്കും വിശദീകരിച്ചു കൊടുത്തു. പിന്നീട് ഇത് നിത്യ ജീവിതത്തിന്റെ ഭാഗമായി കൊച്ചു കുഞ്ഞുങ്ങൾ വരെ സിമ്പിളായി ഉപയോഗിക്കുന്ന പദമായി. ഒടുവിൽ ഒരു ദിവസം അബുദാബി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നും താങ്കൾ ഒരു കൊറോണ രോഗിയുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നതിനാൽ 10 ദിവസത്തെ ക്വാറന്റൈനിൽ പോകണം എന്നൊരു ഫോൺ വിളിയോട് കൂടി ഞാനും ക്വാറന്റൈനിൽ പോയി. ശരിക്കും പറഞ്ഞാൽ നീൽ ആംസ്ട്രോങ്ങിന്റെ പോലെ ഞാനും ക്വാറന്റൈൻ ആയി.

സ്വൽപം തത്വ ജ്ഞാനം പറഞ്ഞാൽ ഈ ജീവിതം തന്നെ ഒരു ക്വാറന്റൈൻ അല്ലേ.? ആണോ...??? ആ......
കൊറോണയും കൊറോണയും
"നിന്നെ ഗർഭം ഉണ്ടായിരിക്കുമ്പോഴാണ് സൂര്യ ഗ്രഹണം ഉണ്ടായത്" പഴമ്പുരാണം ഇടയ്ക്കിടെ എടുത്തിടുന്ന അമ്മയുടെ ഡയലോഗ്. "ചേച്ചി അന്ന് എന്നെ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വലിയ ടെൻഷൻ ആയിരുന്നു. ഗ്രഹണം കഴിയുന്നത് വരെയും ഒരു മുറിയിൽ അടച്ചിരുന്നു" "എന്നിട്ടും ഇവൻ കരിഞ്ഞു പോയി" അച്ഛന്റെ ഈ ആപ്പ് ഡയലോഗ് എനിക്ക് തീരെ പിടിച്ചിരുന്നില്ല. വളരെ അപൂർവമായേ സൂര്യഗ്രഹണം ഉണ്ടാകാറുള്ളൂ എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും ഈ സൂര്യന് ഗ്രഹണിക്കാൻ ഈ സമയമേ കിട്ടിയുള്ളൂ!!! പിന്നീട് സ്കൂളിൽ സോളാർ എക്ലിപ്‌സ് ലൂണാർ എക്ലിപ്‌സ് എന്നൊക്കെ പഠിച്ചപ്പോഴാണ് പിള്ളേരെ കരിച്ചു കളയുന്നതിൽ ഈ സൂര്യഗ്രഹണത്തിന് യാതൊരു പങ്കും ഇല്ലെന്ന് മനസിലാക്കുന്നത്. ഇതിനാണ് ശാസ്ത്രം പഠിക്കണം പഠിക്കണം എന്ന് പറയുന്നത്.

1995 ഒക്ടോബറിൽ ഭാരതത്തിൽ സമ്പൂർണ സൂര്യഗ്രഹണം ഉണ്ടായി. അപൂർവമായി ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ അന്നത്തെ മാധ്യമങ്ങൾ ശരിക്കും ആഘോഷിച്ചു. മാധ്യമങ്ങൾ എന്ന് പറയുമ്പോൾ മാതൃഭൂമിയും മനോരമയും മറ്റ് ഏതാനും പത്രങ്ങളും പിന്നെ നമ്മുടെ ദൂരദർശനും. ഗ്രഹണത്തെ കുറിച്ച് ജനങ്ങൾക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഈ മാധ്യമങ്ങൾ മാറ്റിയെടുത്തു. ഗ്രഹണം കാണണം എന്നൊരു മോഹം എന്റെയുള്ളിലും നാമ്പെടുത്തു. അതിനായി അല്ലറ ചില്ലറ ഒരുക്കങ്ങൾ ഞാൻ നടത്തിയിരുന്നു. എന്നാൽ ഗ്രഹണ ദിവസം സകല വാതിലും ജനലും എന്തിന് വീടിൻ്റെ ഓടുകൾക്കിടയിൽ വെച്ചിരുന്ന ചില്ല് പോലും മറച്ച് ഞങ്ങൾ കുടുംബം ഒന്നായി ടിവിയുടെ മുന്നിലിരുന്നു ദൂരദർശനിലെ ലൈവ് കണ്ടു.

ആ ലൈവ് ഷോക്കിടയിലാണ് കൊറോണ എന്ന പദം ഞാൻ ആദ്യമായി കേൾക്കുന്നത്. കൊറോണയെന്നാൽ സൂര്യന്റെ അന്തരീക്ഷം. സാധാരണ ദിവസങ്ങളിൽ സൂര്യനിൽ നിന്നുള്ള തീവ്രപ്രകാശം കാരണം ഈ കോറോണയെ കാണാൻ സാധിക്കില്ല. (ഇപ്പോഴത്തെ കൊറോണയും അങ്ങനെ തന്നെ. അനുഭവിച്ചേ പഠിക്കൂ.) അപൂർവമായി ഉണ്ടാകുന്ന സമ്പൂർണ സൂര്യ ഗ്രഹണ സമയത്ത് മാത്രമാണ് കാണാൻ സാധിക്കുക എന്നതിനാൽ ഈ ഗ്രഹണത്തിന് ശാസ്ത്രത്തിൽ വലിയ പ്രാധ്യാന്യമുണ്ട് പോലും.

പിന്നീട് വർഷങ്ങൾക്കിപ്പുറം പെണ്ണുമ്പിള്ളയുമായി ഒരു സെക്കന്റ് ഹണിമൂണായി അബുദാബിയിൽ ചുറ്റിയടിക്കുമ്പോഴാണ് പത്രത്തിൽ കോറോണയെ കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ട് തുടണ്ടിയത്. സത്യം പറയാലോ, വളരെ സന്തോഷമാണ് തോന്നിയത്. ചൈനയിൽ കൊറോണ എന്നൊരു വൈറസ് പടരുന്നു. അങ്ങനെ വേണം. ലോകം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി അയച്ച് കഷ്ടപ്പെടുത്തുന്ന ചൈന. ഇടയ്ക്കിടെ നമ്മളെ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ചൈന. അങ്ങനെ തന്നെ വേണം. എല്ലാം വൈറസ് പിടിച്ചു ചാകട്ടെ. പക്ഷെ ഈ വൈറസിന് പാസ്‌പോർട്ടും വിസയും ഒരു വിഷയമല്ല എന്നും അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത് എന്നും ഭൂരിഭാഗം ജനങ്ങളെയും പോലെ ഞാനും മറന്നു. ഇതൊക്കെ അവർക്ക് മാത്രം ബാധകമായ കാര്യം എന്നോർത്ത് ഞാൻ സമാധാനിച്ചു. ആ ഒറ്റ ധൈര്യത്തിലാണ് അബുദാബി ബസ് ഡിപ്പോയിലെ കടയിലെ മലയാളിയോട് ഫ്രീയായി ഒരു ഉപദേശം ഞാൻ നൽകിയത്. "ഒരു മാസ്‌ക് വെച്ച് നിന്നു കൂടെ? ചൈനക്കാർക്കൊക്കെ കോറോണയാണ്. അവർ വന്നാൽ ചിലപ്പോൾ നിങ്ങൾക്കും പകരും കേട്ടോ. ഒരു മാസ്‌ക് വെയ്ക്കുന്നത് നല്ലതാണ്."

ഇപ്പോൾ ഡബിൾ മാസ്‌ക് വെച്ച് നടക്കുന്ന ഞാൻ. ഉപദേശത്തിന് കുറവൊന്നും ഇല്ല. അതും ഇപ്പോൾ ഡബിൾ തന്നെ. കമ്പനിയിൽ സഹപ്രവർത്തകർക്ക് ഉപദേശം കൊടുക്കുന്നത് ഇപ്പോൾ ജോലിയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ അതിനെ ഫ്രീ ഉപദേശമെന്ന് വിളിക്കാനാകില്ല. വീട്ടിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുമ്പോഴോ പോയി വരുമ്പോഴോ ഉപദേശങ്ങൾ ഫ്രീയായി നൽകാറുണ്ട്. ജീവിച്ചു പോകണമല്ലോ.

പൊരുതുക തന്നെ. അവസാനം വരെ പൊരുതുക. സംശയിക്കേണ്ട. കോറോണയുടെ അവസാനം എന്ന് തന്നെയാണ് പറഞ്ഞത്.