Thursday 1 October 2015

ഓണപൂക്കള്‍ കൊഴിഞ്ഞപ്പോള്‍



"ഈ കൂതറ പിള്ളേരെ കൊണ്ട് ഇനി എങ്ങോട്ടും പോണില്ല. മതിയായി."

അല്ലെങ്കിലും വീട്ടിലെ ചെറുതുങ്ങളെയും മക്കളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയാല്‍ ഞാന്‍ മിക്കവാറും ഈ ഡയലോഗ് അടിച്ചു കൊണ്ടായിരിക്കും വീട്ടിലേക്ക് തിരിച്ചു കയറുന്നത്. അത് കൊണ്ട് തന്നെ ആരും മൈന്‍ഡ് ചെയ്തില്ല.

പുലി കളി കണ്ട് വന്ന വിശേഷമാണ് പറഞ്ഞത്.

ആകെ  കൂടി  വല്ലാത്ത ക്ഷീണം. ഐസ് ക്രീമും, കപ്പലണ്ടിയും, അല്‍പ സ്വല്‍പം കളിപ്പാട്ടങ്ങളും മറ്റും പോക്കറ്റിന്‍റെ  കനം നന്നായി കുറച്ചത് കൊണ്ട് അത്രയും ഭാരം കുറച്ച് ചുമക്കേണ്ടി വന്നത് ഒരു ആശ്വാസം.

ഒട്ടൊന്നു വൈകി വീട്ടിലേക്ക് തിരിച്ചു കയറിയപ്പോള്‍ കാണുന്നത് മുറ്റത്ത് പ്രതിഷ്ടിച്ച തൃക്കാക്കരയപ്പനെ എടുത്തു മാറ്റുന്ന അമ്മ !!!!

ഓ! അപ്പൊ ഓണം കഴിഞ്ഞല്ലേ... ഉള്ളില്‍ ഒരു ചെറിയ വിഷമം.

ഓര്‍മ്മച്ചെപ്പില്‍ നിന്നും ഒരു മങ്ങിയ കാഴ്ച എന്നില്‍ അപ്പോള്‍ എങ്ങിനെയോ കയറി വന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1989 - ല്‍ : ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്. ഞാന്‍ വല്യച്ഛന്‍ എന്ന്‍ വിളിക്കുന്ന എന്‍റെ അച്ചാച്ഛന്‍ (അമ്മയുടെ അച്ഛന്‍) കാന്‍സര്‍ വന്ന് കിടപ്പിലായിരുന്നു. ശരീരം അനക്കാനാവാതെ കിടന്ന കിടപ്പില്‍ കിടന്നിരുന്നു അദ്ദേഹം.

അതൊരു ഓണക്കാലം. ആവേശത്തോടെ, സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും ഓണത്തപ്പനെ വരവേറ്റു. മുറ്റത്ത് പൂക്കളവും തൃക്കാക്കയപ്പനും കൊച്ചു സദ്യയുമായി ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഒടുവില്‍ പുലിക്കളിയും കഴിഞ്ഞ് രാത്രിയായി.

ഇറയത്ത്‌ വച്ചിരുന്ന തൃക്കാക്കരയപ്പനെ എടുത്ത് മാറ്റാന്‍ വന്ന അമ്മ. അപ്പോള്‍ വല്യച്ഛന്‍ പറഞ്ഞു, "കുറച്ച് കഴിഞ്ഞ് എടുക്കാം മോളേ." അമ്മ തിരിച്ചു പോയി. വല്യച്ഛന്‍  തൃക്കാക്കരയപ്പനെ നോക്കി കിടന്നു. എന്‍റെ അന്നത്തെ  പ്രായത്തില്‍ ആ നോട്ടത്തിന്‍റെ ആഴം ശരിക്ക് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ, എന്തോ എനിക്ക് ഒരു വല്ലായ്ക തോന്നിയിരുന്നു. തൃക്കാക്കരയപ്പന്‍ തിരികെ പോകുന്നതില്‍ എനിക്കും വിഷമം ഉണ്ടായിരുന്നു. എനിക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും ഞാന്‍ കിടന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ പിന്നെയും വന്നു, "തൃക്കാക്കരയപ്പനെ എടുക്കട്ടെ അച്ഛാ?" അമ്മ വല്യച്ഛനോട്‌ ചോദിച്ചു.

"കുറച്ച് കൂടി കഴിയട്ടെ മോളേ" വല്യച്ഛന്‍ പിന്നെയും പറഞ്ഞു.

സത്യത്തില്‍  തൃക്കാക്കരയപ്പനെ എടുക്കുകയേ വേണ്ട എന്നാണ് എന്‍റെ മനസ്സില്‍.  എന്നാല്‍ ആരോടും ഒന്നും തുറന്ന് പറഞ്ഞില്ല.

"അച്ഛാ, സമയം പാതിരാത്രിയായി, ഇനി തൃക്കാക്കരയപ്പനെ എടുക്കാതെ എങ്ങനെയാ?" അമ്മ ചോദിച്ചു. വല്യച്ഛന്‍ മറുപടിയൊന്നും പറഞ്ഞില്ല.

തൃക്കാക്കരയപ്പനെ തൊഴുത് യാത്രയാക്കിയ ശേഷം ഇരുത്തിയിരുന്ന ഇലയോട് കൂടി തന്നെ തൃക്കാക്കരയപ്പനെ എടുത്ത് അമ്മ വേലിക്കും കിണറിന്‍റെ മറയുടേയും  ഇടയില്‍ കൊണ്ട് പോയി ഉപേക്ഷിച്ചു. എന്‍റെ ഉള്ളില്‍ എന്തെന്നില്ലാത്ത വേദന തോന്നി. മുറ്റത്ത് നിന്നും തിരിച്ചു കയറിയ അമ്മ ഉറങ്ങാതെ കണ്ണ് മിഴിച്ചു കിടക്കുന്ന എന്നെ കണ്ട്. "നീ ഇത് വരെ ഉറങ്ങിയില്ലേ?" മറുപടിയായി ഞാന്‍ എന്തോ പറഞ്ഞു എന്ന് തോന്നുന്നു.

"പണ്ട് ഞങ്ങള്‍ കുട്ടികള്‍ ആയിരിക്കേ അച്ഛന്‍ ഓണം കഴിഞ്ഞു എന്നും പറഞ്ഞ് തൃക്കാക്കരയപ്പനെ എടുക്കാന്‍ വരുമ്പോള്‍ കുറച്ച് കഴിഞ്ഞു മതി അച്ഛാ എന്ന് പറഞ്ഞ് ഞങ്ങള്‍ ചിനുങ്ങാരുണ്ടായിരുന്നു. ഇന്നിപ്പോള്‍ അച്ഛന്‍ ഞങ്ങളോട് അങ്ങനെ പറയാന്‍ തുടങ്ങിയിരിക്കുന്നു." പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരിക്കണം. തീര്‍ച്ച.

തന്‍റെ ജീവിതത്തില്‍ ഇനി ഒരു ഓണം ഉണ്ടാകില്ല എന്ന തിരിച്ചറിവാണോ വല്യച്ഛന്‍റെ ആ അപേക്ഷയുടെ പിന്നില്‍? ആയിരിക്കണം.

കൃത്യം ഒരു മാസം തികഞ്ഞപ്പോള്‍ അവസാനത്തെ ഓണവും ആഘോഷിച്ച്, മക്കളുടെ സ്നേഹപൂര്‍ണമായ പരിചരണവും ആസ്വദിച്ച് അദ്ദേഹം ഞങ്ങളെ വിട്ടു പോയി.

വര്‍ഷങ്ങള്‍ ഏറെ മുന്‍പുള്ള ഈ ഒളി മങ്ങിയ ഓര്‍മ്മ പെട്ടെന്ന് എങ്ങനെ മനസിലേക്ക് വന്നെത്തി? ആവോ? ഒരു പക്ഷെ അന്ത്യ നിമിഷങ്ങള്‍ കാത്ത് അനങ്ങാനാവാതെ ഇപ്പോള്‍ കട്ടിലില്‍ കിടക്കുന്ന ഞാന്‍ വല്യമ്മ എന്ന്‍ വിളിക്കുന്ന എന്‍റെ അമ്മൂമ്മയോ, തൃക്കാക്കരയപ്പനെ എടുത്ത് മാറ്റുന്ന അമ്മയോ. എന്തോ. അല്ലെങ്കിലും ഈ മനസ്സിന്‍റെ കാര്യം അങ്ങനെയാണല്ലോ. ഒരു എത്തും പിടിയും തരില്ല!!!

Wednesday 2 September 2015

മലരേ..........



ഓണാഘോഷത്തിന്‍റെ ആലസ്യത്തില്‍ കിടക്കുമ്പോള്‍ ഒരു പാട്ട് മൂളാന്‍ തോന്നി.

അപ്പോഴാണ്‌ എന്‍റെ ശ്രീമതി ചിന്നുവിന്‍റെ വരവ്. എന്നാല്‍ പിന്നെ അവളെ കുറിച്ച് തന്നെ ആകട്ടെ പാട്ട് എന്ന് തീരുമാനിച്ചു. ഒരു പാട്ടങ്ങ്ട് കാച്ചി.

"ചിന്നൂ നിന്നെ കാണാതിരുന്നാല്‍................"

"ഊം, മനസിലായി മനസിലായി...."

"എന്ത് മനസിലായി എന്നാ?"

"ചേട്ടന്‍ എന്താ പാടി വരുന്നേ എന്ന്"

"എന്താ നീ തന്നെ പാടൂ"

"അത് വേണോ ചേട്ടാ? നമ്മള്‍ രണ്ടാളും അറിഞ്ഞ സ്ഥിതിക്ക് ഇനിയും പാടണോ?"

"പാടൂ, ഇനി സംശയം വേണ്ടല്ലോ." ഞാന്‍ പറഞ്ഞു. ഒന്ന് കൂടെ പാടി, "ചിന്നൂ നിന്നെ കാണാതിരുന്നാല്‍............"

അവള്‍ അത് പൂരിപ്പിച്ചു, "എന്തൊരു സന്തോഷം, എന്തൊരു സമാധാനം"

ഹോ! ഇതിനെയാണോ ഭര്‍ത്താവിന്‍റെ മനസ്സറിയുന്ന ഭാര്യ എന്നൊക്കെ പറയുന്നത്!!!???

Tuesday 11 August 2015

നമ്മുടെ "സ്വപ്ന മനുഷ്യന്‍" വിട വാങ്ങിയപ്പോള്‍







അന്ന്, 2015 ജൂലൈ 27 വൈകീട്ടാണ് ചെറുതോണിയില്‍ നിന്നും തൃശൂര്‍ക്ക് ഞാന്‍ വണ്ടി കയറിയത്. പോയിട്ട് പിടിപ്പത് ജോലിയുണ്ട്. പാപ്പനും മേമയും കടയില്‍ കാത്തിരിക്കുന്നു. ഞാന്‍ ചെന്നിട്ട് വേണം ബാക്കി കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍. എല്ലാം മനസ്സില്‍ കണക്കു കൂട്ടി ബസില്‍ ഇരിക്കുമ്പോള്‍ ഒന്ന് മയങ്ങാന്‍ പോലും സാധിച്ചില്ല.

അതെ, "നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് എന്തോ, അതാണ്‌ സ്വപ്നം" നമ്മുടെ സ്വപ്ന മനുഷ്യന്‍ അബ്ദുല്‍ കലാം പറഞ്ഞത് എത്ര ശരി!!!

തൃശ്ശൂരില്‍ എത്തിയപ്പോള്‍ രാത്രി എട്ടര. വേഗം സെന്‍ട്രല്‍ സര്‍ജിക്കല്‍സിലേക്ക് വിട്ടു. ഹ്രസ്വമായ സംഭാഷണങ്ങള്‍ക്ക് ശേഷം ചില തീരുമാനങ്ങളുമായി തിരിച്ചിറങ്ങിയപ്പോള്‍ സമയം ഒമ്പതര. അപ്പോഴാണ്‌ പാപ്പന് ഒരു ഫോണ്‍ വന്നത്. പാപ്പന്‍ ആകെ ടെന്‍ഷന്‍ അടിച്ച പോലെയുണ്ട്. "മോളെ, വിഷമിക്കണ്ട. സാരമില്ല" എന്നൊക്കെ പറയുന്നുണ്ട്. അത് കേട്ടപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി.

"എന്ത് പറ്റി പാപ്പാ, ശ്രീക്കുട്ടി എന്താ പറഞ്ഞത്?" ഞാന്‍ ചോദിച്ചു. വിഷണ്ണനായി പാപ്പന്‍ പറഞ്ഞു, "നമ്മുടെ അബ്ദുല്‍ കലാം മരിച്ചു."

"എന്ത്!!!" വാര്‍ത്ത‍ വിശ്വസിക്കാനായില്ല. "ശ്രീക്കുട്ടി വിഷമം സഹിക്കാനാവാതെ വിളിച്ചതാ. നീയും ഒന്ന് അവളെ വിളിച്ചു സമാധാനിപ്പിക്കൂ" പാപ്പന്‍ പറഞ്ഞു.

ഞാന്‍ മൊബൈലില്‍ വാര്‍ത്തകള്‍ തിരഞ്ഞു. അതെ, കേട്ട വാര്‍ത്ത‍ ശരിയാണ്. നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, നമ്മുടെ അഭിമാനം വാനോളം എന്നല്ല, അതിനും അപ്പുറം ഉയര്‍ത്തി പിടിച്ച നമ്മുടെ സ്വന്തം പ്രസിഡന്റ്‌ ഇന്ന് നമ്മോടൊപ്പം ഇല്ല.

നീറുന്ന ഹൃദയവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു. അമ്പാടിയുടെ ഗുണ്ടായിസത്തിനു മുന്നില്‍ വീട്ടിലെ എല്ലാവരും കീഴടങ്ങി ടി വി യില്‍ കൊച്ചു ടി വി മാത്രം അരങ്ങു തകര്‍ക്കുമ്പോള്‍ ഈ വാര്‍ത്ത ആരും അറിഞ്ഞിരുന്നില്ല.

ഞാന്‍ ചെന്ന പാടേ പറഞ്ഞു, "അമ്മെ, നമ്മുടെ അബ്ദുല്‍ കലാം മരിച്ചെന്ന്!!" വേഗം ടി വി യുടെ റിമോട്ട് എടുത്ത് വാര്‍ത്താ ചാനല്‍ വച്ചു. തന്‍റെ പ്രിയപ്പെട്ട  കൊച്ചു ടിവി മാറ്റിയതും അമ്പാടിയുടെ ശബ്ദം ഉയര്‍ന്നു. "മിണ്ടാതിരിക്കൂ മോനെ" എല്ലാവരും അവനെ ശാസിച്ചു. വിഷമം സഹിക്കാതെ അവന്‍ മുഖം പൊത്തി തേങ്ങി  കരയാന്‍ തുടങ്ങി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛന്‍ കൈ കുടഞ്ഞ്‌ ഓടി വന്നു ടിവി യിലെ വാര്‍ത്ത‍ ഒരു നെടുവീര്‍പ്പോടെ കണ്ടു. താടിക്ക് കയ്യും കൊടുത്ത് നനഞ്ഞ കണ്ണുകളോടെ അമ്മയും നിന്നു. കുറുമ്പ് കാണിക്കുന്ന നന്ദന കുട്ടിയെ അടക്കി നിര്‍ത്താന്‍ പാട് പെട്ട് കൊണ്ട് എന്‍റെ ഭാര്യയും വിഷണ്ണയായി ആ വാര്‍ത്ത‍ കണ്ട്. വീട്ടിലെ അന്തരീക്ഷം ശോക മൂകമായത് കണ്ട അമ്പാടി എന്തോ പ്രശ്നം മണത്ത് വാശി ഉപേക്ഷിച്ചു.

അവന്‍റെ അടുത്ത് അമ്മ പോയിരുന്നു അവനോടു പറഞ്ഞു, "മോനെ, അതാരാ എന്ന്‍ അറിയാമോ? അതാണ്‌ എ പി ജെ അബ്ദുല്‍ കലാം. അദ്ദേഹമാണ് നമുക്ക് വല്യ വല്യ റോക്കറ്റും മിസൈലും ഒക്കെ ഉണ്ടാക്കി തന്നത്. നല്ലൊരു പ്രസിഡന്റ്‌ ആയിരുന്നു."

"റോക്കറ്റില്‍ കയറി നമുക്ക് ആകാശത്തേക്ക് പോകാം, അല്ലെ അച്ചമ്മേ?" അമ്പാടി ചോദിച്ചു.

"അതെ മോനെ, ഇനി മോന്‍ വലുതാകുമ്പോള്‍ ചിലപ്പോള്‍ നീയായിരിക്കും ഇന്ത്യയില്‍ നിന്നും ചന്ദ്രനിലും ചൊവ്വയിലും ഒക്കെ പോകുന്നത്"

"അപ്പൊ ഞാന്‍ പുതിയ മൊബൈല്‍ വാങ്ങിക്കും. എന്നിട്ട് ആകാശത്ത് നിന്നും നമ്മുടെ വീടിന്‍റെ ഫോട്ടോ എടുക്കും. എന്നിട്ട് വാട്ട്‌സ്ആപ്പില്‍ അയച്ചു തരും"

അങ്ങനെ അബ്ദുല്‍ കലാമിന്‍റെ കഥകള്‍ കേട്ട് അവന്‍ ഉറങ്ങി.

പിറ്റേന്ന് രാവിലെ അമ്പലത്തില്‍ പോകാന്‍ ഞാന്‍ ഒരുങ്ങിയപ്പോള്‍ ചോദിച്ചു, "അമ്പാടി പോരുന്നോടാ?".

"ഇല്ല" പെട്ടെന്ന് തന്നെ മറുപടി വന്നു.

അമ്മ വേഗം വന്നു പറഞ്ഞു, "മോനെ അമ്പലത്തില്‍ പോകൂ. എന്നിട്ട് അബ്ദുല്‍ കലാമിന് വേണ്ടി പ്രാര്‍ത്ഥിക്കൂ."

"അയാള്‍ മരിച്ചില്ലേ അച്ചമ്മേ. ഇനി എന്തിനാ പ്രാര്‍ത്ഥിക്കുന്നേ?" അവന്‍റെ സംശയം ന്യായമാണ്.

"അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകണേ എന്ന് പ്രാര്‍ഥിക്കണം"

"ശരി അച്ചമ്മേ" അമ്പാടി എന്‍റെ കൂടെ അമ്പലത്തിലേക്ക് വന്നു.

ഞങ്ങളുടെ തട്ടകത്തെ അമ്പലമായ വട്ടപ്പിന്നി ഭഗവതി ക്ഷേത്രത്തില്‍ പോയി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.

ചെന്ന പാടേ അമ്പാടി ഉറക്കെ തന്‍റെ പ്രാര്‍ത്ഥന തുടങ്ങി, "ശാമീ... അബുദു കലമിനെ സൊര്‍ഗത്തില്‍ കൊണ്ട് പോണേ...  അച്ഛാ കഴിഞ്ഞു. ഇനി പോകാം..."


Monday 4 May 2015

വിനയപ്പന്‍.

വിനയപ്പന്‍.

വിനയപ്പന്‍ ഒരു പ്രാന്തനായിരുന്നു. അഥവാ ഒരു വട്ടന്‍. തലയ്ക്ക് സുഖമില്ലാതെ പാട്ടും പാടി തെറിയും വിളിച്ച് തലയിലും കയ്യിലും നിറയെ പൂക്കളുമായി അലഞ്ഞു നടക്കുന്ന പാവം വിനയപ്പന്‍.

വിനയപ്പന്‍ മിടുക്കനായ ഒരു വിദ്യാര്‍ഥി ആയിരുന്നു എന്നും, ഒരു അപകടത്തില്‍ തലയ്ക്ക് ഏറ്റ ശക്തമായ പ്രഹരമാണ് വിനയപ്പന്‍റെ മനോ നില തെറ്റിച്ചതെന്നും കേട്ടിട്ടുണ്ട്. ആരെ തെറി വിളിച്ചാലും, പാട്ട് പാടിയാലും കുട്ടികളെ വിനയപ്പന് വളരെ ഇഷ്ടമായിരുന്നു. കുട്ടികള്‍ക്ക് തിരിച്ചും. അവര്‍ക്ക് അയാള്‍ പൂക്കള്‍ കൊടുക്കും. അവര്‍ക്ക് വേണ്ടി പൂ പൊട്ടിക്കാന്‍ ഏതു മരത്തിലും മതിലിലും വലിഞ്ഞു കയറുമായിരുന്നു വിനയപ്പന്‍.

എന്‍റെ മോന്‍ അമ്പാടിക്ക് വിനയപ്പന്‍ "പൂവച്ചാച്ഛന്‍" ആയിരുന്നു. വിനയപ്പനെ ഒട്ടൊരു കൌതുകത്തോടെയും ഒരല്‍പം പേടിയോടെയും നോക്കിയിരുന്ന എന്‍റെ ഒക്കത്തിരുന്ന്‍ അമ്പാടി വിനയപ്പനെ പൂവച്ചാച്ഛന്‍ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു. അവര്‍ പരസ്പരം പുഞ്ചിരി സമ്മാനിച്ചിരുന്നു. അമ്പാടി മാത്രമല്ല, നാട്ടിലെ കൊച്ചു കുട്ടികളുടെയെല്ലാം പ്രിയങ്കരനായിരുന്നു വിനയപ്പന്‍.

ചികിത്സകളുടെ ഫലമായി വിനയപ്പന്‍റെ വട്ടിനു ഒട്ടൊരു ശമനം ഉണ്ടായി. പിന്നെ ലോട്ടറി കച്ചവടമായിരുന്നു വിനയപ്പന്. ഇടയ്ക്ക് വല്ലപ്പോഴും ഞാനും എടുക്കാറുണ്ട്. ഒന്ന് പോലും അടിച്ചില്ല എന്ന് മാത്രം. ഇടയ്ക്ക് വഴിയില്‍ കാണുമ്പോള്‍ വിനയപ്പന്‍ പറയും, "മോനെ, രണ്ട് ലോട്ടറി മാത്രം ബാക്കി. ഒന്ന്‍ എടുക്കെടാ" പലപ്പോഴും വിനയപ്പന്‍റെ അപേക്ഷയില്‍ ഞാന്‍ ലോട്ടറി എടുത്തിട്ടുണ്ട്.

അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഇടുക്കിയിലെ കടയിലേക്ക് പോകണം. അതോടൊപ്പം ചുറ്റി കറങ്ങാന്‍ ഭാര്യയേയും കുട്ടികളേയും കൂട്ടണം. അതിന് മുന്‍പ്  തൃശ്ശൂരില്‍ നിന്നും കുറച്ച് സാധനങ്ങള്‍ വണ്ടിയില്‍ കയറ്റണം. ആകെ തിരക്ക്. രാത്രിയാകും മുന്‍പ് ഇടുക്കിയില്‍ എത്തണം. ഇല്ലെങ്കില്‍ കാട്ടിലൂടെ രാത്രി ഭാര്യയേയും കൊച്ചു കുഞ്ഞുങ്ങളെയും കൂടി വണ്ടി ഓടിക്കേണ്ടി വരും. ആകെ തിരക്ക് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോഴാണ് വിനയപ്പന്‍ വന്നത്.

"മോനെ, രണ്ട് ലോട്ടറി കൂടിയേ ഉള്ളൂ. എടുക്കെടാ" വിനയപ്പന്‍റെ അപേക്ഷ പക്ഷെ ഞാന്‍ നിരസിച്ചു. "എന്‍റെ വിനയപ്പാ, ഇപ്പൊ വേണ്ട. ഞാന്‍ പോയി വന്നിട്ട് എടുക്കാം" ഞാന്‍ ഉറപ്പ് കൊടുത്തു. ഇന്‍ഷുറന്‍സ് എജന്റ്റ്മാരെ പോലെ കഴുത്തില്‍ തൂങ്ങാന്‍ ഒന്നും വിനയപ്പന്‍ നിന്നില്ല. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

ഞാന്‍ എന്‍റെ തിരക്കുകളിലേക്ക് മുഴുകി. ഒരല്‍പം വൈകിയാണെങ്കിലും സുരക്ഷിതരായി ഇടുക്കിയില്‍ എത്തി. കടയിലേക്ക് വേണ്ട സാധനങ്ങള്‍ കൊടുത്തു, അടുത്ത രണ്ടു ദിവസങ്ങള്‍ അവിടെ കറങ്ങി അടിച്ചു ഞായറാഴ്ച ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.

വീടിനടുത്തുള്ള വലിയാലുക്കള്‍ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ എതിരേറ്റത് ഒരു കൊച്ചു ഫ്ലെക്സ് ബോര്‍ഡ്‌ ആയിരുന്നു. "ആദരാഞ്ജലികള്‍ - വിനയപ്പന്‍ (51)" നാട് നീളെ കുട്ടികള്‍ക്ക് പൂക്കള്‍ നല്‍കി പട്ടു പാടി നടന്ന വിനയപ്പന്‍റെ ചിത്രം അതാ  കുറെ പൂക്കള്‍ക്ക് നടുവില്‍.

"അല്ലാ, നമ്മുടെ വിനയപ്പന്‍ മരിച്ചോ?" വിശ്വസിക്കാനായില്ല!

വിനയപ്പന്‍ എന്‍റെ ആരായിരുന്നു? ആരുമല്ല. നാട്ടില്‍ തെണ്ടി നടക്കുന്ന വെറും ഒരു പ്രാന്തന്‍. എന്നിട്ടും എന്‍റെയുള്ളില്‍ എന്തിനീ വേദന? അറിയില്ല.

വീട്ടില്‍ എത്തിയതും അച്ഛനോട് ചോദിച്ചു, "വിനയപ്പന് എന്ത് പറ്റി?"

"വട്ടപ്പിന്നി സെന്ററില്‍ ലോട്ടറി വിറ്റ് നടക്കുന്നതിനിടയില്‍ പെട്ടെന്ന്‍ കുഴഞ്ഞ് വീണു. അപ്പൊ തന്നെ മരിച്ചു" അച്ഛന്‍റെ ഉള്ളില്‍ നിന്നും വേദനയോടെ വാക്കുകള്‍ പുറത്ത് വന്നു.

"വിനയപ്പന്‍റെ അമ്മയെ കണ്ടു. പാവം. ഒന്ന് കരഞ്ഞ് പോലുമില്ല. എന്നെ കണ്ടപ്പോള്‍ ചെറുതായി ചിരിച്ചു, എന്നിട്ട് പറഞ്ഞു എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഞാന്‍ മരിക്കുന്നതിന് മുന്‍പ് എന്‍റെ മോന്‍ മരിക്കണേ എന്ന പ്രാര്‍ത്ഥന" അത് പറയുമ്പോള്‍ എന്‍റെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.

"വിനയപ്പനെ യാത്രയാക്കാന്‍ ഒരുപാട് പേര്‍ വന്നിരുന്നു. നമ്മുടെ നാട്ടിലെ മറ്റൊരാളുടെയും ശവടക്കിന് ഇത്രയും ആള്‍ക്കാര്‍ വന്ന് കണ്ടിട്ടില്ല." അതേ! ഞങ്ങളുടെ പ്രാന്തന്‍ വിനയപ്പന്‍ ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു.

Monday 23 February 2015

അമ്പാടിയുടെ ചിത്ര രചനയുടെ കഥ...


അമ്പാടി ചിത്ര രചനയിലാണ്. അലമാരയുടെ വാതിലില്‍ ചോക്ക് കൊണ്ട് വരച്ച ചിത്രങ്ങള്‍ ചൂണ്ടി കാട്ടി അവന്‍ പറഞ്ഞു, "അച്ഛാ നോക്കൂ ഞാന്‍ വരച്ച ചിത്രം"
എത്ര സൂക്ഷിച്ചു നോക്കിയിട്ടും എനിക്ക് ഒന്നും മനസിലായില്ല. "എന്താണിത് അംബാടീ?" ഞാന്‍ ചോദിച്ചു.
"ഇത് കുറച്ച് പക്ഷികള്‍, ഇനിയും ഉണ്ട്, ഇത് ഇടുക്കി ഡാം, ഇത് കാട്, ഇത് ആന, ഇത് മലകള്‍ അങ്ങനെയങ്ങനെ..."
"അച്ഛാ, ഇനി ഞാന്‍ എന്താ വരയ്ക്കേണ്ടത്?" അവന്‍ ചോദിച്ചു.
"മോനേ, നീ ഇനി ഒരു എയര്‍പ്ലെയിന്‍ വരയ്ക്കൂ" ഞാന്‍ പറഞ്ഞു.
"ഓക്കേ അച്ഛാ, പ്ലെയിന്‍ മേഘത്തിന്‍റെ ഇടയില്‍ കൂടി പറക്കുന്നത് വരയ്ക്കാം" അവന്‍ പറഞ്ഞു.
ഏതാനും സെക്കണ്ടുകള്‍ക്കുള്ളില്‍ അവന്‍റെ ചിത്ര രചന തീര്‍ന്നു, "നോക്കൂ അച്ഛാ"
ഞാന്‍ നോക്കി, "ഇതില്‍ എവിടെയാ അമ്പടീ പ്ലെയിന്‍?" ഞാന്‍ ചോദിച്ചു.
"ശ്ശൊ! ഈ അച്ഛന് ഒന്നും അറിയില്ല. അതല്ലേ ഞാന്‍ പറഞ്ഞത് പ്ലെയിന്‍ മേഘത്തിന്‍റെ ഇടയില്‍ കൂടിയാ പറക്കുന്നെ എന്ന്. അപ്പോ പിന്നെ പ്ലെയിന്‍ കാണുന്നതെങ്ങിനെ?"