Friday 16 July 2021

മലയാളി പൊളിയല്ലേ

എന്തിനോ വേണ്ടി തിളയ്ക്കുന്ന എ പ്ലസ്‌.

കേരളം നമ്പര്‍ വണ്‍. നൂറ് ശതമാനം സാക്ഷരത എന്ന് പറയുന്നതൊക്കെ പണ്ട്. ഇപ്പോള്‍ അത് ഏതാണ്ട് നൂറ് ശതമാനം ഡിഗ്രി എന്നാക്കേണ്ടിയിരിക്കുന്നു. അതേ, എല്ലാവര്‍ക്കും ഡിഗ്രിയുള്ള ലോകത്തെ ആദ്യത്തെ ജനത എന്ന റെക്കോര്‍ഡ്‌ മലയാളി നേടാന്‍ അധികം സമയമില്ല എന്ന് തോന്നുന്നു. മലയാളി പൊളിയല്ലേ.

പണ്ടൊക്കെ ഞങ്ങള്‍ പത്തില്‍ പഠിക്കുന്ന സമയത്ത് കൂടി വന്നാല്‍ അമ്പത് ശതമാനം മാത്രം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇരുന്നൂറ്റി പത്ത് എന്ന കടമ്പ കടന്ന് പാസ്‌ എന്ന് എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്തി കിട്ടിയിരുന്നുള്ളൂ. ഇന്നിപ്പോള്‍ ചുമ്മാ പരീക്ഷാ ഹാളില്‍ ഒന്ന് പോയി വന്നാല്‍ മതിയെന്നായിരിക്കുന്നു. ഞങ്ങളുടെ കാലത്തെക്കാള്‍ വിജയശതമാനം കൂടുതല്‍ ആയതിന്റെ അസൂയ ആണെന്ന് കരുതിയെങ്കില്‍ അങ്ങനെ കരുതിക്കോ. എനിക്കൊരു ചുക്കുമില്ല.

പഠിച്ചിരുന്നത് സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നെങ്കിലും മലയാളവും ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ പഠിപ്പിച്ചേ ടീച്ചര്‍മാര്‍ വിടാറുള്ളൂ. അത് കൊണ്ട് പിന്നീട് ജോലി തേടി നാട് വിട്ടപ്പോള്‍ അധികം ബുദ്ധിമുട്ടാതെ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ സാധിച്ചു. ഇന്ന് എ പ്ലസ്‌ വാങ്ങിയ കുട്ടികളോട് ഇംഗ്ലീഷിലോ ഹിന്ദിയിലോ അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എത്ര പേര്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കും? പോകട്ടെ – “ബ” യും “ഭ” യും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് എത്ര പേര്‍ക്ക് കൃത്യമായി പറയാന്‍ സാധിക്കും? ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനൊന്നാം ക്ലാസ്സില്‍ എത്തിയ കുട്ടികളോട് അവര്‍ പത്തില്‍ പഠിച്ച സ്കൂളിനെ കുറിച്ച് ഒരു പേജില്‍ എഴുതാന്‍ പറഞ്ഞിട്ട് അവര്‍ എഴുതി വെച്ചത് കണ്ട് കരഞ്ഞു പോയിട്ടുണ്ട്. യാതൊരു നിലവാരവും കാത്ത് സൂക്ഷിക്കാതെ ചുമ്മാ ജയിപ്പിച്ചു വിട്ടത് കൊണ്ട്, കുട്ടികള്‍ക്ക് ഇന്ന് പഠനം എന്നത് ഗൗരവമുള്ള ഒരു കാര്യമേ അല്ലാതായിരിക്കുന്നു. ടീച്ചര്‍മാരോട് പണ്ടത്തെ കുട്ടികള്‍ക്കുണ്ടായിരുന്ന സ്നേഹവും ബഹുമാനവും ഇപ്പോഴത്തെ കുട്ടികള്‍ക്ക് ശരിക്കും ഉണ്ടോ?

ഇനി പഠിച്ചു കഴിഞ്ഞ് പൊളിയായ മലയാളികളെ ഒന്ന് നോക്കാം. വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്‌ കൂടുകളിലാക്കി വഴിയരികിലും തോട്ടിലും പുഴയിലും എറിയുന്നതിന് ഇപ്പോഴും ഒരു കുറവും ഇല്ല. കാശ് മുടക്കി പണിത വീടിന് ഷോ കിട്ടുന്നില്ല എന്ന് പറഞ്ഞ് മുറ്റത്തെ മാവും പ്ലാവും മുറിച്ച് അവിടെ ടൈല്‍ പകുന്നവന്‍ മലയാളി. അതും പോരാഞ്ഞ് വീടിന്റെം മുകളിലും മുറ്റത്തും ട്രെസ്സ് അടിച്ച് വെള്ളം മുഴുവന്‍ ഒരു പൈപ്പിലൂടെ റോഡിലേക്ക് ഒഴുക്കുന്നവന്‍ മലയാളി. ഒടുവില്‍ എന്തൊരു ചൂട് എന്തൊരു ജലക്ഷാമം എന്നൊക്കെ പറഞ്ഞ് സര്‍ക്കാരിനെ കുറ്റം പറഞ്ഞ് ലൈക്കടിക്കുന്നവനും മലയാളി. പട്ടിയെ അപ്പിയിടിക്കാന്‍ വൈകീട്ട് റോഡിലെക്കിറക്കുന്നവനും മലയാളി.

എച് ടു ഓയും, എച് ടു എസ് ഓ ഫോറും, പൈതഗോറം സിദ്ധാന്തവും, പ്ലാങ്ക്സ് കോണ്സ്റണ്ടും, എ പ്ലസ്‌ ബി ഹോള്‍ സ്ക്വയറും ഒക്കെ നമ്മള്‍ എന്തിനാണ് പഠിച്ചത്? ഇത് വല്ലതും നമ്മള്‍ ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ? കുറച്ച് കാലം മുന്‍പ് കണ്ട സിനിമയിലെ ഒരു രംഗം ഓര്‍മ്മ വരുന്നു. ബി ടെക്ക് കഴിഞ്ഞ പുത്രനെ ബാങ്കില്‍ കൊണ്ട് പോകുന്ന പിതാവ്. അപ്പുറത്ത് ആരോടോ സംസാരിക്കുന്ന നേരം കൊണ്ട് ഡപ്പോസിറ്റ് സ്ലിപ് എഴുതാന്‍ മകനോട് എഴുതാന്‍ അച്ഛന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഒന്നും എഴുതാതെ നില്‍ക്കുന്ന മകനോട്‌ എന്താണ് എഴുതാത്തത് എന്ന് ചോദിക്കുമ്പോള്‍ അവന്‍ പറയുന്നത് എനിക്ക് അറിയില്ല എന്നാണ്. ഇത്രയും വലുതായിട്ടും ഇത്രയും പഠിച്ചിട്ടും നിനക്ക് ഇതൊന്നും അറിയില്ലേ എന്ന് ചോദിക്കുന്ന അച്ഛനോട് അവന്‍ പറയുന്ന മറുപടിയുണ്ട്. ഇതൊന്നും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല എന്ന്. അതേ അതാണ് ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ജീവിതത്തില്‍ നേരിട്ട് ആവശ്യമുള്ളത് ഒന്നും പഠിപ്പിക്കുന്നില്ല.

ഇന്ന് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ പറ്റി അറിയാം? റോഡ്‌ നിയമങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാം? ഒരു സ്ഥലമോ വീടോ വണ്ടിയോ വില്‍പന നടത്തുന്നത് എങ്ങനെയെന്ന് അറിയാം? സര്‍ക്കാരോഫീസിലെ സേവനങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ ഉപയോഗിക്കണം എന്നും അറിയാം? കമ്പ്യൂട്ടര്‍ നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേര്‍ഡും എക്സലും പഠിപ്പിക്കുന്നുണ്ടോ? ഒരു ബള്‍ബ്‌ മാറ്റിയിടാന്‍, രണ്ട് വയറുകള്‍ കൂട്ടി പിരിക്കാന്‍ അങ്ങനെയങ്ങനെ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ടോ? സംശയിക്കേണ്ട. നമ്മുടെ വിദ്യാഭ്യാസ സിസ്റ്റം തെറ്റാണ് സാര്‍.

മലയാളി പൊളിയാണ് സാര്‍. (ഓര്‍ക്കുക. പൊളി എന്ന വാക്കിന് കള്ളം എന്ന് കൂടി അര്‍ത്ഥമുണ്ട്.) അതേ ഈ പ്രബുദ്ധമലയാളി എന്നും സാക്ഷര കേരളം എന്നുമൊക്കെ പറയുന്നത് വലിയ കള്ളമാണ് സാര്‍.

No comments:

Post a Comment