Friday, 18 June 2021

ഇടുക്കിയിലെ മരണക്കയങ്ങള്‍



ഇടുക്കി ജലാശയത്തിൽ ഇന്നലെ രണ്ട് യുവ ജീവനുകൾ പൊലിഞ്ഞു എന്ന വാർത്ത വളരെ വേദനയോടെയാണ് വായിച്ചത്. ഇടുക്കിയോട് എന്തെന്നില്ലാത്ത ഒരു ആത്മബന്ധമുള്ള ഒരു തൃശ്ശൂർകാരൻ എന്ന നിലയിൽ ഇടുക്കി ജലശയത്തെ പറ്റിയും അവിടത്തെ മറഞ്ഞിരിക്കുന്ന അപകടത്തെ പറ്റിയും എന്തെങ്കിലും പറയണം എന്ന തോന്നലിലാണ് ഇത് എഴുതുന്നത്.

ഇടുക്കിയിലേത് യഥാർത്ഥത്തിൽ ഒരു പ്രകൃതി ദത്ത ജലാശയമല്ല. ഡാം പണിതപ്പോൾ കുത്തനെയുള്ള മലഞ്ചെരിവുകളുടെ ഇടയിൽ വെള്ളം കയറി ഉണ്ടായ വെള്ളക്കെട്ടാണ്. സാധാരണ ജലാശയങ്ങളിൽ കരയിൽ നിന്ന് വെള്ളത്തിലേക്ക് ഭൂമി ചരിഞ്ഞു കൊണ്ടാണ് ഇറങ്ങുന്നത്. എന്നാൽ ഇവിടെ കരയിൽ നിന്ന് വെള്ളത്തിലേക്ക് കുത്തനെയാണ് ഭൂമിയുടെ നിൽപ്പ്. അതിനാൽ വെള്ളത്തിൽ ഇറങ്ങുമ്പോൾ അടുത്ത കാൽച്ചുവട് വെക്കുന്നത് അഗാധ ഗർത്തിലേക്ക് ആയിരിക്കും. എത്ര നന്നായി നീന്തൽ അറിയുന്നവരും ഈ വീഴ്ചയിൽ നില തെറ്റി പോകും. മാത്രമല്ല അവിടത്തെ ഭൂപ്രകൃതിയുടേയും കാലാവസ്ഥയുടേയും പ്രത്യേകത കാരണം അടിഭാഗത്തെ വെള്ളത്തിന് തണുപ്പ് കൂടുതലായിരിക്കും. ഇത് കൈകാലുകൾ കുഴഞ്ഞു പോകാനും ശരീരം പെട്ടെന്ന് തണുത്ത് തളർന്നു പോകുന്നതിനും കാരണമാകുന്നു. ഇക്കാരണങ്ങൾ കൊണ്ട് ഇടുക്കി ജലാശയത്തിൽ പെട്ടാൽ മിക്കവാറും മരണം ഉറപ്പാണ്. സൂക്ഷിക്കുക.

2014-ൽ ആദ്യമായി ഇടുക്കിയിൽ എത്തിയ ഞാൻ പ്രസിദ്ധമായ ഇടുക്കി ഡാം കണ്ടതിന്റെ ആവേശത്തിൽ അതിന്റെ ജലാശയത്തിൽ ഒരടി എടുത്തു വെച്ചപ്പോൾ ദൈവദൂതനെ പോലെയെത്തിയ ഏതോ ഒരു നാട്ടുകാരൻ എന്നെ വിലക്കി. അദ്ദേഹം പറഞ്ഞു തന്ന അറിവാണ് ഇവിടെ പങ്ക് വെക്കുന്നത്. എന്റെ ആയുസ്സിന്‌ പേരറിയാത്ത ആ നല്ലവനായ മനുഷ്യനോട് വലിയ കടപ്പാടുണ്ട്. നന്ദി ചേട്ടാ നന്ദി.

മകളോടൊപ്പം ഇടുക്കി ജലാശയത്തിന്‍റെ അടുത്തുള്ള ഹില്‍ വ്യൂ പാര്‍ക്കില്‍ നിന്നും. ഒരു പഴയ ഫോട്ടോ.

No comments:

Post a Comment