ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ.
ചരിത്രം പലപ്പോഴും ഇങ്ങനെയാണ്. ശരിയായ നീതി പാലിക്കില്ല. നീല്‍ ആംസ്ട്രോങ്ങിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എഡ്വിന്‍ ബുസ് ആല്‍ഡ്രിനെയും കുറെ പേര്‍ അറിയുമായിരിക്കും. എന്നാല്‍ ഇവര്‍ രണ്ട് പേരും ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവരുടെ കമാന്‍ഡ് മൊഡ്യൂള്‍ നിയന്ത്രിച്ച് ചന്ദ്രനും ചുറ്റും കറങ്ങിയ മൈക്കല്‍ കോളിന്‍സ് എന്ന പൈലറ്റിനെ മിക്കവരും അറിയില്ല. അഥവാ അറിയാന്‍ മിനക്കെട്ടില്ല.
ആല്‍ഡ്രിനും ആംസ്ട്രോങ്ങും തങ്ങളുടെ ഈഗിള്‍ പേടകത്തില്‍ കയറി കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രനിലക്കുള്ള ചരിത്ര യാത്ര തുടങ്ങിയപ്പോള്‍ കോളിന്‍സ് തന്‍റെ ക്യാമറയില്‍ ഭൂമിയെ പശ്ചാത്തലമാക്കി ആ ചിത്രം പകര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിലേക്ക് റോക്കറ്റ് വേഗത്തില്‍ പാഞ്ഞു കയറുമെന്ന് അദ്ദേഹം കരുതി കാണില്ല. ആ ചിത്രമാണ് ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ. എന്ന പേരില്‍ ലോക പ്രശസ്തമായത്. അതേ, ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ഇറങ്ങിയപ്പോള്‍ ഉള്ള ചിത്രത്തില്‍ കോളിന്‍സ് ഇടം പിടിക്കാതെ പോയി.
ചന്ദ്രനില്‍ കാല് കുത്താന്‍ സുഹൃത്തുക്കള്‍ പോയപ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയുമായി ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ അവരുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് വര്‍ധിച്ച ഹൃദയമിടിപ്പോടെ അടക്കാനാവാത്ത ടെന്‍ഷനോടെ അദ്ദേഹം ഇരുന്നു. ഇടയ്ക്ക് റേഡിയോ ബന്ധം മുറിഞ്ഞുപോയപ്പോള്‍ തന്‍റെ സുഹൃത്തുക്കളെ ആകാശത്തിന്‍റെ അനന്തതയില്‍ മരിക്കാന്‍ വിട്ട് ഒറ്റയ്ക്ക് തിരിച്ച് പോരേണ്ടി വരുമോ എന്ന അവസ്ഥയില്‍ താന്‍ അനുഭവിച്ച കഠിന വേദന വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് സാധ്യമല്ല എന്നാണ് അദ്ദേഹം പിന്നീടൊരിക്കല്‍ പറഞ്ഞത്. ലോകത്തെ ഏറ്റവും അസഹനീയമായ ഏകാന്തത എന്നാണ് ആ സമയത്തെ നാസ തന്നെ വിശേഷിപ്പിച്ചത്.
ലോക ജനതയെ മുഴുവനായി ഇനിയൊരു ചിത്രം എടുത്താല്‍ അതില്‍ ഇനി കോളിന്‍സ് ഇല്ല. ഇനി ഒരു ചിത്രത്തിലും വരാത്ത വിധത്തില്‍ അദ്ദേഹം കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു. For the Mankind... മനുഷ്യരാശിക്ക് മുഴുവനായി സ്വജീവിതം സമര്‍പ്പിച്ച അങ്ങേക്ക് പ്രണാമം. വിട.
പ്രണാമം
ReplyDeleteകോളിന്‍സിന് വിട , പ്രണാമം ...
ReplyDelete