Wednesday, 28 April 2021

ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ.

ചരിത്രം പലപ്പോഴും ഇങ്ങനെയാണ്. ശരിയായ നീതി പാലിക്കില്ല. നീല്‍ ആംസ്ട്രോങ്ങിനെ അറിയാത്തവരായി ആരും ഉണ്ടാകില്ല. എഡ്വിന്‍ ബുസ് ആല്‍ഡ്രിനെയും കുറെ പേര്‍ അറിയുമായിരിക്കും. എന്നാല്‍ ഇവര്‍ രണ്ട് പേരും ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ അവരുടെ കമാന്‍ഡ് മൊഡ്യൂള്‍ നിയന്ത്രിച്ച് ചന്ദ്രനും ചുറ്റും കറങ്ങിയ മൈക്കല്‍ കോളിന്‍സ് എന്ന പൈലറ്റിനെ മിക്കവരും അറിയില്ല. അഥവാ അറിയാന്‍ മിനക്കെട്ടില്ല.

ആല്‍ഡ്രിനും ആംസ്ട്രോങ്ങും തങ്ങളുടെ ഈഗിള്‍ പേടകത്തില്‍ കയറി കമാന്‍ഡ് മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രനിലക്കുള്ള ചരിത്ര യാത്ര തുടങ്ങിയപ്പോള്‍ കോളിന്‍സ് തന്‍റെ ക്യാമറയില്‍ ഭൂമിയെ പശ്ചാത്തലമാക്കി ആ ചിത്രം പകര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിലേക്ക് റോക്കറ്റ് വേഗത്തില്‍ പാഞ്ഞു കയറുമെന്ന് അദ്ദേഹം കരുതി കാണില്ല. ആ ചിത്രമാണ് ലോകത്തെ ഒരു മനുഷ്യന്‍ ഒഴിച്ച് ബാക്കി എല്ലാവരും ഉള്ള ഫോട്ടോ. എന്ന പേരില്‍ ലോക പ്രശസ്തമായത്‌. അതേ, ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ഇറങ്ങിയപ്പോള്‍ ഉള്ള ചിത്രത്തില്‍ കോളിന്‍സ് ഇടം പിടിക്കാതെ പോയി.

ചന്ദ്രനില്‍ കാല് കുത്താന്‍ സുഹൃത്തുക്കള്‍ പോയപ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയുമായി ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ അവരുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് വര്‍ധിച്ച ഹൃദയമിടിപ്പോടെ അടക്കാനാവാത്ത ടെന്‍ഷനോടെ അദ്ദേഹം ഇരുന്നു. ഇടയ്ക്ക് റേഡിയോ ബന്ധം മുറിഞ്ഞുപോയപ്പോള്‍ തന്‍റെ സുഹൃത്തുക്കളെ ആകാശത്തിന്‍റെ അനന്തതയില്‍ മരിക്കാന്‍ വിട്ട് ഒറ്റയ്ക്ക് തിരിച്ച് പോരേണ്ടി വരുമോ എന്ന അവസ്ഥയില്‍ താന്‍ അനുഭവിച്ച കഠിന വേദന വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് സാധ്യമല്ല എന്നാണ് അദ്ദേഹം പിന്നീടൊരിക്കല്‍ പറഞ്ഞത്. ലോകത്തെ ഏറ്റവും അസഹനീയമായ ഏകാന്തത എന്നാണ് ആ സമയത്തെ നാസ തന്നെ വിശേഷിപ്പിച്ചത്‌.

ലോക ജനതയെ മുഴുവനായി ഇനിയൊരു ചിത്രം എടുത്താല്‍ അതില്‍ ഇനി കോളിന്‍സ് ഇല്ല. ഇനി ഒരു ചിത്രത്തിലും വരാത്ത വിധത്തില്‍ അദ്ദേഹം കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നു. For the Mankind... മനുഷ്യരാശിക്ക് മുഴുവനായി സ്വജീവിതം സമര്‍പ്പിച്ച അങ്ങേക്ക് പ്രണാമം. വിട.

Friday, 23 April 2021

സുന്ദര വനത്തിലെ കടുവകള്‍
സുന്ദര്‍ബന്‍സ് അഥവാ സുന്ദര വനങ്ങള്‍. ബംഗാളിന്‍റെ തെക്ക് ഭാഗത്തായി ബംഗാള്‍ഉള്‍ക്കടലില്‍ ബ്രഹ്മപുത്ര, ഗംഗ, മേഘ്ന എന്നീ നദികള്‍ ചെന്നു ചേരുന്ന ഭാഗത്ത്കഴിഞ്ഞ പതിനായിരക്കണക്കിന് വര്‍ഷങ്ങളായി വന്നടിഞ്ഞ എക്കല്‍ മണ്ണും ചളിയും ചേര്‍ന്ന്ഫലഭൂയിഷ്ഠമായ നൂറുക്കണക്കിന് തുരുത്തുകള്‍. മണ്ണിന്‍റെ ഗുണം കൊണ്ട് ഇടതൂര്‍ന്നകാടാണ് ഇവിടെ. ഇവിടെയാണ്‌ ലോക പ്രശസ്തമായ ബംഗാള്‍ കടുവകള്‍ വാണരുളുന്നത്.

ഇവിടെയുമുണ്ട് ഏതാനും ഗ്രാമങ്ങള്‍. ആദിവാസി ഗ്രാമങ്ങള്‍ എന്ന് വേണമെങ്കില്‍വിളിക്കാം. പണ്ടൊക്കെ ഇവിടത്തെ ആള്‍ക്കാരുടെ ജീവിതത്തെ പറ്റി പറഞ്ഞിരുന്നത് കടുവപിടിക്കുന്നത് വരെ ജീവിക്കുക എന്നായിരുന്നു. അതേ മുന്നൂറും നാനൂറും കിലോ ഭാരമുള്ളഏറ്റവും ശൌര്യമുള്ള കടുവകള്‍ ഇടയ്ക്ക് ഓരോ മനുഷ്യരെ തന്‍റെ ഇരയാക്കുമായിരുന്നു. അതിന്‍റെപിടിയില്‍ പെടുന്നത് വരെയും നന്നായി ജീവിക്കുക എന്നതായിരുന്നു അവരുടെ മുന്നിലുള്ളഒരേയൊരു ഓപ്ഷന്‍.

ഏതാണ്ട് ഇത്തരത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. കൊറോണയുടെ പിടിയില്‍അകപ്പെടുന്നത് വരെ നന്നായി ജീവിക്കുക. മുന്‍പ് ചൈനയിലെ ഏതോ ഒരു കുഗ്രാമത്തില്‍ഉണ്ടായ വൈറസ്‌ എന്ന് കേട്ട്, അത് അവിടെയല്ലേ നമുക്കെന്താ എന്ന് കരുതി നടന്നനമ്മള്‍ ഇന്ന്‌ നേരിട്ടറിയാവുന്ന പലരും സ്വന്തക്കാരും കൂട്ടുക്കാരും പരിചയക്കാരുംഓരോന്നായി കൊറോണയുടെ പിടിയില്‍ അകപ്പെടുന്നതും അവരില്‍ ചിലര്‍ മരണത്തിന്കീഴടങ്ങുന്നത് കാണുമ്പോഴും സ്വയം കൊറോണയുടെ പിടിയില്‍ അകപ്പെടുമ്പോഴും പണ്ടെങ്ങോവായിച്ച സുന്ദര വനത്തിന്റെ ഈ കഥയാണ് ഓര്‍മ്മ വന്നത്.

പതുങ്ങി വന്ന് ചാടി വീഴുന്ന കടുവയെ എങ്ങനെ പ്രതിരോധിക്കാം എന്ന് ഒരു സര്‍ക്കാരുംനമ്മെ പഠിപ്പിക്കുന്നില്ല. എന്നാല്‍ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്ന് പറഞ്ഞുമനസിലാക്കി തരുന്നുണ്ട്. അത് പാലിക്കുക. കടുവയുടെ ആക്രമണം പ്രതിരോധിക്കാന്‍സാധിച്ചില്ലെങ്കിലും കൊറോണയുടെ ആക്രമണം പ്രതിരോധിക്കാം. പണ്ടത്തെ ഒരു തമാശയുണ്ട്.കടുവയുടെ മുന്നില്‍ പെട്ടാല്‍ എന്ത് ചെയ്യണം? ഒന്നും ചെയ്യേണ്ട. അതൊക്കെ കടുവചെയ്തോളും. പക്ഷേ കൊറോണയുടെ പിടിയില്‍ അകപ്പെട്ടാല്‍ എന്ത് ചെയ്യണം. ചെയ്യാന്‍പലതും ഉണ്ട്. മരണ നിരക്ക് വളരെ കുറവാണ്.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.നമ്മള്‍ ജാഗ്രത പാലിച്ചപ്പോഴൊക്കെ കൊറോണയുടെആക്രമണം കുറഞ്ഞിട്ടുണ്ട്. ജാഗ്രത മറന്നപ്പോള്‍ അത് വീണ്ടുമെത്തി. ഇവിടെരാഷ്ട്രീയവും മതവും ഒന്നും കൊറോണയ്ക്ക് പ്രശ്നമല്ല. നമ്മളും അത്കാര്യമാക്കേണ്ടതില്ല. ഇതിനായി ഗവര്‍മെന്റുകളെ കുറ്റം പറഞ്ഞിരിക്കാതെ നമ്മുടെ രക്ഷനമ്മള്‍ നോക്കുക. ലോകത്ത് ഒരു ഗവര്‍മെന്റിനും നിങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനാകില്ലഎന്ന കാര്യം മറക്കാതിരിക്കുക. സുന്ദര വനം സുന്ദരമായി തന്നെ എന്നെന്നും നില നില്‍ക്കട്ടെ.