മലയാളം ഉണ്ടായ കാലം മുതല്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഒരു പഴഞ്ചൊല്ലാണിത് എന്ന്‍ തോന്നുന്നു. നമ്മുടെ ചുറ്റും നടക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ ഈ പഴഞ്ചൊല്ല് എത്ര ശരിയാണ് എന്ന്‍ തോന്നി പോകുന്നു. ഇതേ പേരില്‍ പണ്ട് ഒരു ഹിറ്റ് സിനിമയും ഇറങ്ങിയിട്ടുണ്ട്.
ഒരു സിഗരറ്റിന്‍റെ പേരില്‍ കൊല നടന്നു, അഞ്ചു രൂപ ബാക്കി കൊടുക്കുന്നതിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടയടിയിലും കൊലപാതകത്തിലും കലാശിച്ചു എന്നും മറ്റും പത്രത്തില്‍ സ്ഥിരമായി കാണുന്ന വാര്‍ത്തകളാണ്.
ഈയിടെ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ പറയട്ടെ.
തൃശൂര്‍ K.S.R.T.C. സ്റ്റാന്‍ഡില്‍ നിന്നും തിരിച്ചു വന്ന പാടേ ബാബു പാപ്പന്‍. പറഞ്ഞ ഒരു സംഭവമാണ് ഇത്. പുതിയതായി തുടങ്ങിയ K.S.R.T.C. കൊറിയര്‍ സര്‍വീസിന്‍റെ പ്രധാന ഗുണഭോക്താവാണ് ഞങ്ങള്‍. കടയിലെ പല സാധനങ്ങളും അയക്കുന്നതും സ്വീകരിക്കുന്നതും ഇപ്പോള്‍ ഇത് വഴിയാണ്. കൂടിയ വേഗം, കുറഞ്ഞ ചെലവ്. ഇതാണ് പ്രധാന ഗുണം. അങ്ങനെ ഒരു പാര്‍സല്‍ വാങ്ങാന്‍ പോയി വന്നതാണ് പാപ്പന്‍. അപ്പോഴാണ് സ്റ്റാന്‍ഡില്‍ നടന്ന ഒരു സംഭവം പാപ്പന്‍ പറഞ്ഞത്.
തിരുവനന്തപുരത്ത് നിന്നോ മറ്റോ വന്ന ഒരു സൂപ്പര്‍ ഫാസ്റ്റ് ബസാണ് പ്രശ്ന വേദി. ആമ്പല്ലൂരില്‍ നിന്നും ഒരാള്‍ ആ ബസില്‍ കയറി. സംഗതി സൂപ്പര്‍ ഫാസ്റ്റ് ആയതു കൊണ്ട് ചാര്‍ജും സ്വല്പം സൂപ്പര്‍ തന്നെ. പതിനെട്ട് രൂപ. എന്നാല്‍ കയറിയ കക്ഷിയുടെ കയ്യില്‍ അത്രയും രൂപ ചില്ലറയായില്ലായിരുന്നു. പിന്നെ ഉള്ളത് ഒരു അഞ്ഞൂറിന്‍റെ നോട്ട്. അത് കണ്ടക്ടര്‍ക്ക് നീട്ടിയതും ബസില്‍ കേള്‍ക്കുന്ന പതിവ് പല്ലവി തന്നെ കണ്ടക്ടര്‍ മൊഴിഞ്ഞു. "ചില്ലറയില്ല". തന്‍റെ കയ്യിലും ചില്ലറയില്ല എന്ന്‍ യാത്രക്കാരനും പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ഡില്‍ ചെന്നിട്ട് ചില്ലറയാക്കി തരാം എന്ന്‍ പറഞ്ഞ് പ്രശ്നത്തിന് ഒരു താത്കാലിക പരിഹാരം കണ്ടു.
എന്നാല്‍ സ്റ്റാന്‍ഡില്‍ എത്തിയതോടെ നിസ്സാര കാര്യം ഗുരുതര പ്രശ്നമാകാന്‍ തുടങ്ങി. താന്‍ പോയി ചില്ലറ കൊണ്ട് വാ, എന്നാല്‍ അഞ്ഞൂറ് തിരിച്ചു തരാം എന്ന്‍ കണ്ടക്ടര്‍. തന്‍റെ കയ്യില്‍ വേറെ പണം ഇല്ല എന്നും ആ അഞ്ഞൂറ് തന്നാല്‍ ഏതെങ്കിലും കടയില്‍ പോയി വല്ലതും വാങ്ങി ചില്ലറയാക്കി കൊണ്ട് തരാം എന്ന്‍ യാത്രക്കാരന്‍. അഞ്ഞൂറും വാങ്ങി താന്‍ അങ്ങ് പോയാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും എന്നായി അപ്പോള്‍ കണ്ടക്ടര്‍. അങ്ങനെ പറ്റിച്ച് നടക്കുന്നവനല്ല താനെന്നും അങ്ങനെ പറ്റിച്ചിട്ട് വേണ്ട തനിക്ക് ജീവിക്കാന്‍ എന്ന് യാത്രക്കാരനും. അവിടെ പിന്നെ കുടുംബ മഹിമയും, തൊഴില്‍ മഹിമയും, തട്ടിപ്പ് ചരിത്രങ്ങളും മറ്റും മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി ആരുടേയും ക്ഷണമില്ലാതെ കയറി വന്നു.
കാര്യം പിന്നീട് ചെറിയ കയ്യാങ്കളിയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പന്തിക്കേട് മണത്ത കണ്ടക്ടര്‍ വേഗം ബസ് തൊഴിലാളികളുടെ സ്വന്തം ഓഫീസ് മുറിയില്‍ അഭയം തേടി. പുറമേ നിന്നുള്ളവര്‍ അകത്ത് കയറരുത് എന്ന്‍ കര്‍ശന ഭാഷയില്‍ പറഞ്ഞു കൊണ്ട് മറ്റ് തൊഴിലാളികളും ഒപ്പം കൂടി യാത്രക്കാരനെ വിരട്ടി. യാത്രക്കാരന്‍റെ പക്ഷം പിടിച്ച് ഏതാനും യാത്രക്കാരും. ഇതെല്ലാം കണ്ടും മൊബൈലില്‍ പകര്‍ത്തിയും പൊതു ജനം എന്ന മറ്റൊരു വിഭാഗം കൂടിഅവിടെ തടിച്ചുകൂടി. അവയില്‍ ചില വിരുതന്മാര്‍ എരിതീയില്‍ എണ്ണ എന്ന മട്ടില്‍ കുറെ ഡയലോഗുകളും. പോരേ പൂരം.!!!
അപ്പോഴേക്കും പാഞ്ഞെത്തി രണ്ടു പോലിസുക്കാര്‍. രംഗം ശാന്തമാക്കാന്‍ അവിടെ കൂടി നിന്ന പൊതു ജനത്തെ സ്ഥലത്ത് നിന്നും മാറ്റാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിന്നു. എന്നാല്‍ എത്രത്തോളം അവര്‍ അതിന് ശ്രമിച്ചോ, അതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ അങ്ങോട്ട് തള്ളി കയറി കൊണ്ടിരുന്നു.
അപ്പോഴായിരുന്നു നമ്മുടെ കഥാ നായകന്‍ കോണ്‍സ്റ്റബിളിന്‍റെ രംഗ പ്രവേശം.
അയാള്‍ നേരിട്ട് ഓഫീസ് റൂമില്‍ കയറി എന്താ പ്രശ്നം എന്ന്‍ ആരാഞ്ഞു. കണ്ടക്ടറും യാത്രക്കാരനും അവരവരുടെ ഭാഗങ്ങള്‍ ചുരുക്കി പറഞ്ഞു. എന്നാല്‍ ആ ചുരുക്കത്തിനിടയിലും പരസ്പരം ചാരുന്ന പഴികള്‍ക്ക് ഒരു ചുരുക്കവും ഉണ്ടായിരുന്നില്ല.
ഇരു ഭാഗത്തെയും വാദങ്ങള്‍ കേട്ട് കഴിഞ്ഞ കോണ്‍സ്റ്റബിള്‍ പോക്കറ്റില്‍ നിന്നും ഇരുപതിന്‍റെ ഒരു നോട്ട് എടുത്ത് കണ്ടക്ടര്‍ക്ക് കൊടുത്തു. പതിനെട്ട് കിഴിച്ച് ബാക്കി രണ്ട് രൂപയും പിന്നെ യാത്രക്കാരന്‍ കൊടുത്ത അഞ്ഞൂറ് രൂപയും കണ്ടക്ടറില്‍ നിന്നും തിരികെ വാങ്ങി. നിങ്ങളുടെ പ്രശ്നം തീര്‍ന്നല്ലോ, ഇനി നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോകൂ എന്ന് കണ്ടക്ടറോട് അദ്ദേഹം പറഞ്ഞത് അനുസരിച്ച് കണ്ടക്ടര്‍ തന്‍റെ വഴിക്ക് പോയി. യാത്രക്കാരനെ വാത്സല്യ പൂര്‍വ്വം വിളിച്ച് തോളില്‍ കയ്യിട്ട് അദ്ദേഹം പുറത്തേക്ക് നടന്നു. അഞ്ഞൂറ് രൂപ അയാളുടെ കയ്യില്‍ കൊടുത്തു. എന്നിട്ട് പറഞ്ഞു, "ഇത് കൊണ്ട് പോയി ഏതെങ്കിലും കടയില്‍ നിന്ന് ചെയിഞ്ച് ആക്കി കൊണ്ട് വന്ന്‍ എന്‍റെ ഇരുപത് രൂപ തന്നു കൊള്ളൂ. ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും. ഇനി അഥവാ അത് താന്‍ കൊണ്ട് തരാതെ അങ്ങ് പോയാലും എനിക്ക് ഒരു ചുക്കും ഇല്ല. തന്നെ അന്വേഷിച്ച് വന്ന്‍ പിടിക്കാന്‍ ഒന്നും ഞാന്‍ വരില്ല. വെറും ഒരു ചായയും കടിയും വാങ്ങുന്ന കാശല്ലേ ഉള്ളൂ" അങ്ങനെ ആ പ്രശ്നവും തീര്‍ന്നു.
ആ യാത്രക്കാരന്‍ പോലീസുക്കാരന്‍റെ കടം തീര്‍ത്തത് നേരിട്ട് കണ്ടില്ലെങ്കിലും അത് കൊടുത്ത് തീര്‍ത്ത് അതീവ കൃതജ്ഞതയോടെ ആ കരങ്ങള്‍ ഗ്രഹിച്ച് നന്ദി പ്രകടിപ്പിച്ചിട്ടായിരിക്കും ആ യാത്രക്കാരന്‍ പോയിട്ടുണ്ടാകുക എന്ന കാര്യത്തില്‍ പാപ്പന് ഒട്ടും സംശയമേതും ഉണ്ടായിരുന്നില്ല.
പിറ്റേന്നത്തെ പത്രത്തില്‍ മറ്റൊരു ദുരന്ത കഥ വായിക്കേണ്ടി വരില്ലല്ലോ എന്നും വാട്സ്ആപ്പില്‍ ഒരു കൊലപാതകം ലൈവ് ആയി കാണേണ്ടി വരില്ലല്ലോ എന്നും ആശ്വസിച്ച് കൊണ്ട് തനിക്ക് എടുക്കാനുള്ള കൊറിയര്‍ എടുത്ത് പാപ്പന്‍ തിരികെ വന്നു.
അല്ലാ പിന്നേ, ഒന്ന്‍ ഓര്‍ത്താല്‍ നമുക്ക് ചുറ്റും ഉള്ള പ്രശ്നങ്ങളില്‍ ഭൂരിഭാഗവും ഇത്തരം കുഞ്ഞു പ്രശ്നങ്ങള്‍ അല്ലേ? അത് എന്തിനാ ഇങ്ങനെ നിസ്സാര കാര്യങ്ങള്‍ ഗുരുതര പ്രശ്നമാക്കുന്നത് എന്ന്‍ എപ്പോഴെങ്കിലും ഒന്ന്‍ ഇരുന്ന് നമ്മള്‍ ആലോചിച്ചിരുന്നെങ്കില്‍ എത്രയോ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു.... അല്ലേ?
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവര്‍ ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ ഏറെയാണ്....
ReplyDeleteആശംസകള്‍
വിട്ടുവീഴ്ചകള്‍ തോല്‍വികള്‍ അല്ല. മറിച്ച്, അവിടെ നമ്മള്‍ എല്ലാവരും വിജയിക്കുകയാണ്.
Delete