ഈ അടുത്ത കാലത്ത് പത്രങ്ങളില്‍ കണ്ട വാര്‍ത്ത!!! കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ല!!! രൂക്ഷമായ വൈദ്യുതി പ്രതിസന്ധി എന്നൊക്കെ. ഈ വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത് ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് അനുഭവിച്ച ലോഡ് ഷെഡിംഗ് എന്ന വലിയ കൊച്ചു സംഭവം. ഈ നാട്ടില്‍ ഏറ്റവും കൃത്യതയോടെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ലോഡ് ഷെഡിംഗാണ്. അന്ന് പലരും തമാശക്ക് പറഞ്ഞു കേട്ടിട്ടുണ്ട്, "ഈ കെ.എസ്.ഇ.ബി ക്കാരെ റെയില്‍വേയില്‍ വിടണം എന്ന്. എന്നാല്‍ തീവണ്ടികള്‍ സമയത്തിനു ഓടിയേനെ."
കുറച്ചു നാള്‍ മുന്‍പ്, അന്ന് എന്റെ ഭാര്യ ഗര്‍ഭിണിയാണ്, അമ്മ പറഞ്ഞു. "നമുക്ക് ഒരു ഇന്‍വെര്‍ട്ടര്‍ വാങ്ങണം. കുഞ്ഞു ജനിക്കുമ്പോള്‍ കറന്റ് പോയാല്‍ ഫാന്‍ ഇടണ്ടേ?"
അമ്മെ, ഞാനും പണ്ടൊരു കുഞ്ഞായിരുന്നല്ലോ. അന്നും കറന്റ് കട്ട് ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ. ഈ പാവം കുഞ്ഞിനു വേണ്ടി അങ്ങനെ എന്തെങ്കിലും വാങ്ങണം എന്ന് എന്റെ അമ്മയ്ക്കും അച്ഛനും എന്തെ തോന്നാതിരുന്നത്? ചോദ്യം എന്റെ മനസ്സില്‍ മാത്രം ചോദിച്ചത് കൊണ്ട് അവരുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കേണ്ടി വന്നില്ല. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് സ്വന്തം മക്കളോട് ഉള്ളതിനേക്കാള്‍ സ്നേഹം പേരക്കുട്ടികളോടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഇത് പേര കുട്ടിയല്ല, എന്റെ പാര കുട്ടിയാ. അങ്ങനെ വീട്ടില്‍ ഇന്‍വെര്‍ട്ടര്‍ വന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ കറന്റ് ബില്ലും വന്നു. .............
അങ്ങനെ ലോഡ് ഷെഡിംഗ് എന്ന ആ സുന്ദര നാളുകള്‍ ഓര്‍മയുടെ യവനികയുടെ പിറകിലേക്ക് മറഞ്ഞു. പണ്ട് ആ സമയം ഞങ്ങളുടെ സമ്മേളന സമയം ആയിരുന്നു. അര മണിക്കൂര്‍ കറന്റ് പോയാല്‍ പിന്നെ ഞങ്ങള്‍ അച്ഛനും അമ്മയും മക്കളും വട്ടം കൂടി ഇരിക്കും. ചിലപ്പോള്‍ തീരെ ചെറുതല്ലാത്ത എന്റെ മറ്റു ചെറുതുങ്ങളും ഉണ്ടാകും. കറന്റ് പോകുന്നതിനു മുന്‍പേ തന്നെ അച്ഛന്‍ ജോയ് ചേട്ടന്റെ കടയില്‍ നിന്ന് കൊറിക്കാന്‍ എന്തെങ്കിലും വാങ്ങിയിട്ടുണ്ടാകും. കപ്പലണ്ടിയോ, കടലയോ, അങ്ങനെ എന്തെങ്കിലും. അത് പരസ്പരം പങ്കു വച്ചിട്ടായിരുന്നു ഞങ്ങളുടെ മീറ്റിംഗ്. നാട്ടു വിശേഷങ്ങളും സ്കൂള്‍ -കോളേജ് വിശേഷങ്ങളും പത്ര വാര്‍ത്തകളും ടി വി യില്‍ കണ്ട കാര്യങ്ങളും അങ്ങനെ അങ്ങനെ സുര്യന് കീഴിയിലുള്ള സകല കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ കത്തിച്ചു വച്ച ചിമ്മിനി വിളിക്കിന്റെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. പറന്നു വന്നിരുന്ന ചെറു പ്രാണികളെ ഞാന്‍ പിടിച്ചു ചിമ്മിനി നാളത്തില്‍ വച്ച് കരിച്ചു കളയുമായിരുന്നു. അങ്ങനെ ചെയ്യല്ലേ മോനെ, പാപം കിട്ടും എന്നൊക്കെ അമ്മ ഉപദേശിക്കുമായിരുന്നു. അത്രയും നേരം വീടിനു ചുറ്റും കറങ്ങി നടന്നു പാറാവ് ജോലി നോക്കുന്ന ഞങ്ങളുടെ മസില്‍ മാന്‍ ബോഡി ഗാര്‍ഡ് ജിക്കി പട്ടിയും ഞങ്ങളുടെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഞങ്ങള്‍ തമാശ പറഞ്ഞു ചിരിക്കുമ്പോള്‍ അവനും കൂടെ സന്തോഷം പ്രകടിപ്പിച്ചു തുള്ളി ചാടുമായിരുന്നു. ദുഃഖ വാര്‍ത്തയാണെങ്കില്‍ തല തറയില്‍ അമര്‍ത്തി വച്ച് സങ്കടപ്പെട്ടു അവന്‍ കിടക്കും.
എന്തിലും ഏതിലും കയറി ഇടപ്പെട്ട് അഭിപ്രായം പറയുന്ന ആളുകള്‍ക്ക് അവനെ ചൂണ്ടി കാണിച്ചു പറയാമല്ലോ, 'ഒരു പട്ടി പോലും അഭിപ്രായം പറയുന്നു, പിന്നെയാ എനിക്ക്'.
ചിലപ്പോള്‍ ഇരുട്ടില്‍ പുറത്തു ചാടുന്ന തുരപ്പന്മാരെ തട്ടി കളഞ്ഞു ആചാര പ്രകാരമുള്ള സംസ്കാരത്തിന് മുന്‍പ് ഞങ്ങളെ ഒന്ന് അവസാന നോക്ക് കാണിക്കാന്‍ അവന്‍ കൊണ്ട് വരും. അല്ലെങ്കിലും തുരപ്പന്മാരെ തട്ടി കളയാനുള്ള ക്വട്ടേഷന്‍ അവന്‍ സ്വയം ഏറ്റെടുത്തിട്ടുള്ളതാണല്ലോ. "കൊണ്ട് പോയി കളയെടാ" എന്നൊരു ആജ്ഞ അച്ഛന്റെ കയ്യില്‍ നിന്ന് കിട്ടേണ്ട താമസം, തെങ്ങിന്റെ ചുവട്ടില്‍ നിമിഷ നേരം കൊണ്ട് ഒരു കുഴി കുത്തി തുരപ്പന്റെ അന്ത്യ കര്‍മങ്ങള്‍ തീര്‍ത്തു അവന്‍ തിരിച്ചു വരും. യുദ്ധം ജയിച്ചു വരുന്ന വീര ജവാന്റെ മട്ടില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചുള്ള അവന്റെ വരവ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
ഞങ്ങള്‍ കൊറിക്കുന്ന കപ്പലണ്ടിയും കടലയും അവനു വേണം. ഞങ്ങള്‍ അവനു അത് എറിഞ്ഞു കൊടുക്കും. വായുവില്‍ ചാടി മറിഞ്ഞു, പല അഭ്യാസങ്ങളും കാണിച്ചു അവന്‍ അത് തിന്നും. അച്ചപ്പവും കുഴലപ്പവും ആണെങ്കില്‍ ഞാന്‍ എന്റെ വിരലില്‍ കോര്‍ത്ത് അവന്റെ വായില്‍ വച്ച് കൊടുക്കും. എന്റെ വിരലില്‍ കടി കൊള്ളാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു മാത്രം കടിക്കുന്ന ജിക്കി ഒരു രസകരമായ ഓര്‍മയാണ്. ഒടുവില്‍ ഞങ്ങള്‍ പറയും. "കഴിഞ്ഞു, പൊയ്ക്കോ എന്ന്" പാവം ജിക്കി. അത് വിശ്വസിച്ചു വേഗം സ്ഥലം കാലിയാക്കും. പിന്നീട് അവനു ചതി മനസിലായി. കഴിഞ്ഞു എന്ന് പറഞ്ഞിട്ടും ഞങ്ങള്‍ പിന്നെയും കഴിക്കുന്നു. ഇത് തട്ടിപ്പാണ്. പിന്നെ ഞങ്ങള്‍ "കഴിഞ്ഞു" എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ മടിയില്‍ കയറി മൊത്തത്തില്‍ ഒരു പരിശോധനയാണ്. ഒന്നും ബാക്കിയില്ല എന്ന് ബോധ്യം വന്നാലേ അവന്‍ പോകുകയുള്ളൂ.
രാത്രി കുറെ വൈകിയുള്ള ലോഡ് ഷെഡിംഗ് ആയിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. അപ്പോഴേക്കും പഠിക്കാനുള്ളത് പഠിച്ചു തീര്‍ത്തിട്ട്, ചര്‍ച്ചയില്‍ പങ്കെടുത്തിട്ടു, കറന്റ് വരുമ്പോള്‍ ഭക്ഷണവും കഴിച്ചു കിടക്കാം. വൈകിയുള്ള സമയത്താണെങ്കില്‍ ചിലപ്പോള്‍ കട പൂട്ടി മാമനും ഞങ്ങളുടെ ചര്‍ച്ചയില്‍. പങ്കെടുക്കും. വരുന്ന വഴിക്ക് ബേക്കറിയില്‍ നിന്ന് എന്തെങ്കിലും വാങ്ങിയിട്ടാകും മാമന്റെ വരവ്. മാമന്റെ കാല്‍ പെരുമാറ്റം കേള്‍ക്കുമ്പോള്‍ തന്നെ ജിക്കി സന്തോഷം കൊണ്ട് തുള്ളി ചാടും. അവന്റെ ചാട്ടം കണ്ടാല്‍ ഞങ്ങള്‍ പറയും, "അതാ മാമന്‍ വരുന്നുണ്ട്" എന്ന്.
പരീക്ഷ കാലമാണെങ്കില്‍ ചര്‍ച്ച വേണ്ട, പഠിത്തം മാത്രം മതി എന്നൊരു അഭിപ്രായം അമ്മ എടുത്തിടും. പരീക്ഷ സമയത്ത് മക്കള്‍ ഒന്ന് റിലാക്സ് ആകട്ടെ എന്ന് അച്ഛനും. സ്വാഭാവികമായും ഞങ്ങള്‍ മക്കള്‍ അച്ഛനെ പിന്താങ്ങും. എന്നാലും ഒരു കോംപ്രമൈസ് എന്ന നിലക്ക് അമ്മ പറയും. ഭക്ഷണം ഇപ്പോള്‍ തന്നെ കഴിക്കാം. അങ്ങനെ ഞങ്ങളുടെ ചര്‍ച്ചയും ഭക്ഷണവും ഒന്നിച്ചു നടക്കും.
ഇന്ന് അതൊക്കെ സുഖമുള്ള ഓര്‍മ മാത്രം. ജിക്കി കാല യവനികക്കുള്ളില്‍ മറഞ്ഞു. ഇന്‍വെര്‍ട്ടര്‍ വന്നതോ ടെ ലോഡ് ഷെഡിങ്ങും വിട പറഞ്ഞു . ജിക്കിക്ക് പകരം വേറെ നായ് കുട്ടി വന്നു. അവനെയും ഞങ്ങള്‍ ജിക്കി എന്ന് തന്നെ വിളിച്ചു. അവന്റെയും പല വികൃതികള്‍ കണ്ടു രസിച്ചു. പക്ഷെ അവനൊന്നും ഞങ്ങളുടെ ആദ്യത്തെ ജിക്കിയെ പോലെ ലോഡ് ഷെഡിംഗ് മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.
കാലം മാറിയപ്പോള്‍ ഞങ്ങളുടെ മീറ്റിങ്ങും അതിന്റെ മോഡി ഒന്ന് മാറ്റി എടുത്തു. വല്ലപ്പോഴും അവധിക്കു നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അത്താഴം കഴിക്കുമ്പോഴാണ് മീറ്റിംഗ് നടക്കുന്നത്. പ്ലേറ്റിലുള്ളത് തീര്‍ന്നാലും മീറ്റിംഗ് തുടര്‍ന്ന് കൊണ്ടിരിക്കും. ചുമ്മാ കൈ വെറുതെ ഇടണ്ട എന്ന് വച്ച് തൊട്ടു നക്കി കൊണ്ടിരിക്കും. "ഇനി പ്ലേറ്റ് കഴുകണ്ട ആവശ്യമില്ല" എന്ന് അമ്മയുടെ കമന്റ് കേള്‍ക്കുമ്പോഴായിരിക്കും പ്ലേറ്റിലേക്ക് നോക്കുന്നത്. ലോഡ് ഷെഡിങ്ങും ജിക്കിയും റ്റാ റ്റാ പറഞ്ഞു പോയെങ്കിലും ഇപ്പോഴും തുടരുന്നു ഞങ്ങളുടെ ലോഡ് ഷെഡിംഗ് മീറ്റിംഗ്. ആ പേര് മാത്രം മാറിയിട്ടില്ല.
No comments:
Post a Comment