ജീവിതത്തില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ജീവിക്കുന്നത് ഒരു ഇണയുടെ കൂടെ ആയിരിക്കണം എന്നാണല്ലോ പ്രകൃതിയുടെ അലിഖിത നിയമം. മൃഗങ്ങളാണെങ്കില്‍ അവയുടെ പ്രായമാകുമ്പോള്‍ ഇണയെ കണ്ടെത്തിക്കോളും (മൃഗങ്ങളുടെ ഭാഗ്യം). മനുഷ്യന് അങ്ങനെ പറ്റില്ലല്ലോ. അതിനു കുറെ കടമ്പകള്‍ ഒക്കെ ഉണ്ടല്ലോ. ഏതായാലും എനിക്കും ഒരു ഇണയെ കണ്ടു പിടിക്കേണ്ട പ്രായം ആയി എന്ന് വീട്ടുക്കാര്‍ക്ക് തോന്നി. 'നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ പിന്നെ ഞാന്‍ എന്തു പറയാന്‍' എന്ന് വലിയ താത്പര്യം ഇല്ലാത്ത മട്ടില്‍ (സത്യം മറിച്ചാണെങ്കിലും) ഞാനും സമ്മതം മൂളി. അങ്ങനെ ആ ഗംഭീര യത്നത്തിന് തുടക്കമായി. എന്റെ പെണ്ണ് കാണല്‍.
"നമുക്ക് പത്രങ്ങള്‍ നോക്കിയാല്‍ മതി. അതില്‍ നല്ല ബന്ധങ്ങള്‍ കിട്ടും. മാട്രിമോണിയല്‍ വെബ് സൈറ്റും നോക്കാം. ബ്രോക്കര്മാ ര്‍ വേണ്ട. അവര്‍ ഇല്ലാത്ത പലതും ഉണ്ടെന്നും, ഉള്ളത് പലതും ഇല്ലെന്നും ഒക്കെ പറഞ്ഞു പറ്റിക്കും." എല്ലാവരും അംഗീകരിച്ച എന്റെ അഭിപ്രായമാണ്. സത്യത്തില്‍ ബ്രോക്കര്‍ കണക്കു പറഞ്ഞു വാങ്ങിക്കുന്ന കമ്മിഷന്‍ ഓര്‍ത്തിട്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.
ആദ്യമായി പെണ്ണ് കാണാന്‍ പോയത് എടമുട്ടത്തായിരുന്നു. പത്രത്തില്‍ നോക്കി കിട്ടിയതായിരുന്നു. വഴിയൊക്കെ ഏകദേശം മനസിലായി. പിന്നെ നമുക്ക് ചോയിച്ചു ചോയിച്ചു പോകാമല്ലോ. പക്ഷെ പ്രശ്നം അതല്ല. എങ്ങനെ പോകും. കാറുണ്ട്. പക്ഷെ അത് ആര് ഓടിക്കും? അനിയന് അന്ന് ഒഴിവാക്കാന്‍ പറ്റാത്ത സെമിനാര്‍ ഉണ്ട് കോളേജില്‍. അവനാണ് നന്നായി വണ്ടി ഓടിക്കുന്നത്. എന്ന് വച്ച് എനിക്ക് ഓടിക്കാന്‍ അറിയില്ലേ എന്ന് ചോദിച്ചാല്‍.... അറിയാം. എന്നാലും..... ഒരു ഇത്......
"നമുക്ക് ബസില്‍ പോയാലോ?" ഞാന്‍ ചോദിച്ചു.
"അയ്യേ, നാണക്കേട്. ബസിലോ."
"സ്റ്റോപ്പില്‍ ഇറങ്ങി നമുക്ക് ഓട്ടോ വിളിക്കാം. വരുന്ന വഴിക്ക് കാര്‍ പഞ്ചറായി എന്ന് പറയാം"
"ഒന്ന് പോയേരാ അവിട്ന്ന്. അവന്റെ ഒരു ബുദ്ധി. നീ തന്നെ ഓടിച്ചാല്‍ മതി. പിന്നെ എന്തിനാ കാശ് മുടക്കി ഡ്രൈവിംഗ് പഠിക്കാന്‍ പോയത്?"
"എന്നാലും ഒരു പ്രാക്ടീസ് ഇല്ലാതെ എങ്ങനെയാ?"
"ഇങ്ങനെയൊക്കെ തന്നെയാ പ്രാക്ടീസ് ആകുന്നത്"
എന്റെ വാദങ്ങളൊന്നും വിലപോയില്ല. ദൈവത്തെ നന്നായി വിളിച്ചു കൊണ്ട് ഞാന്‍ തന്നെ കാര്‍ എടുത്തു. അനുജത്തി, അളിയന്‍... കല്യാണം കഴിഞ്ഞു നാല് ദിവസം ആയതേ ഉള്ളു. പിന്നെ അച്ഛന്‍ മാമന്‍ പാപ്പന്‍. ഇവരുടെയൊക്കെ ജീവന്‍! ദൈവമേ, എന്റെ കയ്യില്‍! അതൊക്കെ പോട്ടെ, പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയ ഞാന്‍!!! ഈശ്വരാ... കാത്തോളണെ...
"അളിയാ, ഈ ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ വളരെ സിമ്പിള്‍ ആണ്. ധൃതി വെക്കണ്ട. ധൃതി ഉള്ളവര്‍ പൊയ്ക്കോട്ടേ എന്ന് കരുതി സാവധാനം അങ്ങ് ഓടിച്ചാല്‍ മതി. അളിയന് എന്തായാലും ഡ്രൈവിംഗ് അറിയാമല്ലോ. പിന്നെ ഇങ്ങനെയൊക്കെയല്ലേ പ്രാക്ടീസ് കിട്ടുന്നത്. നമുക്ക് പള്ളിപ്പുറം വഴി അങ്ങ് പിടിക്കാം. അതാകുമ്പോ റോട്ടില്‍ തിരക്കും ഉണ്ടാകില്ല" അളിയന്‍ എനിക്ക് ധൈര്യം തന്നു. ഈ അളിയന്‍ ഒരിക്കലും ഒരു വണ്ടി ഓടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി എന്റെ ആദ്യത്തെ പെണ്ണുകാണലിനു യാത്രയായി. കാര്‍ ഓടിക്കുംതോറും എനിക്ക് ധൈര്യം കൂടി കൂടി വന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാ കേട്ടോ. അളിയന്‍, അളിയന്റെ പെണ്ണുകാണല്‍ അനുഭവങ്ങള്‍ വിവരിച്ചു തന്നു. എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കാം, ചോദിക്കരുത് എന്ന ഉപദേശങ്ങള്‍ അനുജത്തിയില്‍ നിന്നും കിട്ടി. കയ്യും കാലും ലൂസ് ആക്കി ഇടണം, അപ്പോള്‍ വിറക്കുന്നത് മറ്റുള്ളവര്‍ അറിയില്ല എന്ന പുതിയ അറിവ് അളിയന്‍ തന്നു. വഴിയില്‍ പോകുന്ന ചെത്തു ചുള്ളത്തികളെ നോക്കിയപ്പോള്‍ ചെവിക്കു നുള്ളി കൊണ്ട് അനുജത്തി പറഞ്ഞു, "വേണ്ട ചേട്ടാ, അതിന്റെ ഒക്കെ കാലം കഴിഞ്ഞു. ഡീസന്റ് ആകാന്‍ നോക്ക്" "നീ, എന്നെ നോക്കണ്ട, നിന്റെ കെട്ടിയോനെ നോക്കിയാല്‍ മതി" എന്ന് ഞാനും പറഞ്ഞു.
ഞങ്ങള്‍ മുന്നോട്ടു നീങ്ങി. അങ്ങനെ 10 മാസം നീണ്ട എന്റെ പെണ്ണുകാണല്‍ മഹാമഹത്തിന് തുടക്കമായി. പെണ്ണ് കാണല്‍ സംഭവങ്ങള്‍ പലതും മഹാ സംഭവങ്ങള്‍ തന്നെയായിരുന്നു.
****************************** ******
പാലക്കല്‍ ഒരു വീട്ടില്‍ പെണ്ണ് കാണാന്‍ പോയ സംഭവം ഓര്‍ക്കുമ്പോള്‍ ഭാവി വിവാഹ ജീവിതത്തെ കുറിച്ച് ഒരു നല്ല പാഠം തന്നെ കിട്ടി എന്ന് പറയാതെ വയ്യ. വീട്ടില്‍ അച്ഛനും അമ്മയും പെണ്‍കുട്ടിയും പിന്നെ ഒരു ആങ്ങളയും. പെണ്‍കുട്ടി വന്നു, കണ്ടു, പതിവ് ചോദ്യങ്ങള്‍ ഒക്കെ നേരിട്ട് കഴിഞ്ഞപ്പോള്‍ വീട്ടിനുള്ളിലേക്ക് കയറി പോയി. കൂടെ കുട്ടിയുടെ അമ്മയും. പിന്നെ കാര്‍ന്നോന്മാരുടെ ഊഴമായിരുന്നു. ചര്‍ച്ചകള്‍ അവര്‍ തമ്മിലായി. ഞാനും അനിയനും തമ്മില്‍ ഒരു പാരലല്‍ ചര്‍ച്ചയും നടന്നു. പെണ്ണിന്റെ അച്ഛന് സ്വല്പം എസ് എന്‍ ഡി പി പ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന് നെന്ന് കേട്ടപ്പോള്‍ മാമനും ഉഷാറായി. മാമനും ഒരു സജീവ പ്രവര്‍ത്തകനാണല്ലോ. ആരുടെയൊക്കെയോ പേര് പറഞ്ഞു അയാളെ അറിയുമോ ഇയാളെ അറിയുമോ എന്നൊക്കെ മാമന്‍ ചോദിയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് അകത്തേക്ക് പോയ കുട്ടിയുടെ അമ്മയുടെ വരവ്. അച്ഛന്റെ പുറത്തു ചെറുതായി ഒരു തട്ട് കൊടുത്തിട്ട് പറഞ്ഞു, "നിങ്ങളൊന്നു മിണ്ടാതെ ഇരിക്ക്, ഞാന്‍ പറഞ്ഞോളാം" പിന്നെ അമ്മയായി വര്‍ത്തമാനം. അച്ഛന്‍ ക മാ എന്നൊരു അക്ഷരം പോലും പറഞ്ഞില്ല.
കൊള്ളാം, നല്ല ഫാമിലി. നമുക്ക് ഇത് ഇവിടെ തന്നെ ഉറപ്പിക്കാം. നടക്കില്ല എന്ന് ഉറപ്പിക്കാം.
തിരിച്ചു പോരുമ്പോള്‍ ഞാന്‍ ഒന്ന് ഓര്‍ത്തു. 'ദൈവമേ, ദാമ്പത്യ ജീവിതം എന്നാല്‍ ഇങ്ങനെയും ഉണ്ടല്ലേ'. ഉള്ളില്‍ ചെറുതായി ഒരു കൊള്ളിയാന്‍ മിന്നി.
****************************** ******
മുതുവറയില്‍ പെണ്ണ് കാണാന്‍ പോയതായിരുന്നു ഏറ്റവും രസകരമായ കാര്യം. അച്ഛനും അമ്മയും മാമനും ഉണ്ടായിരുന്നു കൂടെ. പതിവ് പോലെ പെണ്ണ് കാണല്‍ നടന്നു. പിന്നെ കാര്‍ന്നോന്മാര്‍ തമ്മിലായി.
പെണ്ണിന്റെ അച്ഛന്‍: "ചെറുക്കന്റെ അച്ഛന്‍ എന്ത് ചെയ്യുന്നു?"
എന്റെ അച്ഛന്‍: "ഞാന്‍ ടെയ് ലറാണ്"
പെണ്ണിന്റെ അച്ഛന് അത് അത്രയ്ക്ക് അങ്ങ് സ്റ്റാന്‍ഡേര്‍ഡ് പിടിച്ചില്ല എന്ന് തോന്നുന്നു.
"ഇപ്പൊ ടെയ് ലര്‍മാര്‍ക്കൊന്നും പണിയില്ല, അല്ലെ? ഇപ്പൊ എല്ലാവര്ക്കും റെഡി മെയ്‌ഡു. മതി. അല്ലെ? ഞാന്‍ കേട്ടിരിക്കുന്നത് മിക്ക ടെയ് ലര്‍മാരും ദാരിദ്യത്തിലാണെന്നാ. പണ്ടത്തെ പോലെ ഒരു ഗുണവും ഇല്ല. ഇക്കാലത്ത് ആരാ തുണി എടുത്തു തയ്പ്പിക്കാന്‍ പോകുന്നെ?"
എന്റെ അച്ഛനെ മുഖത്ത് നോക്കി അപമാനിക്കുകയല്ലേ അയാള്‍ ചെയ്തത്! എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചോദിച്ചു.
"താങ്കള്‍ക്കു എന്താ ജോലി?"
വളരെ അഭിമാനത്തോടെ അയാള്‍ പറഞ്ഞു, "ഞാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ആണ്?"
"അവിടെ എന്ത് പോസ്റ്റില്‍?"
ഒന്ന് കൂടി ഞെളിഞ്ഞു ഇരുന്നു അയാള്‍ പറഞ്ഞു "അസിസ്റ്റന്റ് എഞ്ചിനീയര്‍"
"അസിസ്റ്റന്റ് എഞ്ചിനീയര്‍? അയ്യേ, ഇത്രയും കാലമായിട്ടു അസിസ്റ്റന്റ് മാത്രമേ ആയുള്ളൂ? എന്താ പ്രൊമോഷന്‍ ഒന്നും കിട്ടിയില്ലേ?"
"യഥാര്‍ത്ഥത്തില്‍ ഞാന്‍ അവിടെ എല്‍ ഡി ക്ലാര്‍ക്ക് ആയി കയറിയതാ, പിന്നെ പ്രൊമോഷന്‍ ആയി ഇവിടെ വരെ എത്തി"
"ഓഹോ, അപ്പോള്‍ ഒറിജിനല്‍ എഞ്ചിനീയര്‍ അല്ല, ഡ്യൂപ്ലിക്കേറ്റ് എഞ്ചിനീയര്‍ ആണ് താങ്കള്‍, അല്ലെ?"
"അങ്ങനെയല്ല, കുറെ കാലമായില്ലേ ഈ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നു. എന്റെ എക്സ്പീരിയന്‍സ് കുറെ ആയില്ലേ, അത് കൊണ്ട് ഇങ്ങനെ പ്രൊമോഷന്‍ കിട്ടും"
"കൊല്ലം, നല്ല ഐഡിയ. അപ്പോള്‍ പിന്നെ കുറെ കാലം എയര്‍ ഹോസ്റെസ്സ് ആയി ജോലി നോക്കിയവര്‍ക്ക് പൈലറ്റ് ആയി നമുക്ക് ജോലി കൊടുക്കാം. എന്താ? റിഫൈനറിയിലും ന്യുക്ളിയര്‍ പ്ലാന്റുകളിലും കുറെ കാലമായി ജോലി നോക്കുന്ന സ്വീപര്‍മാരെ നമുക്ക് ഓപ്പറേറ്റര്‍ ആയി പ്രൊമോഷന്‍ കൊടുക്കാം, എന്താ? വളരെ നല്ല പെര്‍ഫോര്‍മന്‍സ് ആയിരിക്കും. അല്ലെ?"
എന്തായാലും, എന്റെ പെര്‍ഫോര്‍മന്‍സ് വളരെ നന്നായിരുന്നു എന്ന് തിരിച്ചു പോരുന്ന വഴിക്ക് എന്റെ കാര്‍ന്നോന്മാര്‍ പറഞ്ഞു.
****************************** *****
കൊടുങ്ങല്ലൂരില്‍ ഒരിക്കല്‍ പെണ്ണ് കാണാന്‍ സംഭവം ഇന്നും ഓര്‍ക്കുമ്പോള്‍ ചിരി വരും. അന്ന് കൂടെ എന്റെ ചെറുതുങ്ങളും ചിലര്‍ ഉണ്ടായിരുന്നു. പെണ്ണിന്റെ വീടിനു മുന്നില്‍ കാര്‍ നിര്‍ത്തി. നോക്കിയപ്പോള്‍ ഒരു കിടിലന്‍ വീട്. "അളിയാ, അളിയന്റെ ഭാര്യ വീട് കൊള്ളാം ട്ടോ." എന്റെ അളിയന്‍ റണ്ണിംഗ് കമന്ററി പോലെ പറഞ്ഞു കൊണ്ടിരുന്നു. അത് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴേ തുടങ്ങിയതാ.
മുറ്റത്തു നില്‍ക്കുന്നു ഒരു Dhoom സ്റ്റൈലില്‍ ഉള്ള ഒരു ബൈക്ക്. "അളിയാ, അളിയന്റെ അളിയന്റെ ബൈക്ക് കണ്ടോ, സൂപ്പര്‍ സാധനം. അളിയന്‍ ഇടയ്ക്കു അത് വാങ്ങി ഒന്ന് പറന്നു നടന്നോ."
കാര്‍ പോര്‍ച്ചില്‍ കിടക്കുന്നു ഒരു കൊറോള, "അളിയാ, അമ്മായച്ചന്റെ കാര്‍ കണ്ടോ, കൊറോളയാ. അളിയന് സ്ത്രീധനമായി ഇത് പോലെ ഒരെണ്ണം ചോദിച്ചോ."
വീടിനു ഉള്ളില്‍ കയറിയപ്പോള്‍ സ്വീകരിക്കാന്‍ വീട്ടുക്കാര്‍ കുറെ പേര്‍ ഉണ്ടായിരുന്നു. ചായയും പലഹാരങ്ങളും മുന്നില്‍ നിരന്നു. ഒരു പ്ലേറ്റ് മുഴുവന്‍ അണ്ടിപരിപ്പായിരുന്നു. ആദ്യമായിട്ടാ പെണ്ണ് കാണാന്‍ പോകുന്ന വീട്ടില്‍ നിന്ന് അണ്ടിപരിപ്പ് കിട്ടുന്നത്. മറ്റൊരു പ്ലേറ്റില്‍ നിറയെ ബദാം. പിന്നെ നിരത്തി വച്ച പലഹാരങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചം. എന്ന് വെച്ച് ആക്രാന്തം കാണിക്കാന്‍ പറ്റുമോ? പെണ്ണ് കാണല്‍ അല്ലെ. ഞാന്‍ സ്വയം നിയന്ത്രിച്ചു. ഞാന്‍ മാത്രമല്ല, എന്റെ അളിയനും പിന്നെ ചെറുതുങ്ങളും.
ഫോര്‍മല്‍ ആയ വര്‍ത്തമാനങ്ങള്‍ ഒക്കെ നടന്നു. വീട്ടുക്കാര്‍ പരസ്പരം പരിചയപ്പെടലും മറ്റും കഴിഞ്ഞു. അളിയന്‍ എല്ലാവരെയും മൊത്തത്തില്‍ നോക്കി. എന്നോട് സ്വകാര്യമായി ചെവിയില്‍ പറഞ്ഞു. "അളിയാ എല്ലാവരും നല്ല ഗ്ലാമര്‍ താരങ്ങളാ. പെണ്‍കുട്ടിയും സൂപ്പര്‍ ആയിരിക്കും. സിനിമ നടിയെ പോലെ ഇരിക്കും.
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന എന്റെ മുന്നിലേക്ക് നാണം കുണുങ്ങി കൊണ്ടു അവള്‍ വന്നു. "അയ്യോ" എന്നൊരു ശബ്ദം എന്റെ തൊണ്ടയില്‍ നിന്ന് അറിയാതെ പൊങ്ങി.
"അളിയാ, ഒച്ച വക്കാതെ." എന്റെ അളിയന്‍ ഓര്‍മ്മിപ്പിച്ചു.
വന്ന സ്ഥിതിക്ക് ഒരു ഫോര്‍മാലിറ്റിക്ക് ചുമ്മാ, എന്താ പേര്, എന്താ പഠിച്ചത് എന്നൊക്കെ ചോദിച്ചു.
"പാവം കുട്ടിയുടെ അമ്മ, ഇവളെ ഗര്‍ഭം ഉണ്ടായിരുന്നപ്പോള്‍ ഇടിമിന്നല്‍ അടിച്ചതാ" അളിയന്‍ എവിടെ നിന്നാണ് ഈ വാര്‍ത്ത സംഘടിപ്പിച്ചത് എന്ന് എനിക്ക് അറിയില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് എണീറ്റ് പോന്നാല്‍ മതിയായിരുന്നു എനിക്ക്. എന്നാല്‍ കൂടെ വന്ന കാര്‍ന്നോന്മാര്‍ വിടുന്ന ലക്ഷണമില്ല. രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്തമാനങ്ങളും വിശേഷങ്ങളും പറഞ്ഞു ഇരിക്കുകയായിരുന്നു. ഞാന്‍ പതുക്കെ എഴുന്നേറ്റു. വീടും ചുറ്റുപാടും നോക്കാന്‍ എന്ന മട്ടില്‍ പുറത്തേക്കിറങ്ങി. പിന്നില്‍ എന്തെക്കെയോ അപ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ എന്റെ ചെറുതുങ്ങള്‍ പ്ലേറ്റിലെ അണ്ടി പരിപ്പും, ബദാമും ഒക്കെ വാരി എടുക്കുന്നു. പോക്കറ്റില്‍ നിറക്കുന്നു. പിന്നെ അവരും പുറത്തേക്കു ഇറങ്ങി. ഇറങ്ങിയ അവരുടെ കയ്യില്‍ നിന്ന് ഞാനും അളിയനും കുറച്ചു അണ്ടി പരിപ്പും ബദാമും തട്ടിപ്പറിച്ചു വാങ്ങി. വല്ലവരുടെയും വീട്ടില്‍ ഒരു സീന്‍ ഉണ്ടാക്കണ്ട എന്ന് കരുതിയാകണം, പാവങ്ങള്‍ ക്ഷമിച്ചു.
തിരിച്ചു കാറില്‍ കയറിയപ്പോള്‍ കുറച്ചു കൂടി അണ്ടി പരിപ്പ് കൂടി ഞാന്‍ ബലമായി കൈക്കലാക്കി. "ഒരു ജാതി സ്വഭാവം കാണിക്കരുത് ചേട്ടാ. ഒരു മാതിരി കൂതറ സ്വഭാവം." അവരുടെ പരിഭവം.
"ഒന്ന് പോയേരാ അവിടന്ന്, നിങ്ങള്‍ അവിടെ കാണിച്ചത് എന്തുട്ടാ? ദരിദ്ര വാസികളെ പോലെ, സോമാലിയയില്‍ നിന്ന് വരുന്ന പിള്ളേരാ എന്ന് അവര്‍ വിചാരിചിട്ടുണ്ടാകും."
"എന്റെ ചേട്ടാ, നമ്മള്‍ ഇനി അവരെ കാണാന്‍ പോണില്ലല്ലോ."
"അതെന്താടാ അങ്ങനെ?"
"ആ പെണ്ണിനെ ചേട്ടന് ഇഷ്ടമായില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. ഒരു ജാതി കൂതറ പെണ്ണ്. അതല്ലേ ധൈര്യമായി വാരി എടുത്തത്. നമ്മളെ കുറിച്ച് അവര്‍ എന്ത് വിചാരിച്ചാലും നമുക്ക് എന്താ?" കൊള്ളാം പിള്ളേര്‍ക്ക് ബുദ്ധിയുണ്ട്. അത് പിന്നെ അങ്ങനെ ആകാതെ ഇരിക്കുമോ. എന്റെയല്ലേ അനിയന്മാര്‍!!!
(വല്യേട്ടനും ചെറുതുങ്ങളും എന്ന ബ്ലോഗ് എഴുതിയതിനു ശേഷം, പേര് വച്ച് എഴുതല്ലേ ചേട്ടാ, ഞങ്ങളുടെ മാനം കളയല്ലേ ചേട്ടാ എന്ന് എന്റെ ചെറുതുങ്ങള്‍ കാലു പിടിച്ചു അപേക്ഷിച്ചത് കണക്കിലെടുത്ത് കൊണ്ട് പെണ്ണ് കാണാന്‍ കൂടെ വന്ന ചെറുതുങ്ങള്‍ ആരൊക്കെയാ എന്ന് ഇവിടെ വെളിപ്പെടുത്തുന്നില്ല.
****************************** *****
എല്ലാ പെണ്ണ് കാണലിനും പോകുമ്പോള്‍ ഇതെങ്കിലും ശരിയായാല്‍ മതിയായിരുന്നു എന്ന് മനസ്സില്‍ തോന്നാറുണ്ട്. അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാറുണ്ട് . പക്ഷെ ഒരു പെണ്ണ് കാണലിനു മാത്രം ഇത് നടക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന് പ്രാര്‍ത്ഥിച്ചു പോയി. എന്നാല്‍ ഞാന്‍ വിവാഹം കഴിച്ചത് ആ പെണ്‍കുട്ടിയെ തന്നെയായിരുന്നു എന്നത് രസകരമായ കഥാന്ത്യം.
അന്ന് പെണ്ണ് കാണലിനു പോകുമ്പോള്‍ രണ്ടു കാര്‍ നിറയെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. വല്യേട്ടന്റെ ചെറുതുങ്ങളില്‍ ചിലര്‍ സ്ഥലം പിടിച്ചിരുന്നു. ഒരു കാര്‍ ഞാന്‍ തന്നെയായിരുന്നു ഓടിച്ചിരുന്നത്. അതില്‍ തൊട്ടടുത്തിരിക്കുന്നു എന്റെ സാക്ഷാല്‍ ശ്രീമാന്‍ അളിയന്‍! ഈ അളിയനെന്താ ഇങ്ങനെ എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല. മുഴുവന്‍ സമയവും കാറില്‍ ഇരുന്നു കല്യാണ കഥകളും, വിശേഷങ്ങളും, തമാശകളും, പിന്നെ എന്നെ കളിയാക്കലുകളും. ജോലി സംബന്ധമായി അളിയന്‍ എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മുഴുവന്‍ കുറെ സഞ്ചരിക്കുന്നയാളാണ്. അത് കൊണ്ട് തന്നെ സ്ഥലങ്ങള്‍ എല്ലാം നന്നായി അറിയാം. ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടത്തെ പ്രത്യേകതകളും ചരിത്രവും ഒക്കെ പറഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ ഞങ്ങള്‍ മുന്നോട്ടു പോയി പോയി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ അളിയന്‍ പറഞ്ഞു, "അളിയാ ഇതാണ് കോണത്തുകുന്ന്. ഇവിടെയാ പെണ്ണിന്റെ വീട്"
"അയ്യേ, ഇത് എന്ത് സ്ഥലപ്പേര്?" ഞാന്‍ ആലോചിച്ചു പോയി. 'ഇവിടെ നിന്ന് വിവാഹം കഴിച്ചാല്‍!!! അയ്യേ!!! ഭാര്യവീട് എവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും? ഇവര്‍ക്ക് വേറെ പേരൊന്നും കിട്ടിയില്ലേ ഇടാന്‍? ഷര്‍ട്ട് കുന്ന്, സാരി കുന്ന്, പാവാട കുന്ന് എന്നൊക്കെ എന്തെല്ലാം നല്ല പേരുകള്‍ കിടക്കുന്നു!' ഇതില്‍ പാവാടകുന്ന് എന്ന പേരാണ് എനിക്ക് ശ്ശി പിടിച്ചത്. 'ദൈവമേ, ഈ കല്യാണം നടക്കാതിരുന്നാല്‍ മതിയായിരുന്നു. പെണ്‍കുട്ടിയെ കണ്ടാല്‍ ഇഷ്ടപ്പെട്ടില്ല എന്ന് തീര്‍ച്ചയായും പറയണം' ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
കാര്‍ പിന്നെയും മുന്നോട്ട് നീങ്ങി. കോണത്തുകുന്ന് ബഹുദൂരം പിന്നിലായി. "അളിയാ, പെണ്ണിന്റെ വീട് എത്തിയില്ലേ? ഇത് ഏതാ സ്ഥലം?" ഞാന്‍ ചോദിച്ചു.
"അളിയാ ധൃതി വക്കാതെ . , കോണത്തു കുന്ന് കഴിഞ്ഞു. ഇത് കരുപടന്ന. ഇവിടെ അടുത്തു എവിടെയോ ആണ് പെണ്ണിന്റെ വീട്. നമുക്ക് ചോദിച്ചു ചോദിച്ചു പോകാം."
ഹാവൂ, സമാധാനമായി! അപ്പൊ കോണത്തുകുന്നില്‍ അല്ല വീട്. 'ദൈവമേ, നേരത്തെ പ്രാര്‍ത്ഥിച്ചത് അങ്ങ് തള്ളി കള. അല്ലെങ്കിലും എന്റെ എത്രയോ പ്രാര്‍ത്ഥനകള്‍ അങ്ങ് തള്ളിയിരിക്കുന്നു. ഇന്ന് ആദ്യമായി എന്റെ പ്രാര്‍ത്ഥന തള്ളി കളയാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. ഇത് നല്ല ആലോചന ആണെങ്കില്‍ നടന്നോട്ടെ'
എന്തായാലും എന്റെ ഈ രണ്ടു പ്രാര്‍ത്ഥനകളും ദൈവം കേട്ടു. തള്ളേണ്ടല്ലേണ്ട പ്രാര്‍ത്ഥന തള്ളി, കൊള്ളേണ്ട പ്രാര്‍ത്ഥന കൊണ്ടു. അങ്ങിനെ 2010 ഏപ്രില്‍ മാസം ഏഴാം തിയ്യതി, നിജ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
*******************************************
സമ്പന്നമായ പെണ്ണുകാണലനുഭവങ്ങളൂടെ അകമ്പടികളോടെ നിജ ജീവിതത്തിലേക്ക് കയറിവന്നതിന്റെ നിജസ്ഥിതികൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നൂ..കേട്ടൊ രാജേഷ്
ReplyDeleteഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
Deleteപ്രിയപ്പെട്ട രാകേഷ്,
ReplyDeleteഇത്രേം കഷ്ട്ടപ്പെട്ടു അല്ലെ, നിജയെ സ്വന്തമാക്കാന്‍ ! :)
രാകേഷിനും നിജക്കും സന്തോഷകരമായ ഒരു ദാമ്പത്യജീവിതം ആശംസിക്കുന്നു.
സസ്നേഹം,
അനു
ഇത് ഞാൻ വായിച്ചു. നന്നായിരുന്നു. ഇത്രയും രസമായിട്ടു എഴുതാൻ പറ്റുമെന്ന് വിചാരിച്ചില്ല. പിന്നെ കൊറേ സംഭവങ്ങൾ ഒരു ഓര്മ പെടുത്തലായിരുന്നു. THANK YOU. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വരി ഡ്രൈവിംഗ് നെ കുറിച്ച് കൊറേ സംസാരിച്ച അളിയൻ ഇതുവരെ ഒരു വണ്ടിയും ഓടിച്ചു കണ്ടില്ല എന്നതാണ്. കൊറേ ചിരിച്ചു. എനിക്ക് ഈ ബ്ലോഗ് പെട്ടന്ന് അവസാനിപ്പിച്ച പോലെ തോന്നുന്നു. പക്ഷെ നിജ താങ്കളുടെ ജീവിതത്തിൽ പെട്ടന്ന് കടന്നു വന്നട്ടില്ല. കൊറോള പെണ്ണിന്റെയും പെണ്ണ് കാണൽ ഒരേ ദിവസമായിരുന്നു. ഇഷ്ടമായി എന്ന് പറഞ്ഞാൽ കെട്ടിച്ചു വെക്കും, പിന്നെ കാരഞ്ഞട്ടു കാര്യമില്ല എന്ന് ആ അളിയൻ എപ്പോഴും പറഞ്ഞിരുന്നെന്നു ഞാൻ കേട്ടട്ടുണ്ട്. പിന്നെ Engagement ന് മുന്നേയും കല്യാണത്തിന് മുന്നേയും നിങ്ങൾ തല്ലു കൂടി പിണങ്ങിയിരുന്നു. നിങ്ങളുടെ പ്രണയ കാലം നീണ്ടു നിന്നിരുന്നപ്പോൾ നിജ എന്റെ ജീവിതത്തിലേക്ക് വന്നു എന്ന് പെട്ടന്ന് അവസാനിപ്പിച്ചത് ശരിയായില്ല. അത് എനിക്ക് പാലക്കൽ എസ് യെൻ ഡി പി ഫാമിലിയെ ഓർമപ്പെടുത്തുന്നു. ഹായ് ഐ ആം രാകേഷ് എന്ന് തുടങ്ങുന്നത് മുതൽ താലി കെട്ടുന്നത് വരെ ഒരു എപിസോഡ് എഴുതണം.
ReplyDeleteകരുപ്പടന്നയിൽ എവിടെ...?
ReplyDeleteഞൻ അവിടത്തുക്കാരനാണ്
കഥ സൂപ്പർ