Sunday, 22 January 2012

ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍....



ഒരു ദിവസം പതിവ് പോലെ, രാവിലെ കുമാരേട്ടന്റെ കൂടെ ചായ കുടിച്ചു തിരിച്ചു വരുമ്പോള്‍ ആണ് അത് കണ്ടത്. ഹരിയേട്ടന്  ചുറ്റും ഒരു വലിയ ആള്‍ക്കൂട്ടം. അയ്യോ, എന്തു പറ്റി? ഞാന്‍ അടുത്ത് ചെന്ന് നോക്കി. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ഹരിയേട്ടന്‍ വല്ലാത്ത ഒരു അവസ്ഥയില്‍ ഇരിക്കുന്നു. പക്ഷെ കുഴപ്പം ഒന്നും തോന്നുന്നില്ല. മുഖത്ത് സന്തോഷം ആണ് നിറഞ്ഞു നില്‍ക്കുന്നത്. സന്തോഷം കൂടുതലായതു കൊണ്ട് ഇങ്ങനെ  ഒരു അവസ്ഥയില്‍ ആയി പോയതാ.
"എന്താ കാര്യം?" ഞാന്‍ തിരക്കി.
"ഹരിക്ക് ലോട്ടറി അടിച്ചു."
"ഹോ, കൊള്ളാമല്ലോ. ഹരിയേട്ടാ, എപ്പോഴാ പാര്‍ട്ടി?" എല്ലാവരുടെയും ചോദ്യം ഇത് തന്നെയായിരുന്നു. 
"ഉടനെ ഉണ്ടാകും" ഹരിയേട്ടന്‍ ഉറപ്പു പറഞ്ഞു.
ലോട്ടറി അടിച്ച ഡിപ്പാര്‍ട്ട്മെന്റ് കുറച്ചു കാലത്തേക്ക് അറിയപ്പെട്ടു. 

ഹരിയെട്ടന്റെ ഭാഗ്യം! എന്നാലും എന്നെ എന്താ ഭാഗ്യദേവത കടാക്ഷിക്കാത്തത്  എന്ന്  ചിന്തിച്ചു നോക്കി. അധികം ആലോചിച്ചു തല പുണ്ണാക്കേണ്ടി  വന്നില്ല. കാര്യം പിടി കിട്ടി. ലോട്ടറി അടിക്കണമെങ്കില്‍ ചുരിങ്ങിയ പക്ഷം ലോട്ടറി എടുക്കുകയെങ്കിലും വേണം! 

ഏതായാലും സംഗതി കൊള്ളാം. അബുദാബി ഡ്യൂട്ടി ഫ്രീ ലോട്ടറി ആണ് ഹരിയേട്ടന് അടിച്ചത്. വില 500 ദിര്‍ഹം. അത് കുറച്ചു കൂടുതല്‍ അല്ലെ? ഞാന്‍ അഞ്ഞൂറിനെ 12.50 കൊണ്ട് ഗുണിച്ച്‌ നോക്കി. വേണ്ട... ഇത്രയും രൂപ കൊടുത്തു ലോട്ടറി എടുക്കണ്ട. നാട്ടില്‍ പോയാല്‍ കേരള ഭാഗ്യ കുറി കിട്ടും. 20 മുതല്‍ 100 രൂപ വരെ ആണ് വില. ഓണം ക്രിസ്മസ് വിഷു തുടങ്ങിയ ബമ്പറുകള്‍ക്ക് 200. ലക്ഷങ്ങളും കോടികളും ഒക്കെ സമ്മാനം ഉണ്ട്. കൂടാതെ കാറും സ്വര്‍ണവും ഉണ്ട്.  ഇനി മുതല്‍ നാട്ടില്‍ പോകുമ്പോള്‍ ദിവസവും ഒന്നോ രണ്ടോ ലോട്ടറി വീതം എടുക്കണം. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. 

*********************************
ആഴ്ചയില്‍ ഒരിക്കല്‍ (എന്നാണു മാമന്‍ പറയുന്നത്) ലോട്ടറി എടുക്കുന്ന ആളാണ്‌ എന്റെ മാമന്‍. അതി രാവിലെ പത്രത്തില്‍ ലോട്ടറിയും പിടിച്ചു നോക്കിയിരിക്കുന്ന മാമന്‍ ഒരു പതിവ് കാഴ്ച ആണ്. ആ സമയത്ത് മാമന്റെ മുഖ ഭാവം ഒന്ന് കാണേണ്ടത് തന്നെയാ. 
ഒരു ദിവസം. മാമന്‍ പത്രത്തില്‍ നോക്കിയിരിക്കുന്നു. പെട്ടെന്നൊരു ശബ്ദം. "അടിച്ചൂടാ". ഞാന്‍ തിരിഞ്ഞു നോക്കി. മാമന്‍ നിലത്തല്ല, വായുവില്‍  
"സത്യമാണോ മാമാ?" ഞാന്‍ ചോദിച്ചു.
"അതെഡാ"
"എത്രയാ?"
"അഞ്ച്"
"അഞ്ചു ലക്ഷമോ? കോടിയോ?" ഞാനും പതുക്കെ വായുവിലേക്ക് ഉയര്‍ന്നു.
"അയ്യായിരം"
ഞാന്‍ തിരിച്ചു ഭൂമിയില്‍ വന്നിറങ്ങി.
"എല്ലാവരെയും വിളിച്ചു പറയണ്ടേ?" മാമന്‍ വിളി തുടങ്ങി. പെങ്ങന്മാരേയും, അളിയന്മാരെയും, അവരുടെയും കുട്ടികളെയും വിളിച്ചു സന്തോഷ വാര്‍ത്ത അറിയിച്ചു. ഏതാനും മണിക്കൂറുകള്‍ അങ്ങനെ പോയി. എല്ലാം കഴിഞ്ഞപ്പോള്‍  എന്നോട് ഒരു ചോദ്യം.
"നിനക്ക് വാസു പാപ്പന്റെ നമ്പര്‍ അറിയോ?"
"എവിടത്തെ? ഷാര്‍ജയിലെയോ?" ഞാന്‍ ചോദിച്ചു.
"അതെ"
"മാമാ, വട്ടുണ്ടോ? ആകെ അയ്യായിരം അല്ലെ അടിച്ചുള്ളൂ. വെറും അയ്യായിരം ഉലുവ. അല്ലാതെ അയ്യായിരം കുവൈറ്റി ദിനാറോ, അമേരിക്കന്‍  ഡോള്ലെറോ, പോട്ടെ, ചുരുങ്ങിയ പക്ഷം യു എ ഇ ദിര്‍ഹം ഒന്നുമല്ലല്ലോ അടിച്ചത്. ഇതിനൊക്കെ ഐ എസ് ഡി വിളിക്കണോ? പാപ്പന്‍ വിളിക്കുമ്പോള്‍ മേമ പറഞ്ഞോളും." മാമന്‍ പിന്നീട് വിളിച്ചോ എന്ന് അറിയില്ല.

ലോട്ടറി അടിച്ചത് മാമന്‍ കാര്യമായി തന്നെ ആഘോഷിച്ചു. ഞങ്ങള്‍ കുടുംബം എല്ലാവരും ഒത്തു കൂടി. ടോട്ടല്‍ 18 പേര്‍ ഉണ്ടായിരുന്നു. ലഞ്ച് എന്ന് പറഞ്ഞാ തുടങ്ങിയത്. അത് പിന്നെ നാല് മണിയുടെ ചായയും കടന്നു ഡിന്നറില്‍  എത്തി. കഴിച്ചതൊക്കെ നന്നായി ദഹിക്കാന്‍ കാരണവന്മാര്‍ മരുന്ന് കഴിപ്പും തുടങ്ങി. ബാക്കി ഉള്ളത് പട്ടിക്കും പൂച്ചക്കും കോഴിക്കും. പിന്നെ പാര്‍സലും.

മാമന്റെ വക അളിയന്മാര്‍ക്കൊക്കെ ഓരോ ഷര്‍ട്ട്‌. കുടുംബത്തിലെ ആദ്യത്തെ മരുമകനായ ബിജുവിന് ഒരു ഷര്‍ട്ട്‌, ആദ്യത്തെ മരുമകളായ എന്റെ ഭാര്യക്ക്‌ ഒരു ചുരിദാര്‍. അപ്പോള്‍  ആദ്യത്തെ മകനായ എനിക്കോ? മാമനോട് ചോദിച്ചപ്പോള്‍ ഒരു "പോടാ" കിട്ടി.

മാമന് ഇനിയും ഇനിയും ലോട്ടറി അടിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു. 

പിറ്റേന്ന് മാമനെ കണ്ടപ്പോള്‍ ചുമ്മാ ഒന്ന് ചോദിച്ചു. "മാമാ, ലോട്ടറി അടിച്ചതല്ലേ. ഒരു ആയിരം രൂപ കടം താ. അടുത്ത മാസം തിരിച്ചു തരാം."

"ഒന്ന് പോയേടാ അവിടന്ന്, അയ്യായിരം അടിച്ചിട്ട് ആറായിരം ചിലവായി. അപ്പോഴാ അവന്റെ ഒരു കടം ചോദിപ്പ്" മാമന്റെ മറുപടി.

അഞ്ച് ലക്ഷവും കോടിയും  ഒന്നും അടിക്കാതിരുന്നത് മാമന്റെ ഭാഗ്യം.........

**********************************************
ഇമ്മാനുവേല്‍ സില്‍ക്സില്‍ നിന്ന് തുണി എടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ബെന്‍സ് കാര്‍ സമ്മാനം. ഓണമായിട്ട് അവിടെ നിന്ന് തന്നെ തുണി എടുത്തു. കുറെ കൂപ്പണ്‍ കിട്ടി. 
"ജിതുവിന്റെ പേര് വച്ചാല്‍ മതി." അമ്മ പറഞ്ഞു. അതിനുള്ള കാരണവും പറഞ്ഞു. "അവന്‍ അല്ലെ നാട്ടില്‍ ഉള്ളത്. പിന്നെ അവന്‍ തിരുവോണമാ. ഐശ്വര്യം ഉള്ള നാളാ."
ഞങ്ങള്‍ രണ്ടു പേരും കൂടി ഇരുന്നു കൂപ്പണ്‍ എല്ലാം പൂരിപ്പിച്ചു. ബെന്‍സ് കാര്‍ ഓടിക്കുന്നതും മാരുതി ഓടിക്കുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ? അതായിരുന്നു എന്റെ സംശയം. 
"അമ്മെ, ഇത് നമുക്ക് തന്നെ അടിക്കും. ഉറപ്പാ..." ഞാന്‍ പറഞ്ഞു. "ഈ നെടുപുഴയില്‍ ബെന്‍സ് ഉള്ള ഒരാള്‍ പോലും ഇല്ലമ്മേ. ഇവിടെ ബെന്‍സ് കാര്‍ ഉള്ള  ആദ്യത്തെ ഫാമിലി നമ്മുടെതായിരിക്കും" അത് അത്രയ്ക്ക് അങ്ങ് വിശ്വസിച്ചില്ലെങ്കിലും, അമ്മയുടെ കണ്ണുകളില്‍ ഒരു തിളക്കം ഉണ്ടായി എന്നുള്ളത് സത്യം. 
"കറുത്ത ബെന്‍സ് ആണ് ഭംഗി. മറ്റു കളറുകള്‍ അത്രയ്ക്ക് അങ്ങ് പോര." ഞാനും അനിയനും ഇക്കാര്യത്തില്‍ ഒറ്റ കെട്ടായിരുന്നു.

ഇനി ഈ സംഭവത്തിന്‌ പാരലല്‍ ആയി ഉണ്ടായ ഒരു സംഭവം കൂടി പറയാം. ഞങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. കുടുംബത്തിലെ പ്രായപൂര്‍ത്തിയായ,   പേടി താരതമ്യേന കുറവുള്ള  എല്ലാവരും ലൈസന്‍സ് എടുത്തു കഴിഞ്ഞിരുന്നു. "ഡ്രൈവിംഗ് സ്കൂളില്‍ പഠിച്ചത് കൊണ്ടായില്ല. കാര്‍ ഓടിച്ചു ഒരു പരിചയം വരണം.  അത് കൊണ്ട്  നമുക്ക് ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ മാരുതി വാങ്ങാം. എല്ലാവരും ഓടിച്ചു തെളിഞ്ഞതിനു ശേഷം പുതിയത് വാങ്ങാം." എന്റെ നിര്‍ദേശം എല്ലാവരും സ്വീകരിച്ചു.

അനിയച്ചാര്‍ പോപ്പുലര്‍ വെഹിക്കിളില്‍  പോയി അന്വേഷിച്ചു. അവിടെ തത്കാലം മാരുതി 800 ഇല്ല. അവന്റെ പേരും അഡ്രസ്സും വാങ്ങി വച്ചു. പുതിയ പഴയ കാര്‍ വരുമ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം വീട്ടിലേക്കു ഒരു ഫോണ്‍ കാള്‍. എടുത്ത അമ്മയോട് വിളിച്ചയാള്‍ ഒരു ചോദ്യം.
"ജിതേഷ് ഉണ്ടോ?"
"ഇല്ലല്ലോ, പുറത്തു പോയിരിക്കാ. ആരാ, എന്താ കാര്യം?" അമ്മ ചോദിച്ചു.
"ജിതേഷിന് ഒരു കാര്‍ കിട്ടിയിട്ടുണ്ട്. അത് പറയാന്‍ വിളിച്ചതാ. ഞങ്ങളുടെ നമ്പര്‍ തരാം. ജിതേഷ് വരുമ്പോള്‍ തിരിച്ചു വിളിക്കാന്‍ പറയു" അയാള്‍ നമ്പര്‍ കൊടുത്തു.
"അടിച്ചൂടാ, നമുക്ക് കാര്‍ അടിച്ചു. ബെന്‍സ് കാര്‍ അടിച്ചു. അവര്‍ ഇപ്പൊ തന്നെ വിളിച്ചിരുന്നു" അമ്മ തുള്ളി ചാടി. 
"സത്യമാണോ അമ്മെ?" ഞാന്‍ ചോദിച്ചു.
"അതേടാ, ഇപ്പൊ തന്നെ അവര്‍ വിളിച്ചതാ." 
അച്ഛനും അമ്മയും ഞാനും ഡാന്‍സ് തുടങ്ങി. ജിതുവിനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. കടയില്‍ വിളിച്ചു കാര്യം പറഞ്ഞു. അവന്‍ വരുമ്പോള്‍ ഉടനെ വീട്ടില്‍ വരാന്‍ പറയണം. 
അധികം വൈകാതെ അവന്‍ വീട്ടില്‍ എത്തി. അവര്‍ തന്ന നമ്പറില്‍ വിളിച്ചു. പട പാടാ മിടിക്കുന്ന ഹൃദയവുമായി ഞങ്ങള്‍ ചുറ്റും ഇരുന്നു. അവന്റെ മുഖം സന്തോഷത്താല്‍ വിടരുന്നത് കാണാന്‍ ഞങ്ങള്‍ കാത്തിരുന്നു. പക്ഷെ, അവന്റെ മുഖം വാടുന്നതാണ് കണ്ടത്. കറുത്ത ബെന്‍സ് കൊടുക്കാന്‍ പറ്റില്ല, വെളുത്ത ബെന്‍സ് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും. 
ഫോണ്‍ വിളിച്ചു കഴിഞ്ഞ അവന്‍ സങ്കടപ്പെട്ടു ഇരുന്നു. "എന്താടാ, എന്തു പറ്റി?"
"അത് പോപുലറില്‍ നിന്ന് വിളിച്ചതാ. അവിടെ സെക്കന്റ്‌ ഹാന്‍ഡ്‌ മാരുതി വന്നിട്ടുണ്ടത്രേ. പോയി നോക്കി ഇഷ്ടപ്പെട്ടാല്‍ വാങ്ങിക്കോളാന്‍ പറഞ്ഞു"...
"പുതിയ കാര്‍ വാങ്ങുന്നതിന് മുന്നോടിയായി പോപുലറില്‍ നിന്നും പഴയ മാരുതി വാങ്ങുന്ന നെടുപുഴയിലെ ആദ്യത്തെ ഫാമിലി നമ്മുടെതായിരിക്കും"  എല്ലാവരെയും അങ്ങനെ സമാധാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. 

***********************************

ഒരു ദിവസം അനിയനുമായി ചാറ്റ് ചെയ്യുകായിരുന്നു ഞാന്‍. ഇവിടത്തെ വിശേഷങ്ങള്‍ എല്ലാം പറയുന്ന കൂട്ടത്തില്‍ ചുമ്മാ ഒരു നമ്പര്‍ ഇറക്കി നോക്കി.
"അനിയാ, കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ കുറെ സാധനങ്ങള്‍ വാങ്ങിയിരുന്നില്ലേ, അതെല്ലാം ലുലുവില്‍ നിന്ന വാങ്ങിയത്."
"അതിന്?"
"അന്ന് കുറച്ചു കൂപ്പണ്‍ കിട്ടിയിരുന്നു. അതിന് സമ്മാനം അടിച്ചിരിക്കുന്നു എന്ന് പറഞ്ഞു ഇന്ന് അവര്‍ വിളിച്ചിരുന്നു. മാത്രമല്ല ഇ മെയിലും അയച്ചിരിക്കുന്നു"
"തട്ടിപ്പായിരിക്കും ചേട്ടാ, മില്ല്യന്‍സ് ആന്‍ഡ്‌ മില്ല്യന്‍സ് ഓഫ് ഡോളര്‍ ലോട്ടറി അടിച്ചിരിക്കുന്നു എന്ന് പറഞ്ഞു ദിവസവും എനിക്ക് ചുരുങ്ങിയത് പത്തു ഇ മെയിലെങ്കിലും വരാറുണ്ട്."
"ഇത് തട്ടിപ്പല്ലെടാ, ശരിക്കുള്ള ഇമെയില്‍ ആണ്. എന്റെ കൂപ്പണ്‍ നമ്പര്‍, പിന്നെ കൂപ്പണിന്റെ സ്കാന്‍ കോപ്പി ഒക്കെ വച്ചിട്ടുണ്ട്."
"ആണോ? എന്തു സമ്മാനമാ ചേട്ടാ അടിച്ചത്?"
"അര കിലോ സ്വര്‍ണം!!!"
പിന്നെ കുറച്ചു നേരത്തേക്ക് അവന്റെ അനക്കം ഒന്നുമില്ല. ഞാന്‍ ഇവിടെ നിന്നും, ഹലോ, അവിടെ ഉണ്ടോ, പോയോ, എവിടെടാ എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു. ഒന്നിനും മറുപടി കിട്ടുന്നില്ല. ദൈവമേ, അവന്റെ ബോധം പോയോ?
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ മറുപടി വന്നു.
"ചേട്ടാ"
"എവിടെയായിരുന്നെടാ പട്ടി നീ? ഞാന്‍ പേടിച്ചു പോയി. നിന്റെ ബോധം പോയി എന്ന് വിചാരിച്ചു"
"അല്ല ചേട്ടാ, ഞാന്‍ കാല്‍ക്കുലേറ്റര്‍ തപ്പുകയായിരുന്നു" ഇവന്‍ ആള് കൊള്ളാമല്ലോ.
"എന്റെ അനിയാ, ഞാന്‍ മുഴുവന്‍ പറഞ്ഞോട്ടെ. ആക്ച്വലി ഞാന്‍ ഇന്നലെ കണ്ട സ്വപ്നത്തിന്റെ കാര്യമാ പറഞ്ഞത്"
ഒരു അനിയന് സ്വന്തം ചേട്ടനെ എന്തു മാത്രം ചീത്ത വിളിക്കാന്‍ സാധിക്കും എന്ന് ഞാന്‍ അന്ന് മനസ്സിലാക്കി. ഡോണ്ട് റിപീറ്റ് ഇറ്റ്‌. ജസ്റ്റ്‌ റിമെംബര്‍ ദാറ്റ്‌. 

*******************************

ഓണക്കാലം, സര്‍ക്കാര്‍ പതിവ് പോലെ ഓണം ബമ്പര്‍ ഇറക്കി. ഇത്തവണ അതി ഭയങ്കര സമ്മാനമാ, അഞ്ച് കോടിയും പിന്നെ രണ്ടു  കിലോ സ്വര്‍ണവും. പക്ഷെ ഇരുന്നൂറു രൂപ മുടക്കണം! ഓ പിന്നെ, എന്റെ പട്ടി മുടക്കും ഇരുന്നൂറു രൂപ! എന്നാലും അഞ്ച് കോടി എന്നൊക്കെ പറയുമ്പോള്‍.........

ഞാനും  ശ്രീമതിയും കൂടി ചെറിയ ഒരു പര്‍ചെസിനു ഇറങ്ങിയതാ. ചെറിയ പര്‍ച്ചേസ് എന്നാല്‍ ചെറിയത് തന്നെ. ഞങ്ങളുടെ ബാലഗോപാലനെ എണ്ണ തേപ്പിച്ചു കുളിപ്പിക്കാന്‍ വെന്ത വെളിച്ചെണ്ണ വാങ്ങണം. അതാണ്‌ പ്രധാനം. ഔഷധിയില്‍ കിട്ടും എന്ന് പറഞ്ഞു ചോദിച്ചു ചെന്നപ്പോള്‍ അവിടെ സ്റ്റോക്ക്‌ തീര്‍ന്നു പോലും. പിന്നെ ഞങ്ങള്‍ എല്ലാ മെഡിക്കല്‍ ഷോപ്പിലും  ആയുര്‍വേദ കടകളിലും കയറി ഇറങ്ങാന്‍ തുടങ്ങി. 

അപ്പോള്‍ ആണ് കൈ നിറയെ ഭാഗ്യങ്ങളുടെ കെട്ടുമായി ഒരുവന്‍, ഒരുവന്‍ എന്ന് പറഞ്ഞാല്‍ ശരിയാകില്ല. ഒരു അരവന്‍. കാരണം അവന് ശരീരം മുഴുവന്‍ ആയി ഉണ്ടായിരുന്നില്ല. വികലാംഗന്‍ ആണ്. ശോഷിച്ച കൈ കാലുകളുടെ പവര്‍ മുഴുവന്‍ നാക്കില്‍ ആണ് അവന്‍ ആവാഹിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഭയങ്കര വാചകമടി. ഭയങ്കരം എന്ന് പറഞ്ഞാല്‍ പോര, അതി ഭയങ്കരം. പക്ഷെ ഏതു ഭയങ്കരനായാലും എന്റെ പോക്കറ്റില്‍ നിന്ന് ഇരുന്നൂറു രൂപ എടുക്കാന്‍ അവന് പറ്റില്ല. അതിനു അവന്‍ രണ്ടാമത് ജനിക്കണം. പക്ഷെ അവന്‍ ജനിച്ചു. രണ്ടാമതല്ല മൂന്നാമത്.!

ഒരു ആയുര്‍വേദ കടയില്‍ കയറുന്ന സമയത്താണ് അവന്‍ ആദ്യമായി അറ്റാക്ക്‌ ചെയ്തത്. "ചേട്ടാ ഓണം ബമ്പര്‍ ആണ് ചേട്ടാ. അഞ്ച് കോടിയാണ് ചേട്ടാ. എടുക്കു ചേട്ടാ, ചേട്ടന്റെ മുഖത്ത് ലക്ഷ്മി ദേവിയുടെ ഐശ്വര്യം തിളങ്ങുന്നത് എനിക്ക് കാണാം. ഇത്തവണ ഓണം ബമ്പര്‍ ചേട്ടന് തന്നെ. ഒരു ടിക്കറ്റ്‌ എടുക്കു ചേട്ടാ, വെറും ഇരുന്നൂറു രൂപ മാത്രം ചേട്ടാ" 
'ഹും, ഈ ഞൊണ്ടിക്കാലന് ഇത് വെറും ഇരുന്നൂറു രൂപ. പൊന്നു മോനെ, ഇരുന്നൂറു രൂപ ഉണ്ടെങ്കില്‍ പത്തന്‍സില്‍ നിന്ന് ഞാന്‍ എത്ര മസാല ദോശ കഴിക്കും എന്നാ നിന്റെ വിചാരം.'
"എനിക്ക് വേണ്ട അനിയാ" എന്ന് പറഞ്ഞു ഞാന്‍ സ്കൂട്ടായി. ഈ ആയുര്‍വേദ കടയിലും വെന്ത വെളിച്ചെണ്ണ ഇല്ല. ഞങ്ങള്‍ അടുത്ത കടയിലേക്ക് നടന്നു. അതാ നമ്മുടെ ഭാഗ്യദേവതയുടെ പ്രൈവറ്റ് സെക്രട്ടറി അവിടെ നില്‍ക്കുന്നു.
"ചേട്ടാ, അഞ്ച് കോടിക്ക് എത്ര മസാല ദോശ തിന്നാം എന്ന് ചേട്ടന്‍ ആലോചിട്ടുണ്ടോ? രണ്ടു കിലോ സ്വര്‍ണം കൊണ്ട് ഈ ചേച്ചിക്ക് എത്ര മാല ഉണ്ടാക്കാന്‍ എന്ന് ചേട്ടന്‍ ആലോചിട്ടുണ്ടോ? ജീവിത ചെലവ് കൂടുന്നു. പെട്രോളിന് വില കൂടുന്നു. അരിക്ക് വില കൂടുന്നു. ഇങ്ങനെയുള്ള ഈ കാലത്ത് അഞ്ച് കോടി കിട്ടിയാല്‍ അത് ജീവിതത്തെ എത്ര മാത്രം സഹായിക്കും എന്ന് ചേട്ടന്‍ ഒന്ന് ആലോചിച്ചു നോക്കു"
ഇവന്‍ ആള് കൊള്ളാമല്ലോ.

"ശരി അനിയാ, ഞാന്‍ ആലോചിച്ചിട്ട് വരാം" ഞങ്ങള്‍ അടുത്ത കട ലക്ഷ്യമാക്കി നടന്നു. 
"അയാളുടെ ഒരു വാചകമടി കേട്ടില്ലേ, അവന്‍ ആള് കൊള്ളാം" എന്റെ ശ്രീമതിയുടെ ഒരു അഭിപ്രായവും. 

പിന്നെയും ഞങ്ങള്‍ വെന്ത വെളിച്ചെണ്ണ അന്വേഷിച്ചു കുറെ നടന്നു. ആ വികലാംഗനെ കാണാനില്ല. പോയി കാണും. ആ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. "ശരിക്കും നമ്മുടെ ഭാഗ്യം തെളിഞ്ഞു വരുന്നുണ്ട് എന്ന് തോന്നുന്നു. അതല്ലേ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും അയാള്‍ നമ്മുടെ മുന്നില്‍ തന്നെ വരുന്നത്. ഇനിയും അയാള്‍ വന്നാല്‍ ടിക്കറ്റ്‌ എടുത്തേക്കാം, അല്ലെ?" വെറുതെ ആണ് പറഞ്ഞതെങ്കിലും അത് സത്യമാകും എന്ന് എന്റെ മനസ്സില്‍ ചെറിയ ഒരു തോന്നല്‍.

അയാള്‍ വീണ്ടും മുന്നില്‍ പ്രത്യക്ഷപ്പെട്ടു. "ചേട്ടാ, ഒരു ടിക്കറ്റ്‌ എടുക്കു ചേട്ടാ, വെറും ഇരുന്നൂറു രൂപ മാത്രം. ...................."
അയാള്‍ തുടരും മുന്‍പ് ഞാന്‍ പറഞ്ഞു, "പത്തന്‍സിലെ മസാല ദോശയുടെയും, പെട്രോളിന്റെയും, സ്വര്‍ണ മാലയുടെയും കാര്യം ഒന്നും പറയണ്ട" 
"ചേട്ടന് സമ്മാനം അടിക്കും ചേട്ടാ, ഉറപ്പാ. ചേട്ടന് അടിച്ചാല്‍ എന്റെയും കാര്യം രക്ഷപ്പെടും ചേട്ടാ. ഞാന്‍ ഒരു വികലാംഗനാണ് ചേട്ടാ. ഒരു പാവം വികലാംഗനെ സഹായിക്കു ചേട്ടാ"

"എടുക്ക് ഒരു ടിക്കറ്റ്‌." ഞാന്‍ പറഞ്ഞു.
സന്തോഷത്തോടെ അവന്‍ ഒരു ടിക്കറ്റ്‌ എടുത്തു തന്നു. 
ടിക്കറ്റ്‌ തിരിച്ചും മറച്ചും നോക്കി ഞാന്‍ ചോദിച്ചു, "അടിക്കുമെന്ന് ഉറപ്പല്ലേ?" 
"ഉറപ്പാണ് ചേട്ടാ, ഇല്ലെങ്കില്‍ ചേട്ടന്‍ എന്നെ അടിച്ചോ" എന്റമ്മോ, അവന്റെ ഒരു മറുപടി കേട്ടില്ലേ. 
സത്യത്തിന്റെ മുഖം വികൃതമാണെന്ന്  പറയുന്ന പോലെ ചിലപ്പോള്‍ ഭാഗ്യ ലക്ഷ്മിയുടെ രൂപം ചിലപ്പോള്‍ ഹാന്റികാപ്പ്ഡ് ആയിരിക്കും. 

ദൈവമേ, അഞ്ച് കോടി!!! അഞ്ച് കോടിക്ക് എത്ര ടാക്സ് അടക്കേണ്ടി വരുമോ ആവോ? ടാക്സ് ഇളവു കിട്ടുന്ന ഏതെങ്കിലും പദ്ധതിയില്‍ പണം നിക്ഷേപിക്കണം. ഞാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു. രണ്ടു കിലോ സ്വര്‍ണത്തിന് എത്രയാണാവോ ടാക്സ്? അത് സ്വര്‍ണമായി അടച്ചാല്‍ മതിയാകുമോ എന്തോ? 

അങ്ങനെ ഓണമായിട്ട് ഞാന്‍ ഒരു ഇരുന്നൂറു രൂപ മുടക്കി.

ഓണം കഴിഞ്ഞു, പുലി കളിയും കഴിഞ്ഞു. നറുക്കെടുപ്പും കഴിഞ്ഞു. രാവിലെ എണിറ്റു വന്ന എന്നോട് ശ്രീമതിയുടെ ഒരു ചോദ്യം. "ചേട്ടാ, പേപ്പര്‍ നോക്കുന്നില്ലേ? ലോട്ടറി നോക്കണ്ടേ?"
"ഓ, അതിന്റെയൊന്നും ആവശ്യം ഇല്ല. ഒന്നാം സമ്മാനം എനിക്ക് തന്നെയാ." ഞാന്‍ ആത്മ വിശ്വാസത്തോടെ പറഞ്ഞു. സമ്മാന വിവരം അറിയുമ്പോള്‍  അച്ഛനോ അമ്മക്കോ അറ്റാക്ക്‌ വന്നാല്‍? ഒരു ഡോക്ടറെ മുന്‍പേ തന്നെ വിളിച്ചു കൊണ്ട് വന്നാലോ? അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം. പേപ്പറില്‍ നോക്കിയിട്ട് ഇല്ല എന്ന് പറയാം. എന്നിട്ട് ഒന്നുമറിയാതെ പോലെ പുറത്തു പോയി ഡോക്ടറെ വിളിച്ചു കൊണ്ട് വരാം. എന്നിട്ട് അവരോടു കാര്യം പറയാം.

എനിക്ക് പക്ഷെ തിടുക്കമൊന്നും തോന്നിയില്ല. എനിക്കാണ് സമ്മാനം എന്ന് ഉറപ്പുള്ളത് കൊണ്ട് പിന്നെ എന്തിനു തിടുക്കം? സാവധാനം പ്രഭാത കൃത്യങ്ങളെല്ലാം കഴിച്ചു, കുളിച്ചു, പ്രാര്‍ത്ഥിച്ചു വന്നു. ഒരു ചൂട് ചായയും കയ്യില്‍ പിടിച്ചു കൊണ്ട് ഞാന്‍ നോക്കി. അയ്യോ ഇതെന്തു പറ്റി? എന്റെ ടിക്കറ്റിലെ നമ്പറുകള്‍ ഒഴിച്ച് ബാക്കി എല്ലാ നമ്പരുകളും ഉണ്ടല്ലോ പത്രത്തില്‍! 

"ചേട്ടാ, ഞാന്‍ പോയി ഒരു പെട്ടി എടുത്തു കൊണ്ട് വരാം. അഞ്ച് കോടി എടുത്തു വയ്ക്കണ്ടേ? ചേട്ടന്റെ സ്യുട്ട് കെയ്സില്‍ കൊള്ളുമോ?" എന്റെ ദയനീയമായ ഇരിപ്പ് കണ്ടപ്പോള്‍ അവള്‍ മനപ്പൂര്‍വം കുത്തി നോവിക്കാന്‍ ചോദിച്ചത് തന്നെയാ. ദുഷ്ടത്തി.
"സ്വര്‍ണം സൂക്ഷിക്കാന്‍ പുതിയ ലോക്കര്‍ ഓപ്പണ്‍ ചെയ്യേണ്ടി വരുമോ?" അമ്മയുടെ വക ഒരു കുത്ത് കൂടി.
"ഡാ, ജിതു, പത്തന്സിലേക്ക് വിളിച്ചു അഞ്ച് കോടിക്കുള്ള മസാല ദോശ ഓര്‍ഡര്‍ ചെയ്യെടാ. അവര്‍ ഇങ്ങോട്ട് കൊണ്ട് വന്നു തരുമോ അതോ നമ്മള്‍ പോയി വാങ്ങണോ എന്ന് ചോദിയ്ക്കാന്‍ മറക്കല്ലേ" അത് അച്ഛന്റെ വക. 
"നമുക്ക് പോയി വാങ്ങാം അച്ഛാ. ഇനി പെട്രോളിന്റെ വില ഒരു പ്രശ്നം അല്ലല്ലോ." അത് അനിയന്റെ വക.
അഞ്ച് മാസം പ്രായം ഉള്ള എന്റെ മകന്റെ മുഖത്തേക്ക് ഞാന്‍ നോക്കി. ഇനി അവന്‍ മാത്രമാണ് ബാക്കി. 
എന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് അവന്‍ അവന്റെ ഭാഷയില്‍ പറഞ്ഞു... "ഗ, ഗ, ങ്ങ, ങ്ങീ...." 

**************************
പിന്നെ എടുത്തത്‌ ഒരു ക്രിസ്മസ് ലോട്ടറി ആയിരുന്നു.  തെറ്റിദ്ധരിക്കരുത് ഫ്രീ ലോട്ടറി ആണ് കേട്ടോ. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ കമ്പനി സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായിരുന്നു ഈ ലോട്ടറി. പരിപാടികള്‍ക്ക് വരുന്നവര്‍ക്കെല്ലാം ഓരോ ലോട്ടറി കൊടുത്തു. സമ്മാനങ്ങള്‍ മോശമല്ല. റീ ചാര്‍ജ് കൂപ്പണുകള്‍, റോളക്സ് വാച്ച്, ഐ ഫോണ്‍, ബ്ലാക്ക്‌ ബെറി ഫോണ്‍ തുടങ്ങിയവ ആയിരുന്നു സമ്മാനങ്ങള്‍. ഏറ്റവും വലിയ സമ്മാനം, സാംസംഗ് ഗാലക്സി ടാബ്ലെറ്റ് പി സി. എനിക്ക് ഇത് മതി എന്ന് ഞാന്‍ തീരുമാനിച്ചു. മറ്റു സമ്മാനങ്ങള്‍ എല്ലാം കൊച്ചു കൊച്ചു ഐറ്റംസ് അല്ലെ? ആര്‍ക്കു വേണം!!! 

പരിപാടികളുടെ ഇട വേളകളില്‍ നറുക്കെടുപ്പ് നടന്നു. ഓരോരുത്തര്‍ക്കായി സമ്മാനങ്ങള്‍ നല്‍കപ്പെട്ടു. എന്റെ നമ്പര്‍ വന്നതേയില്ല. പക്ഷെ അങ്ങനെ ഒടുവിലത്തെ സമ്മാനമായ സാംസംഗ് ഗാലക്സി ടാബ്ലെറ്റ് പി സിയുടെ നറുക്കെടുപ്പും നടന്നു. സമ്മാനാര്‍ഹമായ നമ്പര്‍ വായിച്ചു.

1......... (ഒന്നേ)

2.........(രണ്ടേ)

0.........(പൂജ്യം)

7.........(അയ്യോ, പോയി)

എന്റെ നമ്പര്‍ 1206!!!!

എന്റെ നിര്‍ഭാഗ്യത്തില്‍ കുറെ അനുശോചനങ്ങള്‍ കിട്ടി. ഇക്കാര്യം ഞാന്‍ എന്റെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തു. കുറെ പേര്‍ അത് 'like' ചെയ്തു. എന്റെ നിര്‍ഭാഗ്യം അവര്‍ക്ക് ഇഷ്ടപ്പെട്ടു പോലും. ദുഷ്ടന്മാര്‍. ഇവന്മാര്‍ക്കൊന്നും ഒരിക്കലും ലോട്ടറി അടിക്കാതെ പോകട്ടെ. വീട്ടിലേക്കു വിളിച്ചു ഈ കാര്യം പറഞ്ഞപ്പോള്‍ അമ്മ സമാധാനിപ്പിച്ചു. "നമുക്ക് അധ്വാനിച്ചു കിട്ടുന്നത് മതി. വെറുതെ കിട്ടുന്നത് നല്ലതല്ല മോനെ" എന്നാലും എന്റെ അമ്മെ ഒരു കാര്യം ചോദിക്കട്ടെ, ഫ്രീ ആയി വല്ലതും കിട്ടിയാല്‍ പുളിക്കുമോ? 

നിങ്ങള്‍ എല്ലാവരും ലോട്ടറി അടിക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, എനിക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കണേ, പ്ലീസ്. 


1 comment:

  1. നെടുപുഴ ഗേറ്റടയിൽ വെച്ച് ഒരു കറുത്ത ബെൻസ് ഇടക്കിടെ കാണാനുൾല ഭാഗ്യം ഞങ്ങൾക്കും കൂടി നഷ്ട്ടപ്പെട്ടല്ലോ..

    ഭാഗ്യദേവതയുടെ കളിവിളയാട്ടങ്ങൾ പലതവണ ...
    കുടുംബത്തിൽ വന്ന് കാഴ്ച്ചവെച്ചതിന്റെ രസമായ അനുഭവങ്ങൾ സൂപ്പറായി അവതരിപ്പിച്ചിരിക്കുന്നൂ...

    രാകേഷ് ... ഇനി പലബ്ലോഗ്ഗ് സൈറ്റുകളിൽ പോയി ജോയിൻ ചെയ്യുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യൂ..
    അങ്ങിനെയെങ്കിലും ഈ നല്ലയെഴുത്തുകൾ കുറെ പേർ വായിച്ച് രസിക്കട്ടേ

    ReplyDelete