ആറാം വയസ്സില്‍ ആണ് ഞാന്‍ ഒരു ചേട്ടന്‍ ആകുന്നത്. അന്ന് ഞാന്‍ അനുഭവിച്ച സന്തോഷം, വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ ഓര്‍ക്കുന്നു. പിന്നെയങ്ങോട്ട് കൃത്യമായ ഇടവേളകളിട്ടു എന്റെ മേമമാര്‍ക്കും മാമനും കുട്ടികള്‍ ആയതോടെ, എനിക്ക് വെറും ചേട്ടനില്‍ നിന്നും വല്യ ചേട്ടന്‍ അഥവാ വല്യേട്ടന്‍ എന്ന സ്ഥാനത്തേക്ക് ഒരു പ്രൊമോഷന്‍ കിട്ടി. അതിന്റെ ഒരു അഹങ്കാരം എനിക്ക് ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ. പക്ഷെ എനിക്ക് താഴെ ഉള്ള ചെറുതുകളെ കൊണ്ടുള്ള ഇമ്മിണി ബാല്യ പെടാപാട് എന്താണെന്നു ഓര്‍ക്കുമ്പോള്‍....
ഇടയ്ക്കു ഓണം വിഷു പൂയം തുടങ്ങിയ അവസരങ്ങളില്‍ എല്ലാവരും വീട്ടില്‍ ഒത്തു കൂടുമ്പോള്‍ ഞാനും എന്റെ കാര്ന്നോന്മാരും പറയുന്ന ഒരു കാര്യം ഉണ്ട്. "ഇവറ്റകള്‍ ഇനി ഇങ്ങോട്ട് കാലു കുത്തരുത്. ഇവിടെ മുഴവന്‍ ചന്ത പോലെ ആക്കി. കുരുത്തം കേട്ടോട്ടങ്ങള്‍". വല്യേട്ടന്‍ എന്ന അധികാരം വച്ച് പിള്ളേരെ നേര്‍വഴിക്കു നടത്താന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ചുട്ട പെടയും, പിച്ചി തൊലി എടുക്കലും തുടങ്ങിയ കലാ പരിപാടികളിലൂടെ അവരെയൊക്കെ നേരെയാക്കാന്‍ എന്റെ എളിയ ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്. എന്റെ അടിയും പിച്ചും ഒക്കെ പിള്ളേര്‍ക്ക് പേടിയാണെങ്കിലും , എന്നെ ഒരു പേടിയും ഇല്ല എന്നത് സത്യം! ഓണവും വിഷുവും വന്നത് പോലെ തിരിച്ചു പോകും. അത് പോലെ ഈ പിള്ളേരും. പിന്നെ വീട്ടില്‍ ആകെ ഒരു മൂകത ആണ്. അമ്മയും അച്ഛനും ഒക്കെ ആകെ സങ്കടം പിടിച്ചു ഇരിക്കുന്നത് കാണാം. "എന്താ അമ്മെ, ആ കുരുത്തം കെട്ട പിള്ളേര്‍ പോയപ്പോള്‍ എന്തൊരു സമാധാനം, അല്ലെ?" എന്ന് ഞാന്‍ ചോദിക്കും. "പോടാ, കുട്ട്യോളൊക്കെ പോയപ്പോള്‍ ഒരു സുഖവും ഇല്ല" എന്ന് പറഞ്ഞു അമ്മ നെടുവീര്‍പ്പെടുന്നത് കാണാം.
എല്ലാവരെയും കൊണ്ട് ചുറ്റിയടിക്കാന്‍ ഇടയ്ക്കു പോകും ഞാന്‍. ഒരിക്കല്‍ അങ്ങനെ ഒരു ചുറ്റിയടി കഴിഞ്ഞു വന്ന എന്നെ കണ്ടു ഒരു കാര്‍ന്നോര്‍ ചോദിച്ചു, "എന്തു പറ്റീടാ? ഒറ്റ ദിവസം കൊണ്ട് ആകെ ക്ഷീണിച്ചല്ലോ ." വീട്ടിലെ ബഹളം മൂക്കുമ്പോള്‍ മേമമാര്‍ പറയും, "ഡാ, ഇവറ്റകളെ കൊണ്ട് എങ്ങോട്ടെങ്കിലും കുറച്ചു നേരത്തേക്ക് ഒന്ന് പോയെ."
****************************** **********
ഞാന്‍ ഒരു സാധാരണ മനുഷ്യന്‍ അല്ലെ? പക്ഷെ അത് എന്റെ ചെറുതുങ്ങള്‍ അങ്ങ് സമ്മതിച്ചു തരില്ലെന്ന് വച്ചാല്‍!!! എന്താ ചെയ്ക? പലരും നമ്മളോട് കോപിക്കാറില്ലേ . ഹോം വര്‍ക്ക് ചെയ്യാത്തതിന് ടീച്ചര്‍ കോപിക്കും, പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിനു വീട്ടുക്കാര്‍ കോപിക്കും. അത് പോലെ പരിപ്പ്, പയര്‍, ഉരുളകിഴങ്ങ് തുടങ്ങിയവ കൂടുതല്‍ കഴിച്ചാല്‍ വായു കോപിക്കും. ഇതൊക്കെ സാധാരണക്കാരനായ എനിക്കും ബാധകമല്ലേ? എന്നാല്‍ ഇതൊന്നും എന്റെ ചെറുതുങ്ങള്‍ സമ്മതിച്ചു തരില്ല എന്ന് വച്ചാല്‍!!!
എന്തിനധികം പറയുന്നു! വല്യേട്ടന്‍ എന്ന സ്ഥാന പേര് ചെറുതായി പരിഷ്കരിച്ചു വളിയേട്ടന്‍ എന്നാക്കി ചാര്‍ത്തി തന്നു!!! വെറുതയല്ല ഇതുങ്ങളെ ഞാന്‍ കുരുത്തം കേട്ടോട്ടങ്ങള്‍ എന്ന് ഇടയ്ക്കു വിളിക്കുന്നത്.
****************************** **********
ഞാന്‍ കുവൈറ്റില്‍ ജോലി ചെയ്യന്ന സമയം. ആദ്യമായി നാട്ടില്‍ വന്നു. കുവൈറ്റ് കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് കാച്ചി കൊണ്ടിരിക്കുന്ന സമയം. കുവൈറ്റില്‍ നമുക്ക് കുഴി കുഴിക്കണമെങ്കില്‍ ഗവര്‍മെന്റില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങണം പോലും. വീട്ടിലെ വേസ്റ്റ് ഒന്നും കുഴിച്ചിടാന്‍ അനുവാദമില്ല. ഇനി അഥവാ അത്യാവശ്യത്തിനു കുഴിക്കണമെങ്കില്‍ ഗവര്‍മെന്റില്‍ വിവരമറിയിച്ചു പോലീസും ഫയര്‍ ഫോര്സും വന്നിട്ടേ കുഴിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ കുഴിയില്‍ നിന്ന് എണ്ണയോ ഗ്യാസോ വന്നാല്‍ കുഴപ്പമാകും. ഈ നിയമം തെറ്റിച്ചാല്‍ പത്ത് വര്ഷം ജയിലില്‍ കിടക്കേണ്ടി വരും. പറഞ്ഞു തീര്‍ന്നതും പിള്ളേര്‍ എല്ലാം കൂടി ഒരു ശബ്ദം ഉണ്ടാക്കി. ശൂ..... ട്ടോ....
"എന്താടാ അത്?" എന്ന് ചോദിച്ചപ്പോള്‍ പറയാ "ചേട്ടാ, ഒരു ഗുണ്ട് കത്തിച്ചു .....ശൂ..... , പിന്നെ അത് പൊട്ടി .....ട്ടോ .... "
ഈ പിള്ളേരെ കൊണ്ട് തോറ്റു. ഒരു നല്ല കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാം എന്ന് തീരുമാനിച്ചു. അവിടത്തെ ജോലിയെ പറ്റിയും ആള്‍ക്കാരുടെ ജീവിതത്തെയും പട്ടി ഒക്കെ പറഞ്ഞു. ഇടയ്ക്കു ഇടയ്ക്കു അവരുടെ ഇടയില്‍ ഗുണ്ടുകള്‍ പൊട്ടുന്നുണ്ടായിരുന്നു. അവിടെയൊക്കെ കാറുകള്‍ നൂറു മുതല്‍ ഇരുന്നൂറു കിലോമീറ്റര്‍ സ്പീഡില്‍ ആണ് പറ പറപ്പിക്കുന്നത് എന്ന് പറഞ്ഞപ്പോഴും പൊട്ടി. ഇത്തവണ ഗുണ്ടല്ല, ഡയനമയ്റ്റ് ആയിരുന്നു. "മണ്ടന്മാരെ, നിങ്ങളുടെ സന്തോഷ കാലവും ഒരിക്കല്‍ തീരും. നിങ്ങളും ഗള്‍ഫില്‍ പോകും. അപ്പോള്‍ കാണാം നേരിട്ട്. അപ്പോഴേക്കും കാലം പുരോഗമിച്ചു കാറുകള്‍ മുന്നൂറു കിലോമീറ്ററില്‍ ആയിരിക്കും പോകുന്നത് എന്ന് പറഞ്ഞു ശാസിച്ചു.
"ചേട്ടാ, എന്നാലും ഇത്രയും വേണ്ടായിരുന്നു" ശ്രീക്കുട്ടിയാണ് പറഞ്ഞത്. "വിശ്വസിക്കാന്‍ പറ്റുന്ന ഒരു സിമ്പിള്‍ കഥ പറയു, പ്ലീസ്..."
"മക്കളെ, ഇത്രയും നേരം പറഞ്ഞത് എല്ലാം സത്യം തന്നെയാ. അടുത്ത തവണ വാസു പാപ്പന്‍ ഷാര്‍ജയില്‍ നിന്ന് വരുമ്പോള്‍ ചോദിച്ചു നോക്ക്."
"എന്റെ അച്ഛന്‍ ഇത് പോലത്തെ ഗുണ്ടുകള്‍ ഒന്നും പോട്ടിക്കാറില്ല ചേട്ടാ, കുറെ കാലമായില്ലേ അച്ഛന്‍ അവിടെ. എന്നിട്ടും ഇങ്ങനെ ഒരു കുഴപ്പവും അച്ഛനെ കൊണ്ട് ഉണ്ടായിട്ടില്ല." മീനുവിന്റെ മറുപടി.
"ചേട്ടാ, ചേട്ടന്റെ അജിത് സാറിന്റെ ഫാമിലി അവിടെ ഉണ്ടോ?" ഹാവൂ, ആദ്യമായി ഇവര്‍ ഒരു നല്ല കാര്യം ചോദിച്ചു.
"ഫാമിലി സ്ഥിരമായി അവിടെ ഇല്ല, പക്ഷെ ഇടയ്ക്കു വന്നു പോകാറുണ്ട്" ഞാന്‍ പറഞ്ഞു. "സാറിന്റെ മോനെ എല്ലാവരും കുട്ടു എന്നാ വിളിക്കുക. നല്ല പേര്, അല്ലെ?"
"ഹായ്, കുട്ടു. നല്ല പേര്. നമുക്ക് അങ്ങനെ ഉള്ള പേര് മതി" പിള്ളേര്‍ക്ക് തീരുമാനം എടുക്കാന്‍ സെക്കണ്ടുകള്‍ വേണ്ടി വന്നില്ല.
ഉടനെ തുടങ്ങി പേരിടല്‍ കര്‍മ്മം. "ജിതുവിനെ നമുക്ക് ജിട്ടു എന്ന് വിളിക്കാം. ആനന്ദുവിനെ അട്ടു എന്ന് വിളിക്കാം. മീനുവിനെ മിട്ടു, ശ്രീക്കുട്ടിയെ സിട്ടു. കൊള്ളാമല്ലേ?"
"കൊള്ളാം, കൊള്ളാം. വളരെ നന്നായിട്ടുണ്ട്." ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തി.
"ഇനി നമ്മള്‍ ചേട്ടനെ എന്തു വിളിക്കും?" എന്റെയുള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. കുരുത്തം കേട്ടോട്ടങ്ങളാ... എന്താണാവോ വിളിക്കാന്‍ പോകുന്നത്?
"രാകേഷ് എന്ന ചേട്ടനെ നമുക്ക് രട്ടു എന്ന് വിളിക്കാം." ഒരു അഭിപ്രായം ഉയര്‍ന്നു വന്നു.
"പക്ഷെ അതിനു ഒരു ഗുമ്മു പോര." മറു അഭിപ്രായവും ഉയര്‍ന്നു. "നമ്മുടെ വല്യേട്ടന്‍ അല്ലെ? നമുക്ക് വട്ടു എന്ന് വിളിക്കാം." അത് ഐക്യ കണ്ടേന സ്വീകരിക്കപ്പെട്ടു.
നോക്കണേ, ഈ പിള്ളേരുടെ ഒരു കാര്യം!
****************************** **************
ഇക്കാലത്തെ പിള്ളേരൊന്നും ശരിയല്ല. കാര്ന്നോന്മാരെയൊന്നും അവര്‍ക്ക് ഒരു വിലയും ഇല്ല. എന്റെയൊക്കെ കുട്ടിക്കാലത്ത് (തെറ്റിദ്ധരിക്കരുത്, എനിക്ക് അധികം പ്രായം ഒന്നും ആയിട്ടില്ല) കാര്‍ന്നോന്മാരെ കാണുമ്പോള്‍ എന്തൊരു വിനയം ആയിരുന്നു! അവരെ കാണുമ്പോള്‍ തന്നെ മുട്ടിടിക്കുമായിരുന്നു. ഇപ്പോഴത്തെ പിള്ളേര്‍ അവരുടെ കുരുത്തക്കേടിന്റെ പാഠങ്ങള്‍ പരീക്ഷിക്കുന്നത് കര്ന്നോന്മാരില്‍ ആണ്.
ബൈ ദ ബൈ, ഞാന്‍ പറഞ്ഞു വരുന്നത് ഞാന്‍ എന്ന കാര്‍ന്നോരെ പറ്റിയാണ്. (ഇപ്പോഴും തെറ്റിദ്ധരിക്കരുത്, എനിക്ക് അധികം പ്രായം ഒന്നും ആയിട്ടില്ല). വല്യേട്ടന്‍ എന്ന് പറഞ്ഞാല്‍ ഒരു വലിയ കാര്‍ന്നോരുടെ പോക്കറ്റ് എഡിഷന്‍ ആണല്ലോ. അപ്പോള്‍ ആ വകുപ്പില്‍ ഞാനും ഒരു കാര്‍ന്നോര്‍ തന്നെ. എന്ന് വച്ച് ഈ വിവരം കെട്ട പിള്ളേര്‍ക്ക് വല്ലതും അറിയാമോ? വല്യേട്ടന്‍ എന്ന ചെറിയ കാര്‍ന്നോരുടെ അടുത്താ കളി.
അങ്ങനെ ഒരിക്കല്‍ കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തിയതാ ശ്രീക്കുട്ടി. അങ്ങനെയങ്ങ് വിട്ടു കൊടുക്കാന്‍ പാടുണ്ടോ? കുട്ടികളെ ചെറുപ്പത്തിലെ തല്ലി വളര്‍ത്തി നേര്‍വഴിക്കു നടത്തേണ്ടത് നമ്മള്‍ കാര്‍ന്നോന്മാരുടെ ഉത്തരവാദിത്തം അല്ലെ. അവളുടെ കയ്യില്‍ പിടി കൂടി പുറകോട്ടു തിരിച്ചു. വേദന കൊണ്ട് അവള്‍ കരയാന്‍ തുടങ്ങി. എന്നിട്ടും ഞാന്‍ വിട്ടില്ല. അവളുടെ കരച്ചിലിന്റെ വോള്യം ആന്‍ഡ് ബാസ് ഒക്കെ കൂടാന്‍ തുടങ്ങി. എന്നിട്ടും ഞാന്‍ പിടി വിട്ടില്ല. പിന്നെ അവള്‍ ഡിപ്ലോമാടിക് അപ്രോച് എടുത്തു.
"ചേട്ടാ, പോന്നു ചേട്ടാ. ഞാന്‍ ചേട്ടന്റെ പാവം അനിയത്തി അല്ലെ ചേട്ടാ, മാപ്പാക്കു ചേട്ടാ. പ്ലീസ്, മാപ്പാക്കു ചേട്ടാ..."
പോന്നനിയത്തിയുടെ സ്നേഹപൂര്‍ണവും, ദയനീയവും ആയ കരച്ചിലിന് മുന്നില്‍ ഒരു പാവം വല്യേട്ടന്റെ മനസ്സലിഞ്ഞു. അവളുടെ മാപ്പപേക്ഷ സ്വീകരിച്ചു. പക്ഷെ ഒരു കണ്ടീഷന്‍. ഇനി ഇത് പോലെ കുറുമ്പ് എന്റെ അടുത്ത് കാണിക്കരുത്.
"മാപ്പാക്കു ചേട്ടാ, ഇനി ഇത് ഞാന്‍ ആവര്‍ത്തിക്കില്ല ചേട്ടാ, പ്ലീസ്" അവള്‍ പിന്നെയും പറഞ്ഞു.
ഞാന്‍ പിടി വിട്ടു. ഒരു വലിയ പൊട്ടിച്ചിരിയോടെയാണ് അവള്‍ പോയത്. ഒരു സുരക്ഷിതമായ അകലത്തില്‍ എത്തിയപ്പോള്‍ എന്നെ നോക്കി പൊട്ടി ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു.
"അയ്യേ, മണ്ടന്‍ ചേട്ടന്‍. ഒന്നും മനസ്സിലായില്ല. ഞാന്‍ ചേട്ടനെ തെറി വിളിച്ചതാ. മാ... പാ... കു... ചേട്ടാ എന്ന്"
എന്നാലും എന്റെ ശ്രീക്കുട്ടീ, ഞാന്‍ ഒരു കൊച്ചു കാര്‍ന്നോര്‍ അല്ലെ! എന്നോട് ഇത് വേണമായിരുന്നോ???
****************************** ************
ശ്രീക്കുട്ടന്‍ ജനിച്ചു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് മേമ എന്നോട് ഒരു അഭിപ്രായം ചോദിച്ചത്. " ചേച്ചിയുടെ പേര് ശ്രീലക്ഷ്മി, അപ്പൊ അനിയനും ശ്രീയില്‍ തുടങ്ങുന്ന നല്ല പേരിടണം, അല്ലെടാ?"
"അതെ" എന്റെയും അഭിപ്രായം അതായിരുന്നു.
"നീ തന്നെ, ശ്രീയില്‍ തുടങ്ങുന്ന ഒരു നല്ല പേര് പറയു"
"ശ്രീ ഹനുമാന്‍!"
"ഫ, അസത്തെ. കാര്യമായിട്ട് ഒരു കാര്യം ചോദിച്ചപ്പോള്‍ അവന്റെ ഒരു വര്‍ത്തമാനം കേട്ടില്ലേ"
"ഹനുമാന്‍ എന്നാല്‍ ആരാ? ചിരഞ്ജീവി."
"ചിരഞ്ജീവി ആയാലും രജനികാന്ത് ആയാലും നമുക്ക് വേണ്ട"
"ഹനുമാന്‍ ശ്രീ രാമന്റെ ഏറ്റവും വലിയ ഭക്തന്‍ ആണ്. അതി ശക്തിമാന്‍, തോല്‍വി അറിയാത്തവന്‍." പക്ഷെ എന്റെ വാദമുഖങ്ങള്‍ ഒന്നും വിലപ്പോയില്ല. ശ്രീ ഹനുമാന്‍ അങ്ങനെ ശ്രീ രാമന്‍ ആയി ജനിച്ചു. അവന്‍ ഞങ്ങളുടെ പുന്നാര ശ്രീക്കുട്ടന്‍ ആയി. എന്റെ ചക്കര ചീക്കുട്ടന്‍.
പക്ഷെ അവനു ഞാന്‍ വിളിച്ച പേര് ഇഷ്ടമായില്ല. ഒരു ചീക്കുട്ടന്‍. ഈ വല്യേട്ടന് എവിടെ നിന്ന് കിട്ടി?
ഒരിക്കല്‍ മേമയുടെ വീട്ടില്‍ പോയതാ ഞാന്‍. അവനെ കണ്ടതും ഞാന്‍ വാത്സല്യത്തോടെ വിളിച്ചു, "എന്റെ പുന്നാര ചീക്കുട്ടാ."
"ചേട്ടാ, മര്യാദക്ക് നാക്ക് വടിച്ചിട്ട് വായോ. ഞാന്‍ ചീക്കുട്ടന്‍ അല്ല, ശ്രീക്കുട്ടന്‍ ആണ്." എല്ലാവരുടെയും മുന്നില്‍ വച്ച് അങ്ങനെ വിളിച്ചത് അവനു ഇഷ്ടമായില്ല.
"നീയൊരു ചീഞ്ഞ കുട്ടന്‍ അല്ലെ. അത് കൊണ്ടല്ലേ ചേട്ടന്‍ നിന്നെ ചീക്കുട്ടന്‍ എന്ന് വിളിക്കുന്നത്" ഞാന്‍ പറഞ്ഞു.
"എന്നാല്‍ വളിയേട്ടന്റെ അര്‍ഥം ഞാന്‍ എല്ലാവര്ക്കും പറഞ്ഞു കൊടുക്കട്ടെ?" ശ്രീക്കുട്ടന്റെ ചോദ്യം...
എന്റെ പോന്നു ചീ അല്ല, ശ്രീക്കുട്ടാ, ചതിക്കല്ലേ. പാവം വല്യേട്ടനെ നീ മലര്‍ത്തിയടിച്ചു കളഞ്ഞല്ലോ.
****************************** ***********
ഇനി അടുത്ത ഊഴം മീനുവിന്റെ ആയിരുന്നു. ഒരു ദിവസം അവള്‍ വന്നു പറഞ്ഞു.
"ചേട്ടാ, വായുവില്‍ തറ എന്ന് എഴുതാമോ?"
ഞാന്‍ എഴുതി.
"ഇനി അത് മായ്ച്ചു കളയു"
ഞാന്‍ മായ്ച്ചു.
ഉടനെ അവള്‍ എന്റെ അമ്മയെ വിളിച്ചു പറഞ്ഞു, "ഷീലമ്മേ ദേ, ചേട്ടന്‍ ഇവിടെ ഇരുന്നു വഴിയില്‍ പോകുന്ന പെണ്ണുങ്ങള്‍ക്ക് റ്റാ റ്റാ കൊടുക്കുന്നു."
ആകെ ചൂടായി എന്നെ വന്നു നോക്കിയ അമ്മയുടെ കണ്ണുകള്‍ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയാ.
****************************** **********
വായിക്കാൻ നല്ല രസമുള്ള ബാല്യകാലയോർമ്മകൾ കേട്ടൊ രാജേഷ്
ReplyDeleteവായിക്കുമ്പോള്‍ പലപ്പോഴും ചിരി പൊട്ടി സുഹൃത്തേ ..താങ്കള്‍ക്ക് നര്‍മ്മത്തിന്റെ മര്‍മ്മം അറിയാം ..
ReplyDeleteആശംസകള്‍