Saturday 20 March 2021

നിർഭയ പ്രതികളെ തൂക്കിലേറ്റിയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു. അവരെ തൂക്കിലേറ്റിയ സമയം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയ ജനതയെ നമ്മൾ കണ്ടു. ഒന്നാലോചിച്ചാൽ സത്യത്തിൽ ആഹ്ലാദിക്കേണ്ട ഒരു അവസരമാണോ ശരിക്കും ഇത്? ആറ് ചെറുപ്പക്കാരുടെ ജീവനാണ് ഒന്നിനുമല്ലാതെ വെറുതെ നഷ്ടമായത്. ഒന്നാമത് നിർഭയ തന്നെ. പിന്നെ കേസിലെ പ്രതികളിൽ ഒരാളായ റാം സിംഗ് - ഇയാൾ വിചാരണയ്ക്കിടെ ജയിലിൽ ആത്മഹത്യ ചെയ്തു. പിന്നെ തൂക്കിലേറ്റപ്പെട്ട നാല് പേർ - മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് താക്കൂർ, പവൻ ഗുപ്ത എന്നിവർ. എന്തിന് വേണ്ടിയാണ് വിലയേറിയ ഈ മനുഷ്യനുകൾ ഇല്ലാതായത്?  മിടുമിടുക്കിയായി പഠിച്ചു ജീവിതത്തിൽ മുന്നേറാൻ കൊതിച്ച ഒരു പെൺകുട്ടി. നല്ല പോലെ ജോലി ചെയ്ത് കുടുംബം പോറ്റാനും നന്നായി ജീവിക്കാനും ആരോഗ്യവും കഴിവും അവസരവും ഉണ്ടായിരുന്ന ചെറുപ്പക്കാർ. എന്നിട്ടും ഈ ദുരന്തം എങ്ങനെ ഉണ്ടായി? നാം ആലോചിക്കണം. ശിക്ഷ നടപ്പാക്കിയതോടെ എല്ലാം അവസാനിച്ചിട്ടില്ല. നിർഭയക്ക് ശേഷം പിന്നെയും പീഡനങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട് ഇവിടെ. ആ പ്രതികൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. മനുഷ്യ ജീവിതത്തിന്റെ മഹത്വവും മാനുഷിക മൂല്യങ്ങളും പറഞ്ഞ് മനസിലാക്കാൻ ആരും ഉണ്ടായില്ല, ലോകത്തെ സ്ത്രീകളെ സ്വന്തം അമ്മയായി കാണാൻ ആരും അവരെ പഠിപ്പിച്ചില്ല. പോരാത്തതിന് അവർക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന ലഹരികളും. ഇതെല്ലാം അവരെ മനുഷ്യനിൽ നിന്നും ചെകുത്താൻ എന്ന പരുവത്തിലേക്ക് മാറ്റിയെടുത്തു. നാളെ നിങ്ങളുടെ കുഞ്ഞുങ്ങളും ഇതേ പോലെ ചെകുത്താന്മാർ ആയേക്കാം. ജയിലിലെ തൂക്കുമരത്തിൽ അവരുടെ ജീവിതം ഒടുങ്ങിയേക്കാം. ഓർക്കുക, മക്കളെ നേർവഴിക്ക് നടത്തുക. പെൺകുട്ടികൾക്ക് ഒരുപാട് ഉപദേശങ്ങൾ നൽകാൻ ശ്രമിക്കുന്ന നമ്മുടെ സമൂഹം ആൺകുട്ടികളെ സൗകര്യപൂർവം മറക്കുന്നു. ജീവിതമാണ് ലഹരി എന്നും അതിനായി മറ്റൊരു ലഹരി ആവശ്യമില്ല എന്നും അവരെ ചെറുപ്രായത്തിൽ തന്നെ ഉപദേശിക്കുക. ദൈവഭയമുള്ളവരായി വളർത്തുക. മറ്റേതൊരു സ്ത്രീയെയും അവരുടെ പ്രായത്തെ നോക്കാതെ അമ്മയായി കാണാൻ പഠിപ്പിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങൾ അങ്ങനെ ചെകുത്താനായി മാറാതെ കാത്ത് കൊള്ളുക. പെൺകുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക. ആണിനും പെണ്ണിനും ഒരേ നിയമവും പരിഗണനയുമാണ് ഈ നാട്ടിൽ ഉള്ളത്. എന്നാൽ ഈ പറഞ്ഞത് ഇപ്പോഴും നിറം മങ്ങാതെ നിയമ പുസ്തകത്തിൽ മാത്രമാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ഇരുട്ട് വീണ വഴികൾ ഇപ്പോഴും നിങ്ങൾക്ക് അപകടമാണ് കാത്ത് വെച്ചിട്ടുള്ളത്. അവകാശങ്ങൾ പറഞ്ഞു ഇറങ്ങുമ്പോൾ ലോകത്തെ യാഥാർഥ്യം മറക്കാതിരിക്കുക. സ്വയരക്ഷ എല്ലാ വിധത്തിലും ശ്രദ്ധിക്കുക. സമൂഹത്തോട് ഒരു വാക്ക്. മാധ്യമങ്ങളോടും ഒരു വാക്ക്. പലപ്പോഴും വികാരത്തള്ളിച്ചയിൽ ഇറങ്ങി തിരിക്കുന്ന സമൂഹവും അതിന് മുൻപിൻ നോക്കാതെ റേറ്റിങ് മാത്രം നോക്കി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളും ശ്രദ്ധിക്കുക. പലപ്പോഴും നിങ്ങളുടെ പ്രവർത്തികൾ സമൂഹത്തിന് കോട്ടമാണ് ഉണ്ടാക്കുന്നത്. പ്രതികളെ തൂക്കിലേറ്റുന്ന ദിവസം പുലർച്ചെ വലിയ ജനക്കൂട്ടമാണ് തീഹാർ ജയിലിന് മുന്നിൽ തടിച്ച് കൂടിയത്. പ്രതികളെ തൂക്കുന്നത് നേരിട്ട് കാണാനുള്ള അവസരമോ മറ്റോ ഒന്നും അവിടെയുണ്ടായിരുന്നില്ല. പിന്നെ എന്തിനായിരുന്നു ഈ കൊറോണ കാലത്ത് ഇങ്ങനെയൊരു ഒത്ത് കൂടൽ? ഇതിനെ മഹത്വവൽക്കരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയായിരുന്നു, "കൊറോണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വക വെയ്ക്കാതെയാണ് ജനങ്ങൾ ഇവിടെ തിങ്ങിക്കൂടിയിരിക്കുന്നത്" എന്ന്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.....!!!!!

2 comments:

  1. നല്ല ചിന്തകൾ.
    ആശംസകൾ

    ReplyDelete
  2. നിർഭയ മറവിലേക്കാണ്ടുപോയി
    ഇപ്പോൾ കോവിഡ് ഭയം മാത്രം ..

    ReplyDelete