Friday, 10 May 2019

ഉയരങ്ങളില്‍ ഉയരെ


സാധാരണയായി അധികം സിനിമകള്‍‍‍‍ കാണുന്ന കൂട്ടത്തിലല്ല ഞാന്‍‍‍. സോഷ്യല്‍ മീഡിയയില്‍ അധികം പ്രവര്‍ത്തനങ്ങളും ഇല്ല. പക്ഷേ ഇത്തവണ ഈ രണ്ട് പതിവും തെറ്റിക്കുകയാണ്. തെറ്റിക്കാതെ വയ്യ എന്ന അവസ്ഥയില്‍ ആയി പോയാല്‍ പിന്നെ എന്ത് ചെയ്യും?

പൊതുവേയുള്ള അഭിപ്രായം കേട്ടതിന് ശേഷമാണ് “ഉയരെ” എന്ന ചിത്രം കണ്ടത്. ഹോ! ഗംഭീരം, മനോഹരം, സൂപ്പര്‍ എന്നൊന്നും പറഞ്ഞാല്‍ പോര, ഇത് ഒരു ഒന്നൊന്നര അടാര്‍ പടം തന്നെ.

സാധാരണ ചിത്രങ്ങളില്‍ അഭിനേതാക്കള്‍ അഭിനയിക്കുമ്പോള്‍ ഈ ചിത്രത്തില്‍ അഭിനേതാക്കളേയില്ല. ഉള്ളത് കുറെ കഥാപാത്രങ്ങള്‍ മാത്രം. പാര്‍വതിയുടെ പ്രകടനം എടുത്തു പറയേണ്ടതാണെങ്കിലും, ഇതില്‍ ഒരാളും മോശമാക്കിയിട്ടില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. തന്‍റെ ഓരോ സൂക്ഷ്മ ചലനങ്ങളും അത്രയും പെര്‍ഫെക്റ്റ് ആയി ചെയ്ത പാര്‍വതിയെ എങ്ങനെ അഭിനന്ദിക്കണം? അല്ലെങ്കിലും ഇതിന് മുന്‍പ് മൊയ്തീനിലും ടേക്ക് ഓഫിലും മറ്റും അത് പണ്ടേ തെളിയച്ചതാണ്. തന്‍റെ വേദനകള്‍ ചിത്രം കാണുന്ന പ്രേക്ഷകരുടെ വേദനയാക്കി മാറ്റുന്ന ആ മാജിക്‌. ഇതെങ്ങനെ സാധിക്കുന്നു? കിടക്കയില് മൂത്രം ഒഴിച്ചു എന്നൊരു മുതിര്‍ന്ന പെണ്‍കുട്ടി പറയുമ്പോള്‍ അത് കേള്‍ക്കുന്നവര്‍ ആരായാലും ചിരിച്ചു പോകും. എന്നാല്‍ ആ കുട്ടിയുടെ അവസ്ഥ വളരെ മോശമായിരിക്കും. ഈ ചിത്രത്തിലും അത്തരം ഒരു രംഗം ഉണ്ട്. താന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചു എന്ന് പല്ലവി എന്ന കഥാപാത്രം പറയുമ്പോള്‍ കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനും ചിരി വരില്ല, മറിച്ച് അവരും അവളുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് പോകുന്നു.

അസിഫ് അലിയോട് ഒരു കാര്യം പറഞ്ഞോട്ടെ. ഒരു ഉപദേശമായി കരുതിയാല് മതി. ഇനി കുറച്ച് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങണ്ട. നിന്നെ കണ്ടാല്‍ മലയാളികള്‍ പഞ്ഞിക്കിടാന്‍ സാധ്യതയുണ്ട്. എങ്ങനെ നിനക്ക് ഇത്ര ക്രൂരന്‍ ആകാന്‍ സാധിച്ചു? ഒരു കൊച്ചു നിഷ്കളങ്കനായ, കൊച്ചു കൊച്ചു തമാശകളും മണ്ടത്തരങ്ങളും ഒപ്പിച്ചു നടന്ന നീ എങ്ങനെ ഗബ്ബര്‍ സിങ്ങിനെക്കാള്‍ വലിയ ക്രൂരനായി? നീ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രം. ഹോ! കിടിലന്‍ എന്നല്ലാതെ വേറൊന്നും പറയാനില്ലെടാ. ഇനിയും മലയാള സിനിമ നിന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഞങ്ങളെ നിരാശരാക്കല്ലെടാ.

വ്യത്യസ്തമായ പ്രമേയം, അവതരണം, ഹോ! ഒരു കൊച്ചു മലയാളം സിനിമയില്‍ ഇങ്ങനെയൊക്കെ കാണിക്കാമോ എന്നത് ഒരു അത്ഭുതമായി തോന്നി. ഈ ചിത്രത്തിന്‍റെ സംവിധായകനും മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകരും അനസീമമായ അഭിനന്ദനം അര്‍ഹിക്കുന്നു. എന്‍റെ കുടുംബത്തിലെ എല്ലാവരോടും ഈ ചിത്രം കാണാന്‍ ഞാന്‍ റെക്കമന്റ് ചെയ്ത് കഴിഞ്ഞു.

വല്ലപ്പോഴും വീണ് കിട്ടുന്ന ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയുടെ മാലയില്‍ കോര്‍ത്ത മുത്തു മണികളാണ്. മലയാള സിനിമയുടെ അഭിമാനങ്ങള്‍!!!