മണിയേ... മണി എത്രയായി എന്ന്‍ ചോദിച്ച് നമ്മളെ ചിരിപ്പിച്ച ഈ അതുല്യ മനുഷ്യന് പക്ഷെ തിരികെ പോകാനുള്ള മണി ഇത്ര വേഗം അടിക്കും എന്ന് ആരും വിചാരിച്ചുകാണില്ല...
അതേ, ഇനിയും അംഗീകരിക്കാന്‍ ആകാത്ത ആ സത്യം... ങ്ങ്യാ ഹ! ഹ!! ഹ!!! എന്ന ആ പൊട്ടിച്ചിരി ഇനി നമ്മുടെ കൂടെ ഇല്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശന്‍ മാത്രം കിട്ടിയിരുന്ന കാലത്ത് ഇറങ്ങിയ ഒരു കോമഡി സീരിയല്‍ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ടൈറ്റിലില്‍ തെളിഞ്ഞ ചില പേരുകള്‍ ഉണ്ട്. അതില്‍ ഒന്ന്‍ എന്ത് കൊണ്ടോ മനസ്സില്‍ ഉടക്കി. ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതുമുഖങ്ങള്‍ എന്ന് പറഞ്ഞ് എഴുതി കാണിച്ച ചില പേരുകളില്‍ ഒന്ന്. "കലാഭവന്‍ മണി".
ആ സീരിയലിന്റെ പേരും കഥയും ഞാന്‍ പക്ഷെ ഓര്‍ക്കുന്നില്ല. എന്നാല്‍ മണിയുടെ ചില പ്രകടനങ്ങള്‍ മറക്കാന്‍ വയ്യ. എന്തൊക്കെയോ ഗുലുമാലുകള്‍ ഒപ്പിച്ച് ഒരു പണക്കാരന്റെ വീട്ടില്‍, പാചകത്തിന്റെ എട്ടും പൊട്ടും തിരിയാത്ത മണി, ഒരു പാചകക്കാരനായി കയറി പറ്റുന്നു. മുതലാളി ഉണ്ടാക്കാന്‍ പറയുന്ന ഭക്ഷണങ്ങള്‍ സൂത്രത്തില്‍ ഹോട്ടലില്‍ നിന്ന് വാങ്ങി കൊണ്ട് വന്ന്‍ മുതലാളിക്ക് വിളമ്പുന്നു. തലയില്‍ നീളന്‍ തൊപ്പിയും, കയ്യില്‍ ചട്ടുകവും പിടിച്ച് കൊണ്ട് ചില പ്രത്യേക മുഖ ഭാവങ്ങള്‍ വിരിയിച്ച് കൊണ്ടുള്ള മണിയുടെ പ്രകടനം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
ചിരി ആയുസ്സ് കൂട്ടും എന്ന്‍ പറയുന്നു. മലയാളികളുടെ ആയുസ്സ് നല്ല പോലെ കൂട്ടി കൊടുത്ത്, ആയുസ്സെത്താതെ മണി പോയല്ലോ എന്ന്‍ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍. കാലം ആ വേദന മായ്കും എന്ന്‍ പ്രതീക്ഷിക്കുന്നു.