Tuesday, 11 August 2015

നമ്മുടെ "സ്വപ്ന മനുഷ്യന്‍" വിട വാങ്ങിയപ്പോള്‍







അന്ന്, 2015 ജൂലൈ 27 വൈകീട്ടാണ് ചെറുതോണിയില്‍ നിന്നും തൃശൂര്‍ക്ക് ഞാന്‍ വണ്ടി കയറിയത്. പോയിട്ട് പിടിപ്പത് ജോലിയുണ്ട്. പാപ്പനും മേമയും കടയില്‍ കാത്തിരിക്കുന്നു. ഞാന്‍ ചെന്നിട്ട് വേണം ബാക്കി കാര്യങ്ങള്‍ എല്ലാം ശരിയാക്കാന്‍. എല്ലാം മനസ്സില്‍ കണക്കു കൂട്ടി ബസില്‍ ഇരിക്കുമ്പോള്‍ ഒന്ന് മയങ്ങാന്‍ പോലും സാധിച്ചില്ല.

അതെ, "നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തത് എന്തോ, അതാണ്‌ സ്വപ്നം" നമ്മുടെ സ്വപ്ന മനുഷ്യന്‍ അബ്ദുല്‍ കലാം പറഞ്ഞത് എത്ര ശരി!!!

തൃശ്ശൂരില്‍ എത്തിയപ്പോള്‍ രാത്രി എട്ടര. വേഗം സെന്‍ട്രല്‍ സര്‍ജിക്കല്‍സിലേക്ക് വിട്ടു. ഹ്രസ്വമായ സംഭാഷണങ്ങള്‍ക്ക് ശേഷം ചില തീരുമാനങ്ങളുമായി തിരിച്ചിറങ്ങിയപ്പോള്‍ സമയം ഒമ്പതര. അപ്പോഴാണ്‌ പാപ്പന് ഒരു ഫോണ്‍ വന്നത്. പാപ്പന്‍ ആകെ ടെന്‍ഷന്‍ അടിച്ച പോലെയുണ്ട്. "മോളെ, വിഷമിക്കണ്ട. സാരമില്ല" എന്നൊക്കെ പറയുന്നുണ്ട്. അത് കേട്ടപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി.

"എന്ത് പറ്റി പാപ്പാ, ശ്രീക്കുട്ടി എന്താ പറഞ്ഞത്?" ഞാന്‍ ചോദിച്ചു. വിഷണ്ണനായി പാപ്പന്‍ പറഞ്ഞു, "നമ്മുടെ അബ്ദുല്‍ കലാം മരിച്ചു."

"എന്ത്!!!" വാര്‍ത്ത‍ വിശ്വസിക്കാനായില്ല. "ശ്രീക്കുട്ടി വിഷമം സഹിക്കാനാവാതെ വിളിച്ചതാ. നീയും ഒന്ന് അവളെ വിളിച്ചു സമാധാനിപ്പിക്കൂ" പാപ്പന്‍ പറഞ്ഞു.

ഞാന്‍ മൊബൈലില്‍ വാര്‍ത്തകള്‍ തിരഞ്ഞു. അതെ, കേട്ട വാര്‍ത്ത‍ ശരിയാണ്. നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, നമ്മുടെ അഭിമാനം വാനോളം എന്നല്ല, അതിനും അപ്പുറം ഉയര്‍ത്തി പിടിച്ച നമ്മുടെ സ്വന്തം പ്രസിഡന്റ്‌ ഇന്ന് നമ്മോടൊപ്പം ഇല്ല.

നീറുന്ന ഹൃദയവുമായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു. അമ്പാടിയുടെ ഗുണ്ടായിസത്തിനു മുന്നില്‍ വീട്ടിലെ എല്ലാവരും കീഴടങ്ങി ടി വി യില്‍ കൊച്ചു ടി വി മാത്രം അരങ്ങു തകര്‍ക്കുമ്പോള്‍ ഈ വാര്‍ത്ത ആരും അറിഞ്ഞിരുന്നില്ല.

ഞാന്‍ ചെന്ന പാടേ പറഞ്ഞു, "അമ്മെ, നമ്മുടെ അബ്ദുല്‍ കലാം മരിച്ചെന്ന്!!" വേഗം ടി വി യുടെ റിമോട്ട് എടുത്ത് വാര്‍ത്താ ചാനല്‍ വച്ചു. തന്‍റെ പ്രിയപ്പെട്ട  കൊച്ചു ടിവി മാറ്റിയതും അമ്പാടിയുടെ ശബ്ദം ഉയര്‍ന്നു. "മിണ്ടാതിരിക്കൂ മോനെ" എല്ലാവരും അവനെ ശാസിച്ചു. വിഷമം സഹിക്കാതെ അവന്‍ മുഖം പൊത്തി തേങ്ങി  കരയാന്‍ തുടങ്ങി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛന്‍ കൈ കുടഞ്ഞ്‌ ഓടി വന്നു ടിവി യിലെ വാര്‍ത്ത‍ ഒരു നെടുവീര്‍പ്പോടെ കണ്ടു. താടിക്ക് കയ്യും കൊടുത്ത് നനഞ്ഞ കണ്ണുകളോടെ അമ്മയും നിന്നു. കുറുമ്പ് കാണിക്കുന്ന നന്ദന കുട്ടിയെ അടക്കി നിര്‍ത്താന്‍ പാട് പെട്ട് കൊണ്ട് എന്‍റെ ഭാര്യയും വിഷണ്ണയായി ആ വാര്‍ത്ത‍ കണ്ട്. വീട്ടിലെ അന്തരീക്ഷം ശോക മൂകമായത് കണ്ട അമ്പാടി എന്തോ പ്രശ്നം മണത്ത് വാശി ഉപേക്ഷിച്ചു.

അവന്‍റെ അടുത്ത് അമ്മ പോയിരുന്നു അവനോടു പറഞ്ഞു, "മോനെ, അതാരാ എന്ന്‍ അറിയാമോ? അതാണ്‌ എ പി ജെ അബ്ദുല്‍ കലാം. അദ്ദേഹമാണ് നമുക്ക് വല്യ വല്യ റോക്കറ്റും മിസൈലും ഒക്കെ ഉണ്ടാക്കി തന്നത്. നല്ലൊരു പ്രസിഡന്റ്‌ ആയിരുന്നു."

"റോക്കറ്റില്‍ കയറി നമുക്ക് ആകാശത്തേക്ക് പോകാം, അല്ലെ അച്ചമ്മേ?" അമ്പാടി ചോദിച്ചു.

"അതെ മോനെ, ഇനി മോന്‍ വലുതാകുമ്പോള്‍ ചിലപ്പോള്‍ നീയായിരിക്കും ഇന്ത്യയില്‍ നിന്നും ചന്ദ്രനിലും ചൊവ്വയിലും ഒക്കെ പോകുന്നത്"

"അപ്പൊ ഞാന്‍ പുതിയ മൊബൈല്‍ വാങ്ങിക്കും. എന്നിട്ട് ആകാശത്ത് നിന്നും നമ്മുടെ വീടിന്‍റെ ഫോട്ടോ എടുക്കും. എന്നിട്ട് വാട്ട്‌സ്ആപ്പില്‍ അയച്ചു തരും"

അങ്ങനെ അബ്ദുല്‍ കലാമിന്‍റെ കഥകള്‍ കേട്ട് അവന്‍ ഉറങ്ങി.

പിറ്റേന്ന് രാവിലെ അമ്പലത്തില്‍ പോകാന്‍ ഞാന്‍ ഒരുങ്ങിയപ്പോള്‍ ചോദിച്ചു, "അമ്പാടി പോരുന്നോടാ?".

"ഇല്ല" പെട്ടെന്ന് തന്നെ മറുപടി വന്നു.

അമ്മ വേഗം വന്നു പറഞ്ഞു, "മോനെ അമ്പലത്തില്‍ പോകൂ. എന്നിട്ട് അബ്ദുല്‍ കലാമിന് വേണ്ടി പ്രാര്‍ത്ഥിക്കൂ."

"അയാള്‍ മരിച്ചില്ലേ അച്ചമ്മേ. ഇനി എന്തിനാ പ്രാര്‍ത്ഥിക്കുന്നേ?" അവന്‍റെ സംശയം ന്യായമാണ്.

"അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകണേ എന്ന് പ്രാര്‍ഥിക്കണം"

"ശരി അച്ചമ്മേ" അമ്പാടി എന്‍റെ കൂടെ അമ്പലത്തിലേക്ക് വന്നു.

ഞങ്ങളുടെ തട്ടകത്തെ അമ്പലമായ വട്ടപ്പിന്നി ഭഗവതി ക്ഷേത്രത്തില്‍ പോയി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.

ചെന്ന പാടേ അമ്പാടി ഉറക്കെ തന്‍റെ പ്രാര്‍ത്ഥന തുടങ്ങി, "ശാമീ... അബുദു കലമിനെ സൊര്‍ഗത്തില്‍ കൊണ്ട് പോണേ...  അച്ഛാ കഴിഞ്ഞു. ഇനി പോകാം..."