വിനയപ്പന്‍.
വിനയപ്പന്‍ ഒരു പ്രാന്തനായിരുന്നു. അഥവാ ഒരു വട്ടന്‍. തലയ്ക്ക് സുഖമില്ലാതെ പാട്ടും പാടി തെറിയും വിളിച്ച് തലയിലും കയ്യിലും നിറയെ പൂക്കളുമായി അലഞ്ഞു നടക്കുന്ന പാവം വിനയപ്പന്‍.
വിനയപ്പന്‍ മിടുക്കനായ ഒരു വിദ്യാര്‍ഥി ആയിരുന്നു എന്നും, ഒരു അപകടത്തില്‍ തലയ്ക്ക് ഏറ്റ ശക്തമായ പ്രഹരമാണ് വിനയപ്പന്‍റെ മനോ നില തെറ്റിച്ചതെന്നും കേട്ടിട്ടുണ്ട്. ആരെ തെറി വിളിച്ചാലും, പാട്ട് പാടിയാലും കുട്ടികളെ വിനയപ്പന് വളരെ ഇഷ്ടമായിരുന്നു. കുട്ടികള്‍ക്ക് തിരിച്ചും. അവര്‍ക്ക് അയാള്‍ പൂക്കള്‍ കൊടുക്കും. അവര്‍ക്ക് വേണ്ടി പൂ പൊട്ടിക്കാന്‍ ഏതു മരത്തിലും മതിലിലും വലിഞ്ഞു കയറുമായിരുന്നു വിനയപ്പന്‍.
എന്‍റെ മോന്‍ അമ്പാടിക്ക് വിനയപ്പന്‍ "പൂവച്ചാച്ഛന്‍" ആയിരുന്നു. വിനയപ്പനെ ഒട്ടൊരു കൌതുകത്തോടെയും ഒരല്‍പം പേടിയോടെയും നോക്കിയിരുന്ന എന്‍റെ ഒക്കത്തിരുന്ന്‍ അമ്പാടി വിനയപ്പനെ പൂവച്ചാച്ഛന്‍ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്നു. അവര്‍ പരസ്പരം പുഞ്ചിരി സമ്മാനിച്ചിരുന്നു. അമ്പാടി മാത്രമല്ല, നാട്ടിലെ കൊച്ചു കുട്ടികളുടെയെല്ലാം പ്രിയങ്കരനായിരുന്നു വിനയപ്പന്‍.
ചികിത്സകളുടെ ഫലമായി വിനയപ്പന്‍റെ വട്ടിനു ഒട്ടൊരു ശമനം ഉണ്ടായി. പിന്നെ ലോട്ടറി കച്ചവടമായിരുന്നു വിനയപ്പന്. ഇടയ്ക്ക് വല്ലപ്പോഴും ഞാനും എടുക്കാറുണ്ട്. ഒന്ന് പോലും അടിച്ചില്ല എന്ന് മാത്രം. ഇടയ്ക്ക് വഴിയില്‍ കാണുമ്പോള്‍ വിനയപ്പന്‍ പറയും, "മോനെ, രണ്ട് ലോട്ടറി മാത്രം ബാക്കി. ഒന്ന്‍ എടുക്കെടാ" പലപ്പോഴും വിനയപ്പന്‍റെ അപേക്ഷയില്‍ ഞാന്‍ ലോട്ടറി എടുത്തിട്ടുണ്ട്.
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ഇടുക്കിയിലെ കടയിലേക്ക് പോകണം. അതോടൊപ്പം ചുറ്റി കറങ്ങാന്‍ ഭാര്യയേയും കുട്ടികളേയും കൂട്ടണം. അതിന് മുന്‍പ് തൃശ്ശൂരില്‍ നിന്നും കുറച്ച് സാധനങ്ങള്‍ വണ്ടിയില്‍ കയറ്റണം. ആകെ തിരക്ക്. രാത്രിയാകും മുന്‍പ് ഇടുക്കിയില്‍ എത്തണം. ഇല്ലെങ്കില്‍ കാട്ടിലൂടെ രാത്രി ഭാര്യയേയും കൊച്ചു കുഞ്ഞുങ്ങളെയും കൂടി വണ്ടി ഓടിക്കേണ്ടി വരും. ആകെ തിരക്ക് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോഴാണ് വിനയപ്പന്‍ വന്നത്.
"മോനെ, രണ്ട് ലോട്ടറി കൂടിയേ ഉള്ളൂ. എടുക്കെടാ" വിനയപ്പന്‍റെ അപേക്ഷ പക്ഷെ ഞാന്‍ നിരസിച്ചു. "എന്‍റെ വിനയപ്പാ, ഇപ്പൊ വേണ്ട. ഞാന്‍ പോയി വന്നിട്ട് എടുക്കാം" ഞാന്‍ ഉറപ്പ് കൊടുത്തു. ഇന്‍ഷുറന്‍സ് എജന്റ്റ്മാരെ പോലെ കഴുത്തില്‍ തൂങ്ങാന്‍ ഒന്നും വിനയപ്പന്‍ നിന്നില്ല. ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഞാന്‍ എന്‍റെ തിരക്കുകളിലേക്ക് മുഴുകി. ഒരല്‍പം വൈകിയാണെങ്കിലും സുരക്ഷിതരായി ഇടുക്കിയില്‍ എത്തി. കടയിലേക്ക് വേണ്ട സാധനങ്ങള്‍ കൊടുത്തു, അടുത്ത രണ്ടു ദിവസങ്ങള്‍ അവിടെ കറങ്ങി അടിച്ചു ഞായറാഴ്ച ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു.
വീടിനടുത്തുള്ള വലിയാലുക്കള്‍ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ എതിരേറ്റത് ഒരു കൊച്ചു ഫ്ലെക്സ് ബോര്‍ഡ് ആയിരുന്നു. "ആദരാഞ്ജലികള്‍ - വിനയപ്പന്‍ (51)" നാട് നീളെ കുട്ടികള്‍ക്ക് പൂക്കള്‍ നല്‍കി പട്ടു പാടി നടന്ന വിനയപ്പന്‍റെ ചിത്രം അതാ കുറെ പൂക്കള്‍ക്ക് നടുവില്‍.
"അല്ലാ, നമ്മുടെ വിനയപ്പന്‍ മരിച്ചോ?" വിശ്വസിക്കാനായില്ല!
വിനയപ്പന്‍ എന്‍റെ ആരായിരുന്നു? ആരുമല്ല. നാട്ടില്‍ തെണ്ടി നടക്കുന്ന വെറും ഒരു പ്രാന്തന്‍. എന്നിട്ടും എന്‍റെയുള്ളില്‍ എന്തിനീ വേദന? അറിയില്ല.
വീട്ടില്‍ എത്തിയതും അച്ഛനോട് ചോദിച്ചു, "വിനയപ്പന് എന്ത് പറ്റി?"
"വട്ടപ്പിന്നി സെന്ററില്‍ ലോട്ടറി വിറ്റ് നടക്കുന്നതിനിടയില്‍ പെട്ടെന്ന്‍ കുഴഞ്ഞ് വീണു. അപ്പൊ തന്നെ മരിച്ചു" അച്ഛന്‍റെ ഉള്ളില്‍ നിന്നും വേദനയോടെ വാക്കുകള്‍ പുറത്ത് വന്നു.
"വിനയപ്പന്‍റെ അമ്മയെ കണ്ടു. പാവം. ഒന്ന് കരഞ്ഞ് പോലുമില്ല. എന്നെ കണ്ടപ്പോള്‍ ചെറുതായി ചിരിച്ചു, എന്നിട്ട് പറഞ്ഞു എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഞാന്‍ മരിക്കുന്നതിന് മുന്‍പ് എന്‍റെ മോന്‍ മരിക്കണേ എന്ന പ്രാര്‍ത്ഥന" അത് പറയുമ്പോള്‍ എന്‍റെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.
"വിനയപ്പനെ യാത്രയാക്കാന്‍ ഒരുപാട് പേര്‍ വന്നിരുന്നു. നമ്മുടെ നാട്ടിലെ മറ്റൊരാളുടെയും ശവടക്കിന് ഇത്രയും ആള്‍ക്കാര്‍ വന്ന് കണ്ടിട്ടില്ല." അതേ! ഞങ്ങളുടെ പ്രാന്തന്‍ വിനയപ്പന്‍ ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു.