സെക്യൂരിറ്റി
സെക്യൂരിറ്റിക്കാരെ പണ്ട് മുതലേ ഒരു ചെറിയ ഭയത്തോടെയായിരുന്നു ഞാന്‍ നോക്കി കണ്ടിരുന്നത്. അവര്‍ പോലീസോ, അല്ലെങ്കില്‍ പോലിസിനെക്കാളും വലിയ എന്തോ എന്നൊക്കെ ഞാന്‍ കരുതി പോന്നിരുന്നു. എന്നിരുന്നാലും അവരുടെ നരച്ച രോമങ്ങളും, കുട വയറും, പ്രായവും ഒക്കെ എന്നില്‍ ചെറിയ സംശയങ്ങള്‍ ഉണര്‍ത്തി വിടാതിരുന്നില്ല.
താന്‍ പാറാവ് നില്ക്കുന്ന സ്ഥാപനത്തിലേക്ക് വരുന്ന കള്ളന്മാരെ വെടി വച്ച് കൊല്ലാന്‍ ഉള്ള അധികാരം അവര്‍ക്ക് ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചു പോന്നിരുന്നു. അഥവാ ആരോ എന്നെ അങ്ങനെ വിശ്വസിപ്പിച്ചു. അവര്‍ക്ക് ആരെ വേണമെങ്കിലും വെടി വച്ച് കൊല്ലാനുള്ള അധികാരം ഉണ്ടെന്നും, ആരും ചോദിക്കില്ല എന്നുമൊക്കെ, ഞാന്‍ വിശ്വസിപ്പിക്കപ്പെട്ടിരുന്നു.
എന്നാല്‍ തോക്കുമായി നില്ക്കുന്ന സെക്യൂരിറ്റിയെ വളരെ അപൂര്‍വമായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാലും മറ്റു സെക്യൂരിറ്റികള്‍ അവരുടെ തോക്ക് വളരെ വിദഗ്ധമായി ഒളിപ്പിച്ചു നില്‍ക്കുകയാണെന്നും, അവശ്യം വരുമ്പോള്‍ പുറത്തെടുത്തു വെടി വയ്ക്കുമെന്നും ഞാന്‍ കരുതി പോന്നു. അമ്മയുടെ കൂടെ ഇടയ്ക്കു ബാങ്ക് ഓഫ് ബറോഡയില്‍ പോകുമ്പോള്‍ വളരെ മര്യാദക്കാരനായി ഞാന്‍ ഇരിക്കുമായിരുന്നു. അവിടെയുള്ള കൊമ്പന് മീശക്കാരന് സെക്യൂരിറ്റിയുടെ കയ്യില്‍ എന്നെക്കാളും നീളമുള്ള ഇരട്ട കുഴല്‍ തോക്ക് ഉണ്ടായിരുന്നു. എന്തെങ്കിലും കള്ള ലക്ഷണം തോന്നിയാല്‍ അയാള്‍ വെടി വച്ചാലോ?
പിന്നീട് കാലം കുറച്ചു ചെന്നപ്പോള്‍ സെക്യൂരിറ്റിക്കാരെ കുറിച്ച് ഏകദേശം മനസിലായി തുടങ്ങി. മറ്റൊരു ജോലിക്കും പോകാന്‍ കഴിയാത്തവരാണ് സെക്യൂരിറ്റി ജോലിക്ക് പോകുന്നത് എന്ന് ഞാന്‍ സ്വയം തിരുത്തി. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു പോരുന്നവര്‍ക്കും മറ്റും ചേക്കേറാന്‍ ഒരിടം. സെക്യൂരിറ്റിക്കാരോടുള്ള ബഹുമാനം പതുക്കെ ഒരു തരം സഹതാപത്തിലേക്ക് വഴി മാറി. സെക്യൂരിറ്റി എന്ന വാക്കിന്റെ അര്‍ത്ഥവും സെക്യൂരിറ്റിക്കാരും തമ്മില്‍ മിക്കവാറും ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു എന്ന് ഞാന്‍ കണ്ടെത്തി.
മുംബൈയിലെ ഹീരാ നന്ദാനിയില്‍ കണ്ട സെക്യൂരിറ്റികളായിരുന്നു സെക്യൂരിറ്റി എന്ന ധാരണ പിന്നെയും മാറ്റിയത്. കറുത്ത പാന്റ്സും, കറുത്ത ഷൂസും, കറുത്ത ടീ ഷര്‍ട്ടും, അതിനു പിന്നില്‍ ഫ്ലുരസന്റ്റ് പച്ച കളറില്‍ സെക്യൂരിറ്റി എന്ന എഴുത്തും, കറുത്ത കണ്ണടയും, കറുത്ത തൊപ്പിയും, കയ്യില്‍ കറുത്ത ബാറ്റനും പിടിച്ചു കറുത്ത ബുള്ളറ്റില്‍ അവര്‍ കറങ്ങി കൊണ്ടിരുന്നു. കൊള്ളാം, സെക്യൂരിറ്റി എന്ന വാക്കിന്റെ അര്‍ഥം തന്നെ ഇവന്മാരില് നിന്ന് ഉണ്ടായതായിരിക്കും!!
അങ്ങനെ പല പല സ്ഥലത്തും പല പല സെക്യൂരിറ്റികളെ ഞാന്‍ കണ്ടു. കണ്ടാല്‍ സഹതാപം തോന്നുന്ന പാവം സെക്യൂരിറ്റികളായിരുന്നു അവരില്‍ മിക്കവാറും.
ഞാന്‍ പാനിപത്ത് പ്രോജെക്ടില്‍ ചേര്‍ന്ന സമയം. അവിടെയും കണ്ടത് പാവം സെക്യൂരിറ്റികളെയായിരുന്നു. അവരില്‍ പലരുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചു. അവര്‍ എനിക്ക് ഫ്രീ ആയി സല്യൂട്ട് തന്നു. അവിടെ കണ്ട രണ്ടു പേര് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖങ്ങളായിരുന്നു. അവരുടെ മുഖം ഓര്‍മ്മയുണ്ടെങ്കിലും, പേര് പക്ഷെ ഞാന്‍ മറന്നു പോയി L
ഞങ്ങള്‍ ഓഫീസിലേക്ക് കയറി വരുമ്പോള്‍ അവിടെ ഒരു തോക്കും പിടിച്ചു ഇരിക്കുന്ന ഒരു പാവം സെക്യൂരിറ്റി. ഞങ്ങളെ എല്ലാവരെയും കാണുമ്പോള്‍ അയാള്‍ സല്യൂട്ട് തരും. സല്യൂട്ട് ചെയ്തു ചെയ്തു അയാളുടെ കൈയ്യുടെ ബലം ചോര്‍ന്നു പോയിരുന്നു. പകല്‍ ഷിഫ്ടിലും രാത്രി ഷിഫ്ടിലും വരുമ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് സല്യൂട്ട് തന്നു കൊണ്ടു അയാള്‍ അവിടെ ഉണ്ടാകും.
ഒരിക്കല്‍ ഞാന്‍ അയാളോട് ചോദിച്ചു. "താങ്കള്‍ ആള് കൊള്ളാമല്ലോ, എപ്പോ നോക്കിയാലും ഇവിടെ തന്നെ കാണുമല്ലോ. ഞാന്‍ വരുന്ന ഷിഫ്ടിലൊക്കെ താങ്കളും ഉണ്ടാകുമല്ലോ"
"ഞാന്‍ മുഴുവന്‍ സമയവും ഇവിടെ തന്നെയാ സര്" അയാള്‍ മറുപടി പറഞ്ഞു.
"അതെന്താ അങ്ങനെ?" അയാള്‍ തമാശ പറയുകയാവും എന്നാ ഞാന്‍ കരുതിയത്.
"കുടുംബം ഒക്കെ അങ്ങ് ദൂരെയാണ്. ഞാന്‍ ഇവിടെ ഒറ്റക്കാണ്. പിന്നെ മുറിയില്‍ പോയിട്ട് എന്ത് ചെയ്യാനാ? ഇതാകുമ്പോള്‍ രണ്ടു ഷിഫ്ടിന്റെ കാശ് കിട്ടും. രാത്രി ഇവിടെ കസേരയില്‍ ഇരുന്നു മയങ്ങും. പിന്നെ ബാത്രൂം സൗകര്യം ഒക്കെ ഓഫീസില്‍ തന്നെ ഉണ്ടല്ലോ."
എനിക്ക് അത് വിശ്വസിക്കാനായില്ല. "ഭക്ഷണം ഒക്കെ എങ്ങനെ?"
"നിങ്ങള്‍ എല്ലാവരും കൊണ്ടു വരുന്നില്ലേ, അതില്‍ നിന്ന് ഒരു പങ്കു എനിക്കും കിട്ടാറുണ്ട്" അയാള്‍ പറഞ്ഞു.
"എന്ന് വച്ചാല്‍? ഞങ്ങള്‍ കഴിച്ചതിന്റെ ബാക്കിയോ?"
"ഹൂം" എന്ന് പാതി ശബ്ദത്തില്‍ അയാള്‍ മൂളി.
എന്റെ മനസ്സില്‍ അത് വല്ലാത്ത ഒരു മുറിപ്പാടായി. എന്റെ കൂടെ ജോലി ചെയ്യുന്നവരോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അവരില്‍ ചിലരൊക്കെ ഇക്കാര്യം മുന്‍പ് അറിഞ്ഞിട്ടുണ്ട്. അവര്‍ ഒരു പ്ലേറ്റില്‍ അയാള്‍ക്കുള്ള ഭക്ഷണം നീക്കി വച്ചിട്ടാണ് കഴിക്കാറുള്ളത് പോലും!
"ഇത് നിങ്ങള്‍ എന്ത് കൊണ്ടു എന്നോട് മുന്‍പേ പറഞ്ഞില്ല? അറിയാതെയാണെങ്കിലും എന്റെ എച്ചില് ഞാന്‍ അയാളെ കൊണ്ടു തീറ്റിച്ചല്ലോ." ഓര്‍ത്തപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി.
എന്തായാലും പിറ്റേ ദിവസം തന്നെ ഇക്കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടു. എല്ലാവരും ഭക്ഷണം കഴിക്കും മുന്‍പ് തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒരു പങ്കു അവര്‍ക്കായി മാറ്റി വച്ച് തുടങ്ങി.
ഇനി രണ്ടാമത്തെ ആള്.
മഞ്ഞു കാലമായിരുന്നു അത്. വടക്കേ ഇന്ത്യയിലെ കുപ്രസിദ്ധമായ മരം കോച്ചുന്ന തണുപ്പ്. പോളി പ്രോപിലീന്‍ പെല്ലെട്സ് ഉണ്ടാക്കുന്ന എക്സ്ട്രൂഡര്‍ എന്ന മെഷീന് കമ്മീഷന് ചെയ്യുന്ന സമയം. നാല് നിലയുള്ള ഒരു വലിയ കെട്ടിടത്തിന്റെ ഉള്ളിലായിരുന്നു അത് സ്ഥാപിച്ചിരുന്നത്. ആദ്യമായി അത് ഓടിച്ചപ്പോള്‍ അതിന്റെ പൈപ്പ് ലൈനുകള്‍ ബ്ലോക്ക് ആയി. ഒടുവില്‍ അത് തുറന്നു ബ്ലോക്ക് നീക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു ഞങ്ങള്‍.
ആ ജോലികള്‍ക്കിടയില്‍ അവിടെ ജോലി നോക്കുന്ന സെക്യൂരിറ്റി ഞങ്ങളുടെ പണികള്‍ വളരെ കൌതുകത്തോടെ നോക്കി നില്‍പ്പുണ്ടായിരുന്നു. രണ്ടു ദിവസമായിട്ടും ഞങ്ങള്‍ എല്ലാവരും കഠിനമായി ശ്രമിച്ചിട്ടും ശ്രമകരമായ ആ പണി പൂര്‍ത്തിയായിരുന്നില്ല.
അങ്ങനെയിരിക്കെ അയാള്‍ എന്റെ അടുത്ത് വന്നു ചോദിച്ചു, "സാര്‍ ഈ ജോലി എപ്പോ തീരും? ഈ മെഷീന് എപ്പോ ഓടിച്ചു തുടങ്ങും?"
"ഉടനെ" എന്നായിരുന്നു എന്റെ മറുപടി.
"ഈ മെഷീന് ഓടുമ്പോള്‍ നല്ല ചൂട് കിട്ടുന്നുണ്ട്. നല്ല സുഖമാ. വേഗം ശരിയാക്കണേ സാര്‍" അയാള്‍ പറഞ്ഞു.
അത് കേട്ട എനിക്ക് ദേഷ്യം വന്നു. കോടികള്‍ ചിലവാക്കി ജപ്പാനില്‍ നിന്ന് കൊണ്ടു വന്നു ഞങ്ങളെല്ലാവരും കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ മെഷീന് അയാള്‍ക്ക് ചൂട് പിടിക്കാനുള്ളതാണത്രെ! എങ്ങനെ ദേഷ്യം വരാതിരിക്കും? പക്ഷെ അയാളെ ശരിക്കും ഒന്ന് നോക്കിയപ്പോള്‍ അയാള്‍ അങ്ങനെ ചിന്തിച്ചതിലും കാര്യമുണ്ട് എന്ന് തോന്നി. തികച്ചും ദൈന്യമായ ഒരു മുഖം. അയാള്‍ ഇട്ടിരിക്കുന്ന പഴയ കീറിപ്പറിഞ്ഞ കമ്പിളി കുപ്പായം അപ്പോഴത്തെ കഠിനമായ തണുപ്പിനു തടയിടാന്‍ പോന്നതായിരുന്നില്ല.
ഞങ്ങളുടെ ശ്രമത്തിനു ഫലം ഉണ്ടായി. മെഷീന് തടസ്സങ്ങളൊന്നും ഇല്ലാതെ ഓടാന്‍ തുടങ്ങി. ഇടയ്ക്കിടെ അത് മോണിട്ടര്‍ ചെയ്യാന്‍ ഞങ്ങള്‍ പോകും. ആ സെക്യൂരിറ്റി അവിടെ ചൂട് പിടിച്ചു ഇരിക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിരുന്നു. ഞങ്ങളെ കാണുമ്പോള്‍ നന്ദി പൂര്‍വ്വം അയാള്‍ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു സല്യൂട്ട് തരുമായിരുന്നു.
ഒരു ദിവസം ഞാന്‍ ഓടിക്കൊണ്ടിരിക്കുന്ന ആ മെഷീന് മോണിട്ടര്‍ ചെയ്യാന്‍ പോയി. അതിനിടയില്‍ ആര്‍ക്കോ ഞാന്‍ മൊബൈലില്‍ വിളിച്ചു സംസാരിക്കുകയും ഉണ്ടായിരുന്നു. ഞാന്‍ മൊബൈലില്‍ സംസാരിക്കുന്നത് നമ്മുടെ സെക്യൂരിറ്റി കണ്ടു. എന്റെ വിളി കഴിഞ്ഞപ്പോള്‍ അയാള്‍ പതുക്കെ അടുത്ത് വന്നു.
"സാര്‍, ഇതില്‍ എന്റെ വീട്ടിലേക്കു വിളിക്കാന്‍ പറ്റുമോ?"
"നിങ്ങളുടെ വീട് എവിടെയാ?"
ഏതോ ഒരു ഗ്രമാമത്തിന്റെ പേര് അയാള്‍ പറഞ്ഞു. "അതെവിടെയാ? ഏതു സംസ്ഥാനത്ത്?" ഞാന്‍ ചോദിച്ചു.
"ബീഹാര്‍" അയാള്‍ പറഞ്ഞു.
"ഇതില്‍ ലോക്കല്‍ മാത്രമേ വിളിക്കാന്‍ പറ്റു" ഞാന്‍ പറഞ്ഞു.
നിരാശ നിറഞ്ഞ മുഖത്തോടെ അയാള്‍ തിരിച്ചു തന്റെ സീറ്റില്‍ പോയിരുന്നു. കുറച്ചു കഴിഞ്ഞു വീണ്ടും എന്റെ അടുത്തേക്ക് വീണ്ടും വന്നു. "സാര്‍ ഇവിടെ അടുത്ത് എന്റെ ഒരു ബന്ധു ഉണ്ട്. അയാളെ വിളിച്ചു ഞാന്‍ വിവരങ്ങള്‍ തിരക്കിക്കോളം. മൊബൈല്‍ ഒന്ന് തരാമോ? അധിക നേരം ഞാന്‍ സംസാരിക്കില്ല" അയാള്‍ ഉറപ്പു തന്നു.
ദൈന്യതയോടെയുള്ള അയാളുടെ അപേക്ഷ കേട്ട എനിക്ക് വിഷമം തോന്നി. ഞാന്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു. "എത്രയാ നമ്പര്‍?" ഞാന്‍ ചോദിച്ചു.
പോക്കറ്റില്‍ മടക്കി വച്ചിരുന്ന ഒരു പേപ്പര്‍ കഷ്ണം അയാള്‍ എടുത്തു നിവര്‍ത്തി. അതില്‍ നിന്ന് നമ്പര്‍ പറഞ്ഞു തന്നു. ആ നമ്പര്‍ ഞാന്‍ ഡയല് ചെയ്തു അയാള്‍ക്ക് ഫോണ്‍ കൈമാറി. കൈമാറുന്നതിനിടയില്‍ അയാളുടെ വിരല്‍ അറിയാതെ ലൗഡ് സ്പീക്കര്‍ ബട്ടണില്‍ അമര്‍ന്നു. ഇപ്പോള്‍ മൊബൈലില്‍ നിന്ന് ശബ്ദം എനിക്ക് നന്നായി കേള്‍ക്കാം.
"ഹലോ" അപ്പുറത്ത് ആള് ഫോണ്‍ എടുത്തു.
"ഹലോ, ഇത് ഞാനാ. എന്റെ വീട്ടില്‍ ഒന്ന് വിളിച്ചു അവിടത്തെ വിശേഷങ്ങള്‍ ഒന്ന് ചോദിക്കാമോ. എന്നിട്ട് ഉടനെ തന്നെ ഈ നമ്പറില്‍ തിരിച്ചു വിളിച്ചു എന്നോട് ഒന്ന് പറയാമോ?"
മറുപടിയായി വന്നത് തെറിയഭിഷേകമായിരുന്നു. " #$%@#$% നിന്റെ വീട്ടിലെ കാര്യങ്ങള്‍ അന്വേഷിക്കലല്ല എനിക്ക് പണി. വേണമെങ്കില്‍ നേരിട്ട് വിളിച്ചു ചോദിക്കെടാ $#%^%$."
അയാളുടെ കണ്ണില്‍ രണ്ടു തുള്ളി കണ്ണീര് പൊടിഞ്ഞു. പക്ഷെ അത് പുറത്തേക്കു ഒഴുകിയില്ല. അയാള്‍ പതുക്കെ മൊബൈല്‍ എന്റെ നേരെ നീട്ടി. "സംസാരിച്ചു, മതി" എന്ന് പറഞ്ഞു.
എനിക്ക് ആകെ വിഷമമായി. "നിങ്ങളുടെ വീട്ടിലെ നമ്പര്‍ എത്രയാ, വിളിച്ചോളൂ" ഞാന്‍ പറഞ്ഞു.
സന്തോഷത്തോടെ അയാള്‍ എന്റെ അടുത്തേക്ക് വന്നു. നമ്പര്‍ പറഞ്ഞു. ഞാന്‍ ഡയല് ചെയ്തു കൊടുത്തു. വാങ്ങുമ്പോള്‍ അയാള്‍ ഉറപ്പു പറഞ്ഞു. "സാര്‍, ഞാന്‍ അധിക നേരം സംസരിക്കില്ലാട്ടോ"
"ഹലോ, അവിടെ എന്താ വിശേഷം? ആര്‍ക്കും അസുഖം ഒന്നും ഇല്ലല്ലോ. ഞാന്‍ ഇവിടെ സുഖമായിരിക്കുന്നു. നമ്മുടെ മോള് എന്ത് പറയുന്നു? എല്ലാവരോടും അന്വേഷണം പറയു....................... മതി മതി. അതൊക്കെ പിന്നെ പറയാം. ഞാന്‍ ഇവിടത്തെ ഒരു സാറിന്റെ ഫോണ്‍ വാങ്ങി വിളിക്കുന്നതാ. അദ്ദേഹത്തിന് കുറെ കാശ് ആകും "
വെറും ഒന്നര മി
നിറ്റ് നീണ്ട സംഭാഷണത്തിന് ശേഷം അയാള്‍ എനിക്ക് ഫോണ്‍ തിരിച്ചു തന്നു.
"വേണമെങ്കില്‍ കുറച്ചു കൂടി സംസാരിച്ചോളൂ" ഞാന്‍ പറഞ്ഞു.
"വേണ്ട സര്, സംസാരിച്ചു. സന്തോഷമായി" അയാള്‍ പറഞ്ഞു.
തിരികെ വരുമ്പോള്‍ എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.
ഒരിക്കല്‍ ഞാന്‍ പേടിയോടെ മാത്രം നോക്കിയിരുന്ന സെക്യൂരിറ്റിക്കാര്‍. ഇപ്പോള്‍ സെക്യൂരിറ്റി എന്ന പച്ചയായ മനുഷ്യനെ അടുത്ത് കാണുന്നു. ദൈന്യത മാത്രം കൈമുതലായുള്ള ഒരു പാവം മനുഷ്യന്. നമ്മുടെ ധാരണകളെല്ലാം മാറ്റി മറിക്കുന്ന തരത്തില്‍ എത്രയോ തരം മനുഷ്യര്‍, നമുക്ക് ചുറ്റും!!!