Sunday, 1 April 2012

ഗംഗാപ്പന്‍


പാപ്പന്‍ എന്ന് ഞങ്ങള്‍ സാധാരണായി വിളിക്കുന്നത്‌ അച്ഛന്റെ അനുജനെയോ, അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവിനെയോ ആണ്. എന്നാല്‍ നെടുപുഴ ഗേറ്റിനടുത്തു മനോജ്‌ ഹോട്ടല്‍ നടത്തി വന്ന ഗംഗന്‍ അഥവാ ഗംഗാധരന്‍ എങ്ങനെയാണ് നാട്ടുക്കാരുടെ മുഴുവന്‍ പാപ്പന്‍ ആയതു എന്ന് എനിക്ക് ഒട്ടും പിടിയില്ല. നാട്ടില്‍ എല്ലാവരും അദ്ദേഹത്തെ ഗംഗാപ്പന്‍ എന്നാണു വിളിക്കാറുള്ളത്. ഞാനും അങ്ങനെ തന്നെ. 

തന്റെ ട്രേഡ് മാര്‍ക്ക് വിക്ക്, ദേഷ്യം വന്നാല്‍ ആരെയും വിക്കോട് കൂടി തെറി വിളിക്കാനും, കഴുത്തിന്‌ പിടിച്ചു പുറത്തേക്കു തള്ളാനും ഗംഗാപ്പന് ഉള്ള കഴിവ് പ്രസിദ്ധമായിരുന്നു. റെയില്‍വേ പണിക്കു വരുന്ന തമിഴന്മാരും എന്‍ജിനീയര്‍മാരും, കൂലിപ്പണിക്കാരും, ഗേറ്റടയില്‍ പെട്ട് പോയ ഡ്രൈവര്‍മാരും ഒക്കെ ഗംഗാപ്പന്റെ കൈപുണ്യം ആവോളം നുകര്‍ന്നവരായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് വന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ ഗംഗാപ്പന്‍ ചായ ആറ്റുന്നത്‌ കണ്ടിട്ട് "2 മീറ്റര്‍ ചായ" എന്ന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നത്‌ ചരിത്രം. ടിന്റു മോനും, സര്‍ദാര്‍ജിയും ഒക്കെ ഗംഗാപ്പന്റെ ഈ കോമഡി അടിച്ചെടുത്തു എസ് എം എസ്സുകളില്‍ വിലസി എന്നത് ചരിത്രക്കാരന്മാര്‍ രേഖപ്പെടുത്താത്ത ചരിത്രം. 

ഞാനും എന്റെ അനിയനും ഗംഗാപ്പന്റെ സ്നേഹ ഭാജനങ്ങള്‍ ആയിരുന്നത് കൊണ്ട് സമൃദ്ധമായി തന്നെ അദ്ദേഹത്തിന്റെ കൈപുണ്യം നുകര്‍ന്നിരുന്നു. നന്നേ കുഞ്ഞായിരുന്നപ്പോള്‍ അനിയന്‍ പടിയുടെ അഴികള്‍ പിടിച്ചു റോട്ടിലെ കാഴ്ചകള്‍ കണ്ടു അങ്ങ് നില്‍ക്കുo. വഴിയില്‍ പോകുന്നവരെയെല്ലാം പേരെടുത്തു അഭിസംബോധന ചെയുമായിരുന്നു അവന്‍. "ശുന്ദര മാമാ, ലാജു മാമാ" എന്നുള്ള അവന്റെ വിളി കേട്ടാല്‍ അങ്ങനെ അങ്ങ് ഇട്ടു പോകാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? അവനെ ഒന്ന് എടുത്തു കളിപ്പിച്ചു മിട്ടായിയും, ബിസ്ക്കറ്റും ഒക്കെ വാങ്ങി കൊടുത്തു അവര്‍ പോകും. അവന്റെ ഈ പ്രവര്‍ത്തി എനിക്ക് വളരെ ഇഷ്ടമായിരുന്നു. കാരണം, എന്തു കിട്ടിയാലും, കിട്ടിയതിന്റെ പകുതി എനിക്ക് വേണ്ടി മാറ്റി വക്കാറുണ്ട് അവന്‍. 

അങ്ങനെ റോട്ടിലെ കാഴ്ചകളും കണ്ടു നില്‍ക്കുമ്പോഴായിരിക്കും ഹോട്ടല്‍ പണിയുടെ തിരക്കില്‍ നിന്ന് ഗംഗാപ്പന്‍ ഇടയ്ക്കു മുറ്റത്ത്‌ പ്രത്യക്ഷപ്പെടുന്നത്. ഉടനെ അവന്‍ വിളിക്കും, "ങാങാപ്പാ..." അവന്റെ വിളി ഗംഗാപ്പന്‍ ഒരിക്കലും അവഗണിക്കാറില്ല. ഉടനെ അകത്തു പോയി ഒരു ബോണ്ടയോ, പഴം പൊരിയോ ഒക്കെ എടുത്തു കൊണ്ട് വന്നു അവനു കൊടുത്തിട്ട് തിരക്കിട്ട് ഹോട്ടലിലേക്ക് ഒരു ഓട്ടം വച്ച് കൊടുക്കും. കിട്ടിയ ബോണ്ടയും പഴം പൊരിയും ഉടന്‍ തന്നെ രണ്ടാക്കി ഭാഗിച്ചു, അവന്റെ പങ്ക് അവന്‍ തിന്നും. മറ്റേ പകുതി എനിക്ക് വേണ്ടി മാറ്റി വക്കും. സ്കൂള്‍ അവധി ദിവസമാണെങ്കില്‍ എനിക്ക് അപ്പോള്‍ തന്നെ കയ്യില്‍ കിട്ടും. ഇല്ലെങ്കില്‍ മറ്റാരുടെയും കണ്ണില്‍ പെടാതെ ചെടി ചട്ടിയുടെ അടിയിലോ, വേലി പൊത്തിലോ, കുഴി കുഴിച്ചു മൂടിയോ അവന്‍ സൂക്ഷിക്കും. ഞാന്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഉടനെ എടുത്തു കയ്യില്‍ തരും. "ചേട്ടാ, വേഗം കഴിച്ചോ" എന്നൊരു ഉപദേശവും കിട്ടും കൂടെ. ഏതെങ്കിലും  പാത്രത്തിന്റെ അടിയില്‍ അതൊക്കെ എടുത്തു വെയ്ക്കാന്‍ പഠിപ്പിക്കാന്‍ ഞാന്‍ അതി കഠിനമായി തന്നെ ശ്രമിക്കേണ്ടി വന്നു. 

ഗംഗാപ്പന്റെ സ്നേഹം അവനോടു മാത്രമായിരുന്നില്ല, എന്നോടും  ഉണ്ടായിരുന്നു. പരീക്ഷ കാലമാകുമ്പോള്‍ ഇറയത്തു ഇരുന്നു പഠിക്കുന്ന എനിക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ ഒരു പൊതിയില്‍ പൊറോട്ടയും ബീഫും ഗംഗാപ്പന്‍ കൊണ്ട് തരുമായിരുന്നു. അത് പക്ഷെ ഞാന്‍ ഒറ്റക്കാണ് കഴിച്ചിരുന്നത്. അനിയന് ഒട്ടും കൊടുത്തിരുന്നില്ല. അവനോടു സ്നേഹക്കുറവുണ്ടായിട്ടൊന്നുമല്ലാട്ടോ . ഗംഗാപ്പന്റെ ബീഫ് കറിയില്‍ എരിവു കുറച്ചു കൂടുതലായതു കൊണ്ടാ. ഗംഗാപ്പന്‍ സ്നേഹപ്പൂര്‍വ്വം എനിക്ക് തന്ന പൊറോട്ടയും ബീഫ് കറിയും കഴിക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണ് നിറയും. ഗംഗാപ്പന്റെ സ്നേഹവായ്പു ഓര്‍ത്തിട്ടൊന്നുമല്ല. ബീഫ് കറിയുടെ എരിവായിരുന്നു കാരണം. വലിയ ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് കഴിക്കാന്‍ പറ്റുകയുള്ളു എന്ന് ഞാന്‍ മനസിലാക്കി. കണ്ണില്‍ നിന്ന് വെള്ളം വരാതെ ബീഫ് കറി കഴിക്കുന്നതാണ് പ്രായപൂര്‍ത്തിയായതിന്റെ തെളിവ് എന്ന് അന്നൊക്കെ ഞാന്‍ വിശ്വസിച്ചു പോന്നു. 

**********************************

2010 ഓണക്കാലം. ഞാന്‍ വീട്ടിലുണ്ട്. അപൂര്‍വ അവസരം. ഓണം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ഞാനും അനിയനും തീരുമാനിച്ചു. കുട്ടിക്കാലം തിരികെ കൊണ്ട് വന്നു. അതി രാവിലെ, കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറുമായി ഞങ്ങള്‍ പൂവ് പൊട്ടിക്കാന്‍ ഇറങ്ങും. വഴിയരികില്‍ നില്‍ക്കുന്ന ചെടികളെയും, മരങ്ങളെയുമൊക്കെ ആക്രമിച്ചു കൊണ്ട് ഞങ്ങള്‍ മുന്നേറി. ഇടയ്ക്കു ചില വീടുകളുടെ മതിലിനു പുറത്തു കയറി അകത്തു നില്‍ക്കുന്ന പൂക്കളും ഞങ്ങള്‍ പറിച്ചു. ഇടയ്ക്കു, 'ആരെടാ' എന്ന വിളി കേള്‍ക്കുമ്പോള്‍ ഇറങ്ങി ഞങ്ങള്‍ ഓടും. പിന്നെ ആ വഴിക്ക് പോകില്ല. 'ഭൌ ഭൌ'  എന്ന് കേട്ടാലും ഇത് തന്നെയായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോഴൊന്നും കുട്ടികള്‍ പൂ പറിക്കാന്‍ നടക്കുന്ന കാഴ്ച നമ്മുടെ നാട്ടില്‍ നിന്ന് മറഞ്ഞു എന്ന് തോന്നുന്നു. തമിഴ് നാട്ടില്‍ നിന്ന് വരുന്ന പൂക്കള്‍ വില കൊടുത്തു വാങ്ങി പൂക്കളം തീര്‍ക്കും. അത്ര തന്നെ. അതില്‍ എന്തു രസം?

അങ്ങനെ നടക്കുമ്പോളാണ് ഞങ്ങള്‍ ഒരു പ്രധാന  കണ്ടു പിടിത്തം നടത്തിയത്. ഗംഗാപ്പന്റെ ഹോട്ടലിന്റെ പിന്നില്‍ ഒരു പൂന്തോട്ടം. നിറയെ കാശി തുമ്പകള്‍ നിറഞ്ഞ ഒരു പൂന്തോട്ടം. അതീവ ശ്രദ്ധയോടെ, ഒട്ടും ശബ്ദം ഉണ്ടാക്കാതെ ആരും അറിയാതെ ഞങ്ങള്‍ ഇഷ്ടം പോലെ പൂക്കള്‍ പറിച്ചു. ഇത് രണ്ടു  മൂന്നു ദിവസങ്ങള്‍ വിജയകരമായി തുടര്‍ന്നു. പിന്നെ ഞങ്ങള്‍ റൂട്ടൊന്നു  മാറ്റി. നെടുപുഴ ഭാഗത്തെക്കാക്കി. അവിടെ നിന്നുള്ള പൂക്കള്‍ ശേഖരിച്ചു പൂക്കളം തീര്‍ത്തു ബാക്കി പൂവുമായി മാമന്റെ വീട്ടില്‍ വന്നു. അവിടത്തെ പൂക്കളം ഞങ്ങളുടെ പൂക്കള്‍ കൂടി ചേര്‍ത്ത് ഒന്ന് അപ് ഗ്രേഡ് ചെയ്തു. അതിനു ശേഷം അമ്മായി വിളമ്പിയ രണ്ടു കുട്ടി പുട്ടും കടലയും കൂട്ടി മത്സരാടിസ്ഥാനത്തില്‍ ഞാനും അനിയനും കൂടി അകത്താക്കുകയായിരുന്നു. അപ്പോഴാണ്‌ പുറത്തൊരു ശബ്ദം. നമ്മുടെ ഗംഗാപ്പന്റെ വിക്ക് നിറഞ്ഞ ശബ്ദം.ഇറയത്തിരിക്കുന്ന ഞങ്ങള്‍ വലിയമ്മ എന്ന് വിളിക്കുന്ന ഞങ്ങളുടെ അമ്മൂമയോട് ഗംഗാപ്പന്‍ ചോദിക്കുന്നു.

"ചേട്ടത്ത്യേ, കുട്ട്യോള് അവടെ പൂ പൊട്ടിക്കാന്‍ വരാറുണ്ടല്ലോ" 

ഇത് കേട്ട ഞങ്ങളുടെ വായ്‌ അറിയാതെ അകത്തിരിക്കുന്ന പുട്ടും കടലയും സഹിതം തുറന്നു അങ്ങിനെ തന്നെ നിന്ന്  പോയി. അതിര്‍ത്തിയില്‍ ഭീകരന്മാര്‍ നുഴഞ്ഞു കയറുന്നതിനേക്കാള്‍ വിദഗ്ദമായി എന്ന് ഞങ്ങള്‍ കരുതിയിരുന്ന ഞങ്ങളുടെ നുഴഞ്ഞു കയറ്റം ഗംഗാപ്പന്‍ കണ്ടു പിടിച്ചിരിക്കുന്നു. ഇനി? തന്റെ ഹോട്ടലില്‍ കുഴപ്പം കാണിക്കുന്നവരെ വിക്കി വിക്കി തെറി വിളിക്കുന്നതും, കഴുത്തിന്‌ പിടിച്ചു തള്ളുന്ന ഒരു ഗംഗാപ്പനെ ഞങ്ങള്‍ എത്രയോ വട്ടം കണ്ടിരിക്കുന്നു. ഒരു ചെറിയ വിറയല്‍ ഞങ്ങളെ ബാധിച്ചു.

"അതിനിപ്പോ എന്താ ഗംഗാ?" വലിയമ്മ ചോദിച്ചു.

"അല്ല, കുട്ട്യോള് ഇന്ന് പൂ പൊട്ടിക്കാന്‍ വന്നു കണ്ടില്ല. നേരം കുറെ ആയല്ലോ. അതാ ചോദിച്ചേ" 

ആ വാക്കുകള്‍ ഞങ്ങളുടെ ഉള്ളില്‍ ഒരു കുളിര്‍ മഴയായി പെയ്തിറങ്ങി. ഗംഗാപ്പന്റെ പണ്ടത്തെ ആ വാത്സല്യം, സ്നേഹം, അതിനു ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ഏതാനും നിമിഷത്തേക്കാണെങ്കിലും ഗംഗാപ്പനെ തെറ്റിദ്ധരിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നി.

"പിള്ളേര് അകത്തുണ്ട് ഗംഗാ, നീ തന്നെ അവരോടു ചോദിച്ചോ" വലിയമ്മ പറഞ്ഞു.

ഞങ്ങള്‍ പുറത്തേക്കു ചെന്നു. 

"എന്താ ഇന്ന് പൂ പൊട്ടിക്കാന്‍ വരാഞ്ഞേ? വായോ, വന്നു ആവശ്യത്തിനു പൊട്ടിച്ചോ" എന്ന് പറഞ്ഞു ഗംഗാപ്പന്‍ തിരിഞ്ഞു നടന്നു...

***********************************

ഭക്ഷണം ഉണ്ടാക്കുന്നതില്‍  മാത്രമല്ല, അത് വിളമ്പുന്നതിനും വേണം ഒരു കൈ പുണ്യം. ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും ഗംഗാപ്പന് നല്ല കൈപുണ്യം ആയിരുന്നു. ഗംഗാപ്പന്റെ വിളമ്പു കൈപുണ്യം ഞാന്‍ ആവോളം നുകര്‍ന്ന ഒരു സംഭവം പറയാം.

ലീന ചേച്ചിയുടെ കല്യാണം. ലീന ചേച്ചി എന്നാല്‍ ഞങ്ങള്‍ക്ക് വെറും ഒരു അയല്‍ക്കാരി മാത്രമല്ലായിരുന്നു. ഞങ്ങളുടെ കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണത്തിനും അതിന്റെ ഒരുക്കങ്ങള്‍ക്കും ഞങ്ങള്‍ ആത്മാര്‍ഥമായി തന്നെ പങ്കു കൊണ്ടു. 

സദ്യക്ക് കോഴി ബിരിയാണി വിളമ്പാന്‍ തുടങ്ങി. ആദ്യത്തെ പന്തിയില്‍ തന്നെ ഞാന്‍ ഇരുന്നില്ല. ബിരിയാണിയുടെ ആ മനോഹര സുഗന്ധം അധിക നേരം സഹിക്കാന്‍ പറ്റാത്തത്  കൊണ്ടു, അടുത്ത പന്തിയില്‍ തന്നെ ഞാന്‍ ഇരുന്നു. എന്റെ ഇലയില്‍ വിളമ്പിയത് നമ്മുടെ സാക്ഷാല്‍ ഗംഗാപ്പന്‍. കൈപുണ്യം നിറഞ്ഞ ആ കൈകള്‍ കൊണ്ടു വിളമ്പിയത് കൊണ്ടാകണം, ബിരിയാണിക്ക് എന്തൊരു സ്വാദ്!!! ഇല കാലിയാകാന്‍ അധിക നേരം വന്നില്ല. അപ്പോഴതാ ബിരിയാണി നിറച്ച പത്രവുമായി ഗംഗാപ്പന്‍ വീണ്ടും വരുന്നു. കുറച്ചു കൂടെ തട്ടട്ടെടാ എന്ന് ചോദിച്ചു ഗംഗാപ്പന്‍ വീണ്ടും ഒരു ചെറിയ ലോഡ് ഇലയില്‍ തട്ടി. 

ഹോ! ഈ ഗംഗാപ്പന്റെ ഒരു കാര്യം! ഇങ്ങനെയുണ്ടോ ഒരു കൈപുണ്യം! ബിരിയാണി കഴിച്ചിട്ട് മതി വരുന്നില്ലല്ലോ. ഇല  കാലിയാകാന്‍ അധിക സമയം വേണ്ടി വന്നില്ല. അപ്പോഴാണ്‌ ബിരിയാണി പാത്രവുമായി ഗംഗാപ്പന്റെ വീണ്ടുമുള്ള വരവ്. "കുറച്ചു കൂടി തട്ടട്ടെടാ?" ഗംഗാപ്പന്‍ ചോദിച്ചു.

"വേണ്ട, മതി" എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഗംഗാപ്പന്‍ കടന്നു പോയി.

അതാ പിന്നാലെ ജോണ്‍സന്‍ ചേട്ടന്‍ ബിരിയാണി പത്രവുമായി വരുന്നു. "ജോണ്‍സേട്ടാ, കുറച്ചു ഇട്ടേ" ഞാന്‍ പറഞ്ഞു.

"പത്രം കാലിയാടാ" എന്ന് പറഞ്ഞു ചേട്ടന്‍ ചുറ്റുമൊന്നു നോക്കി. അതാ മുന്നില്‍ നില്‍ക്കുന്നു നിറഞ്ഞ പാത്രവുമായി നമ്മുടെ ഗംഗാപ്പന്‍.
"ഗംഗാപ്പാ, നമ്മുടെ രകേഷിനു കുറച്ചു ഇട്ടു കൊടുത്തെ" ജോണ്‍സന്‍ ചേട്ടന്‍ വിളിച്ചു പറഞ്ഞു.

"നിന്നോടല്ലേടാ ഞാന്‍ നേരത്തെ ചോദിച്ചത്?" എന്ന് ചോദിച്ചു കൊണ്ടു ഗംഗാപ്പന്‍ വീണ്ടും എന്റെ ഇലയിലേക്ക് ഒരു തട്ട് തട്ടി. 

ഞാന്‍ എന്തു ചെയ്യാനാ, എല്ലാം ഗംഗാപ്പന്റെ കൈപുണ്യത്തിന്റെ കുഴപ്പo. അല്ലാതെ എന്റെ കുറ്റമൊന്നുമല്ല. തല ഉയര്‍ത്താതെ, ഗംഗാപ്പന്റെ മുഖത്ത് നോക്കാതെ അതും ഞാന്‍ അകത്താക്കി.

വീണ്ടും ഇലയിലേക്ക് ഒരു തട്ട് തട്ടാന്‍ ഗംഗാപ്പന്‍ നോക്കിയെങ്കിലും ഞാന്‍ 'വേണ്ട' എന്ന് പറഞ്ഞു.