Sunday, 2 October 2011

വെളുത്ത കര്‍ചീഫ്‌

ഞാന്‍  കാണ്പൂരിനു അടുത്തുള്ള  പാത്ത  എന്ന  സ്ഥലത്ത്  GAIL -ഇല്‍ ജോലി  ചെയ്യുന്ന  സമയം. കുറെ  നല്ല  കൂട്ടുക്കാര്‍  ഉണ്ടായിരുന്നു  അവിടെ. അവിടത്തെ  ഏറ്റവും  പരിമിതമായ  സൌകര്യങ്ങല്‍ക്കിടയിലും  ഏറ്റവും  ആശ്വാസം  ഈ  കൂട്ടുക്കാര്‍  ആയിരുന്നു. പരസ്പരം  സഹായിക്കുന്നതില്‍  മത്സരിക്കുന്ന  കൂട്ടുക്കാര്‍. പെട്രോ  കെമിക്കല്‍  മേഖലയില്‍  എങ്ങനെയെങ്കിലും  പ്രവര്‍ത്തി  പരിചയം  ഒപ്പിച്ചു, അവിടെ  നിന്ന്  ഗള്‍ഫിലേക്കും  മറ്റും  രക്ഷപ്പെടാന്‍  വട്ടം  കൂടിയിരിക്കുന്നവര്‍  ആയിരുന്നു  ഞങ്ങള്‍. തങ്ങള്‍  പഠിച്ച  പുതിയ  പാഠങ്ങള്‍  മറ്റുള്ളവര്‍ക്ക്  ഞങ്ങള്‍  പകര്‍ന്നു  കൊണ്ടിരുന്നു. ഓരോരുത്തരായി  പുതിയ  ജോലി  കിട്ടി  പോകുമ്പോള്‍  ഞങ്ങള്‍  സന്തോഷിക്കും. എന്റെ  നമ്പര്‍  അടുത്ത്  വരുന്നു  എന്നുള്ള  ചിന്ത  മനസ്സില്‍  നിറയും.

ഒഴിവു  സമയങ്ങളില്‍  ഉള്ള  ഏറ്റവും  നല്ല  നേരംപോക്ക്  പാചകവും, വാചകവും  ആയിരുന്നു. പാചകത്തിന്  ഒരു  പാചകക്കാരിയെ  കിട്ടിയതോടു കൂടി  പിന്നെ  വാചകം  മാത്രമായി. ഭൂലോകത്തുള്ള  സകലതിനെയും  കുറിച്ച്  ഞങ്ങള്‍  ചര്‍ച്ച  ചെയ്യുമായിരുന്നു. ഇന്ത്യയിലെ  കൂടുതല്‍  വ്യവസായങ്ങളും  വടക്കന്‍ സംസ്ഥാനങ്ങളില്‍ ആണെങ്കിലും  പുരോഗതിയുടെ  കാര്യത്തില്‍  ഏറ്റവും  പിന്നില്‍  നില്‍ക്കുന്നതും  ഇവരാണ്.  ഒരിക്കല്‍  ഞങ്ങളുടെ  ചര്‍ച്ച  ഇതിനെ  കുറിച്ചായിരുന്നു. ഇതിനുള്ള  പ്രധാന  കാരണം  ഇവിടത്തെ  ജനങ്ങളുടെ  വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ  ആണെന്ന്  ചിലര്‍  പറഞ്ഞു. എന്നാല്‍  ഞാന്‍  പറഞ്ഞു, “നമ്മുടെ  കേരളവും  ഒരു  കാലത്ത്  വിദ്യാഭ്യാസത്തില്‍  പിന്നിലായിരുന്നു. എന്നാല്‍  ഈ  സ്ഥിതിയില്‍  നിന്ന്  മാറണം  എന്ന്  നമ്മള്‍  മലയാളികള്‍  ആഗ്രഹിച്ചു. ഉണ്നാനില്ലെങ്കിലും  നമ്മുടെ  ആളുകള്‍  മക്കളെ  സ്കൂളില്‍  അയച്ചു. അരി  വാങ്ങാതെ  ആ  പണം  മക്കളുടെ  ഫീസ്‌  അടക്കാന്‍  എടുത്തു  അവര്‍  മുണ്ട്  മുറുക്കി  ഉടുത്തു  ഉറങ്ങും. അങ്ങനെയാണ്  നമ്മുടെ  നാട്  പുരോഗമിച്ചത്. എന്നാല്‍  ഇവിടെ  ഉള്ളവര്‍  ഒരു  മാറ്റം  ആഗ്രഹിക്കുന്നില്ല. ഉള്ള  ജീവിതം  എങ്ങനെയെങ്കിലും  തള്ളി  നീക്കണം  എന്ന്  മാത്രമാണുള്ളത്. അത്  കൊണ്ട്  മക്കള്‍ക്ക്‌  നല്ല  വിദ്യാഭ്യാസം  നല്‍കാനും  പുരോഗമിക്കാനും  അവര്‍  മെനക്കെടുന്നില്ല. ഇവരുടെ  അറിവില്ലായ്മയും  നിസ്സഹായാവസ്ഥയും  മുതലെടുക്കാന്‍  കുറെ  തമ്പുരാക്കന്മാരും  ഉണ്ട്  ഇവിടെ. അത്  കൊണ്ടാണ്  കോടിക്കണക്കിനു  വ്യവസായ  നിക്ഷേപം  ഉണ്ടായിട്ടും  ഇവിടെ  പുരോഗതി  ഉണ്ടാകാത്തത്. പുരോഗതി  മുഴുവന്‍  ഏതാനും  ചിലര്‍ക്ക്  മാത്രം.” എന്റെ  അഭിപ്രായം  പൊതുവേ  അംഗീകരിക്കപ്പെട്ടു. പിന്നെയും  ചില  വാദങ്ങളും  കാരണങ്ങളും  ഉയര്‍ന്നു. അങ്ങനെ  ആ  ചര്‍ച്ച  അവസാനിച്ചു.

ഞങ്ങള്‍  താമസിക്കുന്ന  കെട്ടിടത്തിന് അടുത്തു  ഒരു  പെട്ടിക്കട  നടത്തുന്ന  ഒരു  സാധു  മനുഷ്യന്‍  ഉണ്ടായിരുന്നു. അയാളുടെ  പേരെന്താണെന്ന്  എനിക്ക്  അറിയില്ല. ഞാന്‍  ചോദിച്ചിട്ടുമില്ല, അയാള്‍  പറഞ്ഞിട്ടുമില്ല. ചെറിയ ചെറിയ  തുണിത്തരങ്ങള്‍  ആണ്  അയാളുടെ  കടയില്‍  ഉണ്ടായിരുന്നത്. ഒരിക്കല്‍  ഞാന്‍  അയാളുടെ  കടയില്‍  പോയി. സാധനങ്ങള്‍  വാങ്ങാന്‍  ചെന്നാല്‍  നല്ല  പോലെ  വില  പേശിയിട്ടെ വാങ്ങാവൂ  എന്ന  പാഠം  ഞാന്‍  മുംബൈയില്‍  വച്ച്  തന്നെ  പഠിച്ചിരുന്നു. അതും  മനസ്സില്‍  വച്ച്  കൊണ്ടാണ്  ഞാന്‍  അങ്ങോട്ട്‌  കയറി  ചെന്നത്.  വില  ചോദിച്ചു. 20 രൂപ. ഞാന്‍  10 രൂപയ്ക്കു  ചോദിച്ചു. പറ്റില്ലെന്ന്  അയാള്‍. പിന്നെ  വില  പേശല്‍  ആയി  അവിടെ. ഒടുവില്‍  17 രൂപയ്ക്കു  സമ്മതിച്ചു. ക്വാളിറ്റി  ഒട്ടും  പോര. എന്നാലും  തത്കാലത്തേക്ക്  ഇത്  മതി. സിറ്റിയില്‍  പോകുമ്പോഴോ  നാട്ടില്‍  പോകുമ്പോഴോ  നല്ലത്  വാങ്ങാം  എന്ന്  വിചാരിച്ചു.

തിരിച്ചു  മുറിയില്‍  വന്നപ്പോള്‍  കൂട്ടുക്കാര്‍ക്ക്‌  അത്  കാണിച്ചു  കൊടുത്തു. 20 രൂപയുടെ  സാധനം  17 രൂപയ്ക്കു  വാങ്ങി  എന്ന്  ഞാന്‍  അഭിമാനപൂര്‍വം  വീമ്പിളക്കി. അപ്പോള്‍  മനീഷ്  പറഞ്ഞു, “എടാ  ദുഷ്ടാ, നീ  എന്താ  ഈ  കാണിച്ചത്‌? ആ പാവത്തിന്റെ  കയ്യില്‍  നിന്ന്  മൂന്നു  രൂപ  തട്ടി  എടുത്തു  അല്ലെ? ഈ  മൂന്നു  രൂപ  കൊണ്ട്  നീ  എന്ത്  നേടി? എന്നാല്‍  ആ  പാവത്തിനോ, അത്  വലിയ  നഷ്ടമാണ്  ഉണ്ടാക്കിയിരിക്കുന്നത്. ഇവിടത്തെ  പാവങ്ങളെ  ചൂഷണം  ചെയ്യുന്ന  ജന്മിമാരും  നീയും  തമ്മില്‍  എന്ത്  വ്യത്യാസം?” എനിക്ക്  വിഷമം  ആയി.

പിന്നീട്  അയാളുടെ  കടക്കു  മുന്നിലൂടെ  പോകുമ്പോള്‍  എനിക്ക്  അങ്ങോട്ട്‌  നോക്കാന്‍  തോന്നിയില്ല . ഒരു  അപരാധിയെ  പോലെ  തലയും  താഴ്ത്തി  ഞാന്‍  നടന്നു.

ഇടയ്ക്കു  മുഖത്തെ  വിയര്‍പ്പു  തുടക്കാന്‍  ഞാന്‍  കീശയില്‍  ഇപ്പോഴും  വെളുത്ത  കര്‍ചീഫ്‌  കൊണ്ട്  നടക്കുക  പതിവായിരുന്നു. വെളുത്ത  കര്‍ചീഫ്‌  കാലാന്തരത്തില്‍  മഞ്ഞയും  ബ്രൌണും  ഒക്കെ  ആയി  മാറും. കയ്യില്‍  ഉള്ള  ബ്രൌണ്‍ ആയി മാറിയ കര്‍ചീഫ്‌  കളഞ്ഞു  ഒരു  വെളുത്ത  കര്‍ചീഫ്‌  വാങ്ങാന്‍  ഞാന്‍  തീരുമാനിച്ചു. നേരെ  നമ്മുടെ  സാധുവിന്റെ  പെട്ടിക്കടയിലെക്കാന്  പോയത്. വെളുത്ത  കര്‍ചീഫ്‌  ചൂണ്ടി  കാണിച്ചു  ഞാന്‍  ചോദിച്ചു, “എത്രയാ  വില?”

“പതിനഞ്ച്” അയാള്‍  മറുപടി  പറഞ്ഞു. ഞാന്‍ വില പേശാന്‍ നിന്നില്ല. ഞാന്‍  വേഗം  കീശയില്‍  നിന്നും 15 രൂപ  എടുത്തു  അയാള്‍ക്ക്‌  കൊടുത്തു  കര്‍ചീഫ്‌  വാങ്ങി  തിരിച്ചു  പോന്നു.

പിന്നീട്  എന്നും  അയാളുടെ  കടയുടെ  മുന്നില്‍  കൂടി  നടക്കുമ്പോള്‍  ഞാന്‍  അയാളെ  നോക്കി  ഒന്ന്  പുഞ്ചിരിക്കും, അയാള്‍  എന്നെയും  നോക്കി  പുഞ്ചിരിക്കും. ഇങ്ങനെ ദിവസങ്ങള്‍ കുറെ കഴിഞ്ഞു. Reliance -ഇല്‍  എനിക്ക്  ജോലി  കിട്ടി. ഞാന്‍  എല്ലാവരോടും  യാത്ര  പറഞ്ഞു  കൊണ്ടിരിക്കുന്ന  സമയം. അയാളുടെ  കടയിലേക്ക്  ഞാന്‍  കയറി  ചെന്നു.

“ഭയ്യാ, എനിക്ക്  പുതിയ  ജോലി  കിട്ടി. ഞാന്‍  ഇവിടെ   നിന്ന്  പോകുന്നു”

“നിങ്ങള്ക്ക്  നല്ല  ശമ്പളം  കിട്ടുമല്ലേ? നന്നായി, ദൈവം  അനുഗ്രഹിക്കട്ടെ” അയാള്‍  പറഞ്ഞു. “ഇനി  ഇങ്ങോട്ട്  എന്നെങ്കിലും  വരുമോ ”

“മിക്കവാറും  ഇല്ല” ഞാന്‍  പറഞ്ഞു. ഒരു വിട പറച്ചിലിന്റെ വിഷമം ഒന്നും അവിടെ ഉണ്ടായിരുന്നില്ല. 

“പോകുന്നതിനു മുന്‍പ് ഭയ്യയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും വാങ്ങിയിട്ട് പോകാം. എനിക്ക്  ഒരു  വെളുത്ത  കര്‍ചീഫ്‌  വേണം.” ഞാന്‍ പറഞ്ഞു.

അവിടെ  തൂങ്ങി  കിടന്ന  ഒരു  വെളുത്ത  കര്‍ചീഫ്‌  അയാള്‍  എടുത്തു  തന്നു.

“എത്രയാ  വില?” ഞാന്‍ ചോദിച്ചു.

എന്റെ  മുഖത്തു  നോക്കാതെയാണ്‌  അയാള്‍  മറുപടി  പറഞ്ഞത്.

“അഞ്ച്”

No comments:

Post a Comment