Wednesday 28 September 2011

ചില അവധിക്കാല ചിന്തകള്‍.

ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാന്‍ എന്ന് വിചാരിക്കുന്നവരുടെ നാടാണ് നമ്മുടേത്‌. ഞാനും അക്കൂട്ടത്തില്‍ പെടുന്ന ഒരു പാവം മലയാളി ആണ്. ജോലി ലഭിക്കും മുന്‍പ് ലീവിനെ കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യമെങ്കിലും, ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ഞാന്‍ കൂടുതലും ആലോചിക്കുന്നത് ലീവിനെ കുറിച്ച് തന്നെയായിരുന്നു. ഒരിക്കല്‍ ലീവ് കഴിഞ്ഞു വന്നാല്‍ ഉടന്‍ അടുത്ത ലീവ് എന്നാണ് എന്ന് കണക്കു കൂട്ടി നോക്കി ദിവസങ്ങള്‍ എണ്ണി ഇരിക്കും.

എനിക്ക് ആദ്യമായി കിട്ടിയ ജോലി ഒരു പ്രൊഫഷണല്‍ ടൂഷ്യന്‍ സെന്റെറില്‍ അധ്യാപകനയിട്ടയിരുന്നു. ഞാന്‍ പഠിപ്പിച്ചിരുന്ന 'കുട്ടികള്‍' പലരും എന്നെക്കാളും മൂത്തതായിരുന്നു. അവരെ പഠിപ്പിച്ചു പാസ്സാക്കി എടുക്കാന്‍ എനിക്ക് സാധിച്ചു എന്ന് അഭിമാന പൂര്‍വ്വം തന്നെ സ്വയം പുകഴ്ത്തിക്കോട്ടെ. 6 മാസം നീളുന്ന ഒരു സെമെസ്റെര്‍ മാത്രമാണ് അവിടെ ക്ലാസ്സ്‌ എടുത്തതെങ്കിലും ഒരു വര്‍ഷത്തെ മുഴുവന്‍ ലീവുകള്‍ ഞാന്‍ എടുത്തു കഴിഞ്ഞിരുന്നു.

പിന്നെ പോയത് തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലറെക്സില്‍ അപ്പ്രന്റിസ് ട്രെയിനി ആയിട്ടായിരുന്നു. അവിടെ ചെല്ലുമ്പോള്‍ തന്നെ എന്നാണ് വീട്ടിലേക്കു ലീവ് എടുത്തു ചെല്ലുക എന്നായിരുന്നു മനസ്സില്‍. മിനിമം രണ്ടു മണിക്കൂര്‍ ഓവര്‍ ടൈം ചെയ്താല്‍ അതിനു തുല്യമായ അവധി കിട്ടുമായിരുന്നു. അതായത് നാല് ദിവസം രണ്ടു മണിക്കൂര്‍ വച്ച് ഓവര്‍ ടൈം ചെയ്‌താല്‍ ഒരു ദിവസം അവധി എടുക്കാം. എനിക്ക് എന്നും ഓവര്‍ ടൈം ആയിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 35 ദിവസം മാത്രം അനുവദനീയമായ ലീവ് ഉള്ള സ്ഥാനത്തു ഞാന്‍ മൊത്തം എടുത്തത്‌ 60 ദിവസത്തെ ലീവ് ആയിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആണ് എന്റെ ഓവര്‍ ടൈമിന്റെ വ്യാപ്തി മനസിലാകുക!!! എന്നിരുനാലും എനിക്ക് മുന്‍പ് അവിടെ അപ്പ്രന്റിസ് ആയിരുന്നു ബിനുവിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ എനിക്ക് പറ്റിയില്ലല്ലോ എന്ന വിഷമം ബാക്കി കിടക്കുന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ബിനു 65 ലീവുകള്‍ എടുത്തിരുന്നു. ഏറ്റവും രസകരമായ വശം, അവിടെ നിന്ന് പിരിഞ്ഞു പോരുമ്പോഴും എന്റെ അനുവദനീയ ലീവുകള്‍ കുറച്ചു ബാക്കി കിടക്കുന്നുണ്ടായിരുന്നു എന്നതാണ്!!!

അവിടെ നിന്നും പിന്നെ പോയത് മുംബൈയിലേക്കായിരുന്നു. അവിടെയും വ്യതസ്തമായിരുന്നില്ല സ്ഥിതി. അവിടെ ചിലവഴിച്ച ഒന്നര വര്‍ഷത്തിനുള്ളില്‍ നാട്ടില്‍ വന്നു പോയത് 5 തവണ ആയിരുന്നു. അതില്‍ മൂന്നും റിസര്‍വേഷന്‍ ഇല്ലാതെയായിരുന്നു. നാട്ടില്‍ പോകണം എന്ന് തോന്നുക രാവിലെ ആയിരിക്കും. ഉച്ചക്കാണ് നേത്രാവതി എക്സ്പ്രസ്സ്‌. പിന്നെ എന്തു ചെയ്യും!!!  ഒരിക്കല്‍ ഏറ്റെടുത്ത പ്രൊജക്റ്റ്‌ തീര്‍ത്താല്‍ നാട്ടില്‍ പോകാം എന്ന് എന്റെ ബോസ്സ് പറഞ്ഞു. എല്ലാം തീര്‍ത്തു കയ്യില്‍ കൊടുത്തു നേരെ മുറിയില്‍ നിന്ന് ബാഗുമെടുത്ത്‌ നേരെ പനവേല്‍ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി പാഞ്ഞു. അവിടെ നിന്ന് ടിക്കറ്റ്‌ എടുത്തു തീവണ്ടി ലക്ഷ്യമാക്കി ഓടുമ്പോള്‍ ഒന്ന് വീണു. പോക്കറ്റില്‍ നിന്ന് ഒരു അഞ്ചു രൂപ നാണയവും ഒറ്റ രൂപ നാണയവും തെറിച്ചു പോകുന്നത് ഞാന്‍ നിസ്സഹായമായി നോക്കി കണ്ടു. കൂട്ടത്തില്‍ പന്ത്രണ്ടു രൂപ കൊടുത്തു വാങ്ങിയ Reynolds പേനയും. തീവണ്ടിയില്‍ കയറുമ്പോള്‍ അത് നീങ്ങി തുടങ്ങിയിരുന്നു. പെട്ടെന്നുള്ള യാത്ര ആയതു കാരണം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഇനി പറയുന്നില്ല എന്നും വച്ചു. ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. വീട്ടിലേക്കു കയറി ചെന്ന എന്നെ കണ്ടതും അദ്ഭുതവും സന്തോഷവും നിറഞ്ഞ കണ്ണുകളോടെ എന്റെ മാമന്‍ വന്നു എന്നെ കെട്ടിപ്പിടിച്ചു. 

കെമിക്കല്‍ എഞ്ചിനീയര്‍ ആയ ഞാന്‍ സോഫ്റ്റ്‌വെയര്‍ ജോലി നോക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് പെട്ടന്നൊരു നാള്‍ ഞാന്‍ കാണ്‍പൂരിലേക്ക് വണ്ടി കയറി. അവിടെ പാത്ത എന്ന സ്ഥലത്ത് ഭാരത സര്‍ക്കാര്‍ സ്ഥാപനമായ GAIL ഇല്‍ കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍ പെട്രോ കെമിക്കല്‍ പ്ലാന്റിലെ ഓപ്പറേറ്റര്‍ ആയി കയറി. അവിടത്തെ കാര്യമായിരുന്നു രസം. വീട്ടില്‍ പോകണം എന്ന് തോന്നുമ്പോള്‍ കോണ്ട്രാക്ടര്‍ നമ്പറില്‍ വിളിച്ചു ഒന്ന് പറയും. ഞാന്‍ പോകുന്നു എന്ന്. എന്നിട്ട് ഒറ്റ പോക്കാണ്. ഇത് എന്റെ മാത്രം കാര്യമല്ല, അവിടെ ഉള്ള എല്ലാവരും അങ്ങനെ തന്നെ ആയിരുന്നു. ചിലപ്പോള്‍ കോണ്ട്രാക്ടര്‍ കാലു പിടിച്ചു പറയും പോകരുതേ എന്ന്. ഷിഫ്റ്റില്‍ പോകാന്‍ ആള് തികയാത്ത സമയമായിരിക്കും. എന്നാല്‍ ഒരു കനിവും ഞങ്ങളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവില്ല. ഞങ്ങളുടെ ശമ്പളം പകുതി മുക്കാലും കമ്മിഷന്‍ ആയി വിഴുങ്ങുന്ന അയാളെ എങ്ങനെയെങ്കിലും ദ്രോഹിക്കുക എന്നതായിരുന്നു ഞങ്ങളുടെ നയം. ആവശ്യത്തിനു എക്സ്പീരിയന്‍സ് ആയി കഴിയുമ്പോള്‍ അവിടെ നിന്ന് ഒറ്റ മുങ്ങു മുങ്ങുക, എന്നിട്ട് ഗള്‍ഫില്‍ പൊങ്ങുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. എനിക്കാണെങ്കില്‍ ഗള്‍ഫില്‍ തന്നെ പൊങ്ങിയാല്‍ മതിയായിരുന്നു. വല്ല യൂരോപിലോ, അമേരിക്കയിലോ ആണെങ്കില്‍ നാട്ടിലേക്കുള്ള പോക്ക് വരവ് ബുദ്ധിമുട്ടാകും. 

മുങ്ങേണ്ട സമയം ആയപ്പോള്‍ ഞാനും മുങ്ങി. പൊങ്ങിയത് ഗള്‍ഫില്‍ അല്ലായിരുന്നു എന്ന് മാത്രം. റിലയന്‍സ് എന്ന മഹാ സ്ഥാപനത്തില്‍ ആയിരുന്നു. അവിടെ ചെന്ന് ചേര്‍ന്നപ്പോള്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം ഞാന്‍ ജോലി നോക്കുന്ന വിഭാഗത്തില്‍ ഓണ്‍-ഓഫ്‌ എന്ന സമ്പ്രദായം ആയിരുന്നു എന്നതാണ്. എന്ന് വച്ചാല്‍ 28 ദിവസം ജോലി കഴിഞ്ഞാല്‍ 28 ദിവസം അവധി. ഇതില്‍ പരം ഒരു ആനന്ദം കിട്ടാനുണ്ടോ! എന്റെ പരിശീലനം ഏകദേശം 2  മാസം ഉണ്ടായിരുന്നു. അത് കഴിഞ്ഞു 8 ദിവസത്തെ ജോയിനിംഗ് ലീവ് എടുത്തു നാട്ടില്‍ പോയി. പുതിയതായി ജോലിക്ക് ചേര്‍ന്നാല്‍ നാട്ടില്‍ പോയി ആവശ്യമുള്ള സാധനങ്ങള്‍ എടുത്തു കൊണ്ട് വരാന്‍ വേണ്ടി കമ്പനി അനുവദിച്ചു തരുന്ന ലീവ് ആണ് ജോയിനിംഗ് ലീവ്. അത് 3 മാസത്തിനുള്ളില്‍ തന്നെ എടുക്കണം. നാട്ടില്‍ പോയി വന്നപ്പോള്‍ എന്നെ കാത്തിരുന്നത് ഹൃദയ ഭേദകമായ വാര്‍ത്ത ആയിരുന്നു. ഞങ്ങളുടെ ഓണ്‍-ഓഫ്‌ റദ്ദാക്കിയിരിക്കുന്നു. ഉടന്‍ തന്നെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചു പോയാലോ എന്ന് ചിന്തിക്കാതിരുന്നില്ല. പോകാതിരുന്നതിനുള്ള കാരണം നിങ്ങള്ക്ക് ഊഹിക്കാവുന്നതെയുള്ളു. കമ്പനി പക്ഷെ ഒരു സൌജന്യം അനുവദിച്ചു തന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ജോലി ചെയ്താല്‍ പകരം അവധി തരുന്നതാണ്. പിന്നീടുള്ള എല്ലാ ഞായരുകളും ഞാന്‍ തിങ്കള്‍ ആക്കി മാറ്റി. 

റിലയന്‍സില്‍ ജോലി നോക്കുമ്പോള്‍ ആണ് ഗള്‍ഫിലെ ഒരു കമ്പനിയില്‍ നിന്നുള്ള ഓഫര്‍ വരുന്നത്. മോശമില്ലാത്ത ഒരു ഓഫര്‍ ആയിരുന്നു അത്. എന്നാലും വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു മാസം അവധി എന്ന കാര്യം ഓര്‍ത്തപ്പോള്‍ ഒരു വിഷമം ആയിരുന്നു. അങ്ങനെയിരിക്കെ ആണ് Tecnimont എന്ന കമ്പനിയില്‍ നിന്നുള്ള വിളി വരുന്നത്. അവരുടെയും ഓഫര്‍ മോശമല്ലായിരുന്നു. എന്നാല്‍ അവരുടെ ലീവിനെ കുറിച്ച് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളി പോയി. മൂന്ന് മാസം കൂടുമ്പോള്‍ പതിനഞ്ചു ദിവസം അവധി. കൊള്ളാമല്ലോ. ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൊള്ളാം. മൂന്നാമതും ആലോചിച്ചില്ല, സമ്മതം മൂളി. അങ്ങനെ ഞാന്‍ ഒരു ഗള്‍ഫ്‌ക്കാരന്‍ ആയി. CD എന്ന ഒരു excel ഫയല്‍ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നും അത് അപ്ഡേറ്റ് ചെയ്യും. CD എന്നാല്‍ കൌണ്ട് ഡൌണ്‍. ഇനി നാട്ടിലേക്കു പോകാന്‍ എത്ര ദിവസം ഉണ്ട് എന്ന് ഞാന്‍ അതില്‍ നോക്കിയിരിക്കും. 

ഓരോ ലീവുകളും ഓരോരോ അനുഭവങ്ങള്‍ ആയിരുന്നു. ആ ഓര്‍മ്മകള്‍ ഇപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ത്തുന്നു. 

1 comment:

  1. ഓരോ ലീവനുഭങ്ങളും ഒരോ കഥയാക്കു കേട്ടൊ രാകേഷ്,ആയതിലെ പുഞ്ചിരികളെല്ലാം എല്ലാവരുമായി പങ്കുവെക്കൂ...

    ReplyDelete